ഒരു ക്രിസ്മസ് പ്രതികാര കഥ
എഴുപതുകളില്‍ കൊച്ചിയിലെ കലൂരും കത്തൃക്കടവും തോടുകളും പഞ്ചാര മണലും പറങ്കി മാവുകളും നിറഞ്ഞൊരു ഗ്രാമം. മുളംകമ്പു കൂട്ടി കെട്ടിയൊരുക്കിയ നക്ഷത്രങ്ങളുടേയും ആകാശ വിളക്കിന്റേയും അസ്ഥിക്കൂടത്തില്‍ ചൈനാ പേപ്പറൊട്ടിച്ച് അതിനുള്ളില്‍ പാട്ട വിളക്കു വച്ച് മരക്കൊമ്പുകളില്‍ തൂക്കി ആകാശ നക്ഷത്രങ്ങളെ വെല്ലുവിളിക്കുന്ന ഡിസംബര്‍ സന്ധ്യകള്‍. അങ്ങനെയൊരു സന്ധ്യയില്‍ വള്ളിക്കളസമിട്ട ജ്ഞാനികളായ മൂന്നു പൂജ രാജാക്കന്മാരും ഹേറോദേസ് ചക്രവര്‍ത്തിയും ജെറമിയാ പ്രവാചകനും കുളക്കടവിലെ പറങ്കി മാവിന്‍ ചോട്ടില്‍ വന്ന് കളസത്തിനു മീതെ തങ്കക്കടലാസ്സൊട്ടിച്ച ഉടയാടകളും കിരീടങ്ങളുമണിഞ്ഞ് ചരിത്രത്തിലേക്കു പ്രവേശിച്ചു. പാലു പോലെ പ്രകാശിക്കുന്ന ഗ്യാസ് ലൈറ്റും അതിനു ചുറ്റും പറക്കുന്ന ആയിരം രാത്രി ശലഭങ്ങളേയും കൊണ്ട് അതിരില്ലാത്ത പ്രതീക്ഷകളുമായി അവര്‍ ആസാദ് റോഡ് മുറിച്ചു കടന്ന് ലക്ഷ്യത്തിലേക്കു യാത്ര തിരിച്ചു. കലൂരുള്ള അരപ്പട്ടിണിക്കാരുടെ ചില്ലറത്തുട്ടുകള്‍ മുഴുവന്‍ തലേ രാത്രി തന്നെ ഈ പുരാണ പുരുഷന്മാര്‍ കൊള്ളയടിച്ചു കഴിഞ്ഞിരുന്നു. ഇനി രണ്ട് ലക്ഷ്യമാണുള്ളത്. ആസാദ് റോഡിന്റെ ഇടനിരത്തുകളില്‍ വമ്പന്‍ വീടുകളില്‍ പാര്‍ക്കുന്ന പുതുപ്പണക്കാര്‍. രണ്ടാമത്തേത് മലയാള ചലച്ചിത്രലോകത്തോളം പോന്ന മോഹന സ്വപ്‌നമായിരുന്നു. ചലച്ചിത്രങ്ങളില്‍ സ്‌നാപകനായും പൈപ്പ് കടിച്ചു പിടിച്ചു വിറപ്പിക്കുന്ന ഭീകരനായും തിളങ്ങി നില്ക്കുന്ന ജോസ് പ്രകാശിന്റെ വീട്. കാറില്‍ മിന്നി മറയുന്ന, ഞങ്ങളുടെ ജീവിതത്തേക്കാള്‍ എത്രയോ വലുപ്പമുള്ള ആ മനുഷ്യനെ നേരാംവണ്ണം ഒന്നു കണ്ടിട്ട് പോലുമില്ല. ആ പന്ത്രണ്ട് വയസ്സുകാരനെ ഒന്നു കണ്ടാല്‍ മതി. അവനില്‍ ഉറങ്ങിക്കിടക്കുന്ന നടനേയും സംവിധായകനേയും അദ്ദേഹം തിരിച്ചറിയുമെന്നും ആ നിമിഷം കൈ നീട്ടി മലയാള സിനിമയിലേക്കു പ്രതിഷ്ഠിക്കുമെന്നും എനിക്കു തീര്‍ച്ചയായിരുന്നു.
