മലയാളത്തിലെ മനോഹരമായ ക്രിസ്മസ് താരാട്ട്‌

അഭിലാഷ് ഫ്രേസര്‍

 

1983ലെ ക്രിസ്മസ് കാലത്ത് ഗന്ധര്‍വഗായകന്‍ കെ ജെ യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണി മ്യൂസിക്ക് നിര്‍മിച്ച സ്‌നേഹപ്രവാഹം എന്ന ക്രിസ്തീയ സംഗീത ആല്‍ബത്തിലേക്ക് പന്ത്രണ്ട് ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ യേശുദാസ് തന്നെ തെരഞ്ഞെടുത്തത് മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയിലെ പുരോഹിതനായ ഫാ. ജസ്റ്റിന്‍ പനക്കലിനെയാണ്. സ്‌നേഹപ്രവാഹത്തിനു മുമ്പേ തരംഗിണി ഇറക്കിയ തളിര്‍മാല്യം എന്ന ആല്‍ബം ശ്രദ്ധേയമായതിന്റെ സന്തോഷത്തിലാണ് യേശുദാസ് പുതിയ ദൗത്യം അന്ന് മംഗലപ്പുഴ സെമിനാരിയില്‍ ദൈവശാസ്ത്രം പഠിപ്പിച്ചു കൊണ്ടിരുന്ന ജസ്റ്റിനച്ചനെ വീണ്ടും ഏല്‍പിക്കുന്നത്.

യേശുദാസുമായുള്ള സൗഹൃദം തുടങ്ങുന്നു
1978ല്‍, റോമില്‍ ഉപരിപഠനം കഴിഞ്ഞെത്തിയ ഫാ. ജസ്റ്റിന് കുവൈറ്റില്‍ നിന്നൊരു ക്ഷണം വന്നു. ജസ്റ്റിനച്ചന്‍ മംഗലപ്പുഴയില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് അവിടെ പ്രഫസറായിരുന്ന സ്‌പെയിന്‍കാരനായ ഫാ. വിക്ടര്‍ അന്ന് കുവൈറ്റിലെ മെത്രാനായിരുന്നു. അദ്ദേഹം കേരളത്തിലെ തന്റെ അനുഭവക്കുറിപ്പുകള്‍ തയ്യാറാക്കുവാന്‍ ജസ്റ്റിനച്ചന്റെ സഹായം അപേക്ഷിച്ചു. കുവൈറ്റിലെത്തിയ ജസ്റ്റിനച്ചന്‍ പുസ്തകമെഴുത്തിന്റെ ഒഴിവുസമയങ്ങളില്‍ മെത്രാന്റെ ആവശ്യപ്രകാരം ചിലയിടങ്ങളില്‍ ധ്യാനങ്ങള്‍ നടത്തിയിരുന്നു. അത്തരം ഒരു സന്ദര്‍ഭത്തില്‍, സംഗീത തല്പരനായിരുന്ന ജസ്റ്റിനച്ചന്‍ യേശുദാസിന്റെയും ലതാ മങ്കേഷ്‌കറുടെയും സ്വരമാധുരിയെ കുറിച്ച് പണ്ഡിതോചിതമായ പരാമര്‍ശങ്ങള്‍ നടത്തി. ശ്രോതാക്കളുടെ ഇടയില്‍ അന്ന് യേശുദാസിന്റെ ടീമിലുണ്ടായിരുന്ന ഒരാളുമുണ്ടായിരുന്നു. അയാളില്‍ നിന്ന് ഇക്കാര്യം ആയിടെ കുവൈറ്റിലെത്തിയ യേശുദാസിന്റെ ചെവിയിലെത്തി. ആചാരപരമായ ചില കാരണങ്ങളാല്‍, യേശുദാസ് ക്രൈസ്തവ സമൂഹത്തില്‍ നിന്നും ഏറെ വിമര്‍ശനം നേരിട്ടിരുന്ന കാലമായിരുന്നു, അത്. ആ സമയത്ത് ഒരു വൈദികന്‍ അദ്ദേഹത്തെ കുറിച്ച് നല്ലത് പറയുന്നു എന്ന കേട്ടത് യേശുദാസിനെ ഏറെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു. കുവൈറ്റിലെ മലയാളി അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം ജസ്റ്റിനച്ചനെ കാണുക മാത്രമല്ല, അദ്ദേഹത്തോടൊപ്പം ആ ചടങ്ങില്‍ ഇരിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. കുവൈറ്റിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗായകന്റെ ഇടത് ഭാഗത്തും ഫാ. ജസ്റ്റിന്‍ വലത് ഭാഗത്തും!

