ക്രിസ്തുവിന്റെ തിരുമുറിവുകളില്‍ വസിക്കുക
ക്രിസ്ത്വനുകരണം
പുസ്തകം 2 അധ്യായം 1
ആന്തരിക സംഭാഷണം
ദൈവരാജ്യം നിന്നില്‍ തന്നെയാണ്. കര്‍ത്താവ് പറയുന്നു. (ലൂക്ക. 17:21). പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താവിലേയ്ക്ക് തിരിയുക. ഈ നികൃഷ്ടലോകം ഉപേക്ഷിക്കുക, ആന്തരികമായവയ്ക്ക് സ്വയം നല്‍കുക. ദൈവരാജ്യം നിന്നില്‍ വരുന്നത് നീ കാണും. ദൈവരാജ്യം സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ് (റോമ . 14:17). അത് തിന്മ ചെയ്യുന്നവര്‍ക്ക് ലഭിക്കയില്ല. നിന്റെ ഉള്ളില്‍ അവിടുത്തേയ്ക്ക് വാസമൊരുക്കിയാല് ക്രിസ്തു നിന്റെ ആശ്വാസവുമായി വരും. അവിടുത്തെ മഹത്വവും സൗന്ദര്യവും അകമേയാണ്. ഉള്ളാണ് അവിടുന്ന് ഇഷ്ടപ്പെടുന്നത് (സങ്കീ . 44:14) ആന്തരീക മനുഷ്യനെ അവിടുന്ന് പലപ്പോഴും സന്ദര്‍ശിക്കുന്നു, അവനോട് മധുരമായി സംഭാഷിക്കുന്നു, അവനെ ഹൃദ്യമായി ആശ്വസിപ്പിക്കുന്നു. ഏറെ ശാന്തിയും അതിശയകരമായ സൗഹൃദവും നല്കുന്നു.
ക്രിസ്തുവിന് ഉള്ളറ ഒരുക്കുക
വിശ്വസ്തയായ ആത്മാവേ, ഈ മണവാളന് നിന്റെ ഹ്യദയമൊരുക്കുക. അവിടുന്ന് നിന്നില്‍ വന്ന് വസിക്കട്ടെ . അവിടുന്ന് ഇങ്ങനെ പറയുന്നു . ആരെങ്കിലും എന്നെ സ്നേഹിക്കുമെങ്കില്‍ എന്റെ വാക്ക് പാലിക്കും , ഞങ്ങള്‍ അവന്റെ പക്കല്‍ വരും. അവനില്‍ വാസമുറപ്പിക്കും (യോഹ 14:23 ) അതുകൊണ്ട് ക്രിസ്തുവിന് ഇടം നല്‍കുക. വേറെയാരെയും പ്രവേശിപ്പിക്കരുത്. ക്രിസ്തുവുണ്ടെങ്കില്‍ നീ സമ്പന്നനാണ്, നിനക്കത് മതി . അവിടുന്ന് എല്ലാം തരും. എല്ലാ കാര്യവും വിശ്വസ്തതയോടെ ചെയ്യും. മനുഷ്യരെ ആശ്രയിക്കേണ്ടി വരില്ല. മനുഷ്യര്‍ വേഗം മാറുന്നു . അതിവേഗം പരാജയപ്പെടുന്നു. ക്രിസ്തു നിത്യവും നിലനില്ക്കുന്നു. അവസാനം വരെ നമ്മോടൊത്ത് ഉറച്ച് നില്ക്കും ( യോഹ 12: 34)
ക്രിസ്തുവിലല്ലാതെ ശാന്തിയും സമാധാനവും ഉണ്ടാകുകയില്ല
ദുര്‍ബലനും മര്ത്ത്യനുമായ മനുഷ്യന് ഉപകാരപ്രദനാകം, സുഹൃത്തുമാകാം. ചിലപ്പോഴൊക്കെ നിനക്കെതിരായാല് ശത്രുവായാല്‍ വളരെ ദുഃഖിതനാകേണ്ടതുമില്ല . ഇന്ന് നിന്നോടു കൂടെയുള്ളവര്‍ നാളെ നിനക്കെതിരാകാം. നേരെ മറിച്ചുമാകാം. പലപ്പോഴും പ്രഭാതത്തിലെ നിറങ്ങള്‍ പോലെ മാറാം. കാറ്റിന്റെ ചലനം പോലെ മാറാം. നിന്റെ പ്രത്യാശ മുഴുവനും ദൈവത്തിലര്‍പ്പിക്കുക. അവിടുത്തെമാത്രം സ്നേഹിക്കുക . അവിടുന്ന് നിനക്കു വേണ്ടി ഉത്തരം പറയും, നിനക്ക് ഏറ്റവും നല്ലത് ഭംഗിയായി ചെയ്യും . നിനക്കിവിടെ നിലനില്‍ക്കുന്ന നഗരമില്ല (ഹെബ്രാ . 13-14). നീ എവിടെയായിരുന്നാലും പരദേശിയും തീര്‍ത്ഥാടകനുമാണ്. ക്രിസ്തുവിനോട് ഗാഢമായി ഒന്നായാലല്ലാതെ ഒരു വിശ്രമവും ഉണ്ടാകുകയില്ല.
അവിടുത്തെ പീഡാനുഭവത്തില്‍ ആശ്വസിക്കുക. അവിടുത്തെ മുറിവുകളില്‍ വസിക്കുക
നീ എന്തിനാണ് ചുറ്റും നോക്കി നില്‍ക്കുന്നത് ? നിനക്ക് ഇവിടെ വിശ്രമിക്കാനിടമില്ലല്ലോ ? നിന്റെ വാസവുംം ഉന്നതങ്ങളിലാ യിരിക്കണം (2 കൊറി . 5 : 2 ) ഭൗമികമായതെല്ലാം കടന്നുപോകുന്നതായി കാണണം . എല്ലാം കടന്നു പോകുന്നു . അവയോടുകൂടെ നീയും ഒപ്പം പോകുന്നു. അവയെ മുറുകെ പിടിക്കരുത്. വഞ്ചനയില്‍പെട്ട് നശിച്ചുപോകാം. നിന്റെ ചിന്ത അത്യുന്നതങ്ങളിലായിരിക്കട്ടെ . നിന്റെ പ്രാര്‍ത്ഥന ഇടമുറിയാതെ ക്രിസ്തുവിന്റെ നേരെ തിരിക്കുക. ഉന്നതമായ സ്വര്‍ഗ്ഗീയ കാര്യങ്ങള്‍ ചിന്തിക്കാനറിയില്ലെങ്കില്, അവിടുത്തെ പീഡാനുഭവത്തില്‍ വിശ്രമിക്കുക, അവി കുത്തെ തിരുമുറിവുകളില്‍ ഭക്തിയോടെ ഓടിയൊളിച്ചാല്‍ ക്ലേശങ്ങളില്‍ വലിയ ആശ്വാസമുണ്ടാകും. മനുഷ്യരുടെ നിന്ദ നിന്നെ സ്പര്‍ശിക്കുകയില്ല. നിന്നെ അപമാനിക്കുന്നവരുടെ വാക്കുകള്‍ എളുപ്പം ഉള്‍ക്കൊള്ളാം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.