നക്ഷത്രത്തിന്റെ ചുവന്ന വെളിച്ചത്തില്‍ നീളന്‍ വരാന്തയിലെ ചൂരല്‍ കസേരയില്‍ ചാരിക്കിടക്കുന്ന ആ മനുഷ്യന്‍ ജോസ് പ്രകാശാണെന്നു ഞങ്ങള്‍ക്കു വിശ്വസിക്കാനേ കഴിഞ്ഞില്ല. കാരണം അന്ന് മലയാള സിനിമാനടന്മാര്‍ മിക്കവാറും തമിഴ്‌നാട്ടില്‍ത്തന്നെ ആയിരുന്നല്ലോ. എന്നിട്ടും അതിശയം പോലെ അദ്ദേഹം അവിടെ ഉണ്ട്. എങ്കില്‍ പിന്നെ ആ സ്വപ്‌നം സംഭവിക്കുക തന്നെ ചെയ്യും. അതിശയങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്ന നിഷ്‌ക്കളങ്കതയുടെ കൊടുമുടിയായിരുന്നു ഞാന്‍. എല്ലാത്തിലുമുപരി രചനയും സംവിധാനവും ഹേറോദേസ് രാജാവും ഞാന്‍ തന്നെ ആയതിനാല്‍ തീര്‍ച്ചയായും ഇതെന്റെ മാത്രം വിഷയവുമാണ്. ജെറമിയാ പ്രവാചകന്‍ വന്നു, പൂജ രാജാക്കന്‍മാര്‍ വന്നു, ഹേറോദേസിന്റെ നോട്ടം ജോസ് പ്രകാശിലാണ്, ഒരു ഭാവ മാറ്റവുമില്ലാത്ത മുഖം. ശകലം ഈര്‍ഷ്യയുമോ എന്ന സംശയം ഇല്ലാതില്ല. പക്ഷെ ഹേറോദേസ് വന്നാല്‍ എല്ലാം തകിടം മറിയുമെന്ന് ഉറപ്പാണ്. ആ നടന വൈഭവം കണ്ട് അദ്ദേഹം വാരി പുണരുമെന്നും സ്വന്തം കിരീടം എന്റെ തലയില്‍ വച്ചു തരുമെന്നും തീര്‍ച്ച. ഈ ക്രിസ്മസ്സിന് അതിശയം സംഭവിച്ചില്ലെങ്കില്‍ പിന്നെ എന്നാണുണ്ടാവുക? ഒടുക്കം അണ്ഡകടാഹത്തെ വിറപ്പിച്ചു കൊണ്ട് ഹേറോദേസും വന്നു. എന്റെ നോട്ടവും പ്രതീക്ഷയും ആരാധന നിറഞ്ഞ ജോസ് പ്രകാശിന്റെ മുഖത്താണ്. പക്ഷെ എന്തോ കുഴപ്പം ഉണ്ടായിട്ടുണ്ട്. ആ മുഖത്തിന് ഒരു മാറ്റവുമില്ലല്ലോ. ഒരു പക്ഷെ അദ്ദേഹത്തിന് അന്തിക്കുരുടു വല്ലതും ബാധിച്ചു കാണും.
പ്രതീക്ഷ വിടാതെ ഞാന്‍ തകര്‍ത്താടി. വളരെ ദയനീയമായ ഭാവത്തില്‍ അദ്ദേഹം എന്നെ നോക്കി, ഒരു ദീര്‍ഘ നിശ്വാസം കഴിച്ചു. എന്നിട്ട് അകത്തേക്കു നോക്കി എന്തോ ആംഗ്യം കാണിച്ചു. വല്ല ചില്ലറേം പെറുക്കി കൊടുത്ത് ഇവന്മാരെ പറഞ്ഞു വിട് എന്നാണ് ഞാന്‍ ആ ഭാവത്തെ വിവര്‍ത്തനം ചെയ്തത്. വേണ്ട ആ കാശു വാങ്ങണ്ട എന്നില്‍ പ്രതികാര ദാഹി ഉണര്‍ന്നു. പക്ഷെ ചുവന്ന വെളിച്ചത്തിന്റെ പിന്നില്‍ നിന്നു നീണ്ടു വന്ന കൈയ്യില്‍ കണ്ട അന്‍പതിന്റെ നോട്ടു കണ്ടു പൂജ രാജാക്കന്മാരും പപ്പാഞ്ഞിയും ചാടി വീണു കഴിഞ്ഞിരുന്നു. എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കാരണം ദാരിദ്ര്യവാസികളായ ഞങ്ങള്‍ക്കതേ വരെ കരോളിന് അത്രയും വലിയ തുക കിട്ടിയിട്ടില്ല, സമ്മതിക്കുന്നു. പക്ഷെ എനിക്കെന്റെ പ്രതികാരം വിടാനൊക്കുമോ. ഒരു കലാകാരന്‍ മറ്റൊരു കലാകാരനോടു ചെയ്യാന്‍ പാടില്ലാത്ത ചെയ്ത്തായി പോയി ഇത്.
ആ വൈരാഗ്യം ഞാന്‍ എഴൂപതുകളില്‍ നിന്ന് തൊണ്ണൂറു വരെ ചുമന്നു കൊണ്ട് നടന്നു. തൊണ്ണൂറ്റി ആറില്‍ മിഖായേലിന്റെ സന്തതികള്‍ എന്ന ടെലിവിഷന്‍ പരമ്പര ചിത്രീകരിക്കുമ്പോള്‍ അതിന്റെ എഴുത്തുകാരനായ എനിക്കൊരവസരം കിട്ടി. അഭിനയം ഏറെക്കുറെ നിര്‍ത്തി സ്വസ്ഥമായി കഴിയുന്ന ജോസ് പ്രകാശാണ് മിഖായേലായി അഭിനയിക്കുന്നത്. മിഖായേല്‍ മരിച്ച് ശവപ്പെട്ടിയില്‍ കിടക്കുന്ന രംഗം ചിത്രീകരിക്കാന്‍ പോകുന്നതിന്റെ തൊട്ടു മുമ്പ് ഞാനദ്ദേഹത്തോടു പറഞ്ഞു. എന്റെ പ്രതികാരമാണിത്. പന്ത്രണ്ടാം വയസ്സിലെ പ്രതികാരം ദാ ഇന്നു വീടുകയാണ്. കഥ മുഴുവന്‍ കേട്ട് അദ്ദേഹം പൊട്ടിച്ചിരിക്കുവാന്‍ തുടങ്ങി. ചിരിച്ചു ചിരിച്ച് കണ്ണുകള്‍ നിറഞ്ഞു. ഞാനും കുറേ ചിരിച്ചു. അതും ഒരു ഡിസംബറായിരുന്നു. ക്രിസ്തുമസ്സിനു തൊട്ടു മുമ്പുള്ള തണുത്തദിവസങ്ങള്‍. അഭിമാനത്തോടെ പലരേയും അദ്ദേഹം പരിചയപ്പെടുത്തി. മിഖായേലിന്റെ അപ്പനാണിത് എന്ന്.