ചർച്ച് ആക്ടിന്റെ പിന്നിൽ നിക്ഷിപ്ത താത്പര്യങ്ങൾ: മാർ ആലഞ്ചേരി
കൊച്ചി: ചർച്ച് ആക്ടിന്റെ പേരിൽ ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങൾക്കു പിന്നിൽ സമൂഹത്തിൽ മേൽക്കൈ നേടാനായി നിക്ഷിപ്ത താല്പര്യങ്ങളുള്ള ചില ശക്തികളും അവരുടെ സ്വാധീനത്തിൽ പ്രവർത്തിക്കുന്നവരുമാണെന്നു കെസിബിസി പ്രസിഡന്റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഭരണരംഗത്തു നിക്ഷിപ്ത താത്പര്യങ്ങൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്നും കെസിബിസി സമ്മേളനത്തിനു ശേഷം പിഒസിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ ക്രൈസ്തവ സമുദായങ്ങളുടെ സ്വത്തു സംരക്ഷിക്കാനും കൈകാര്യം ചെയ്യാനും പ്രത്യേക നിയമം നിർമിക്കണമെന്നും നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണെന്നും പ്രചരിപ്പിക്കുന്നവർ, ക്രിസ്തീയ സഭകൾക്കോ സർക്കാരിനോ ഇല്ലാത്ത ചില നിക്ഷിപ്ത താല്പര്യങ്ങളുള്ളവരാണ്. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ അവർ നടത്തുന്ന ശ്രമങ്ങൾ സഭയും പൊതുസമൂഹവും തിരിച്ചറിയുന്നുണ്ട്. സഭാവിരുദ്ധ ശക്തികൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. ഇക്കാര്യത്തിൽ വിശ്വാസികൾ ആശങ്കപ്പെടേണ്ടതുമില്ല.
ഭരണരംഗത്തു കക്ഷിരാഷ്ട്രീയ താത്പര്യങ്ങളുടെ പേരിൽ ചില വകുപ്പുകളിൽ നടക്കുന്ന വഴിവിട്ട ഇടപെടലുകളും തെറ്റായ സ്വാധീനങ്ങളും തുടർച്ചയായി വിമർശനവിധേയമായിട്ടും വേണ്ട തിരുത്തലുകൾ വരുത്താൻ ഭരണരംഗത്തുള്ളവർ ശ്രമം നടത്താതിരിക്കുന്നതിൽ പൊതുസമൂഹത്തിനുള്ള ആശങ്കയിൽ കെസിബിസിയും പങ്കുചേരുന്നു. ഭരണകർത്താക്കൾ നിക്ഷിപ്ത താത്പര്യങ്ങളോടെ തങ്ങളുടെ അധികാരവും പദവിയും ദുരുപയോഗിക്കുന്നതായുള്ള ആരോപണങ്ങൾ വർധിച്ചുവരുന്നത് നിർഭാഗ്യകരമാണ്.