പരിപാടിയുടെ ഇടവേളയില്‍ യേശുദാസ് തന്റെ സ്വകാര്യദുഖങ്ങള്‍ അച്ചനുമായി പങ്കുവച്ചു. അച്ചന്റെ കരുണാമസൃണമായ പെരുമാറ്റം അദ്ദേഹത്തെ ആകര്‍ഷിച്ചു. പിരിയാന്‍ നേരം അച്ചന്‍ ചോദിച്ചു, ഞാന്‍ സംഗീതം ചെയ്താല്‍ യേശുദാസ് പാടുമോ? അച്ചന്‍ എപ്പോള്‍ വിളിച്ചാലും ഞാന്‍ വരാം എന്നായിരുന്നു, അദ്ദേഹത്തിന്റെ മറുപടി. ആ സമയത്ത് മാനസത്തിന്‍ മണിവാതില്‍ തുറന്നു എന്ന് തുടങ്ങുന്ന പാട്ട് മാത്രമേ അച്ചന്‍ സംഗീതം ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. 1982 ല്‍ നാല് പാട്ടുകള്‍ ചേര്‍ത്ത് തളിര്‍മാല്യം എന്ന പേരില്‍ ജസ്റ്റിന്‍ പനക്കലച്ചന്റെ ആദ്യ സംഗീത ആല്‍ബം പുറത്തിറങ്ങി. ഗ്രാമഫോണ്‍ റെക്കോര്‍ഡ് ആയിട്ടാണ് തളിര്‍മാല്യം ആദ്യം പുറത്തെത്തുന്നത്. യേശുദാസ് നേരിട്ടുവന്ന് ട്രാക്കില്ലാതെ പാടുകയായിരുന്നു എന്ന് ഫാ. ജസ്റ്റിന്‍ ഓര്‍ക്കുന്നു. പാട്ടുകള്‍ വളരെ ഇഷ്ടപ്പെട്ട യേശുദാസ് ഉടനെ തരംഗിണിയുടെ ബാനറില്‍ ഓഡിയോ കാസറ്റായി തളിര്‍മാല്യം ഇറക്കി.

അനശ്വരസംഗീതധാരയായ് സ്‌നേഹപ്രവാഹം
തളിര്‍മാല്യത്തിന് ലഭിച്ച വന്‍ ജനപ്രീതി കണ്ട് യേശുദാസ് വീണ്ടും ഒരു പുതിയ ക്രിസ്തീയ ആല്‍ബം ചെയ്യാന്‍ ഫാ. ജസ്റ്റിനെ ക്ഷണിച്ചു. പന്ത്രണ്ട് പാട്ടുകളാണ് യേശുദാസ് ആവശ്യപ്പെട്ടത്. പ്രശസ്തമായ മംഗലപ്പുഴ സെമിനാരിയില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് ചരിത്രപരമായ ആ ദൗത്യം അച്ചന്‍ ഏറ്റെടുക്കുന്നത്.

അമ്മ വഴി ലഭിച്ച സംഗീതപാരമ്പര്യമാണ് തന്റേതെന്ന് ജസ്റ്റിനച്ചന്‍ പറയുന്നു. അമ്മ സംഗീതം പഠിച്ചിരുന്നില്ലെങ്കിലും അമ്മയുടെ രണ്ടു സഹോദരിമാര്‍ സംഗീതാധ്യാപകരായിരുന്നു. ചെറുപ്രായത്തില്‍ അമ്മയില്‍ നിന്നു പാടിക്കേട്ട ഗാനങ്ങളും പിന്നീട് കൊയര്‍ മാസ്റ്ററായുള്ള ഏഴു വര്‍ഷത്തെ അനുഭവങ്ങളും രാവിലെ ആള്‍ ഇന്ത്യ റേഡിയോ പ്രക്ഷേപണം ചെയ്തിരുന്ന ശാസ്ത്രീയ സംഗീത പാഠങ്ങളും മുടങ്ങാതെ കേട്ടു പഠിച്ച അറിവും റോമില്‍ നിന്നും അഭ്യസിച്ച ഗ്രിഗോറിയന്‍ ചാന്റുമായിരുന്നു, സംഗീതം ചെയ്യാനിരിക്കുമ്പോള്‍ ജസ്റ്റിനച്ചന്റെ കൈമുതല്‍.

പുതിയ ആല്‍ബത്തിനുള്ള വരികള്‍ മിക്കതും മംഗലപ്പുഴ സെമിനാരിയിലെ ദൈവശാസ്ത്ര വിദ്യാര്‍ത്ഥികളുടേതായിരുന്നു. അതിനാല്‍ തന്നെ ദൈവശാസ്ത്രപരമായ അടിത്തറയും ഭക്തിയും കൃത്യതയും ഒപ്പം കാവ്യഭംഗിയും തികഞ്ഞവയായിരുന്നു, അവ. വരികള്‍ കിട്ടിയാല്‍ അതും കൊണ്ട് അച്ചന്‍ നേരെ പോകുന്നത് ചാപ്പലിലേക്കാണ്. അവിടെ മുട്ടില്‍ നിന്ന് തന്റെ ഉള്ളിലെ ദൈവസ്‌നേഹം മുഴുവന്‍ അദ്ദേഹം സംഗീതമായി പുറത്തേക്ക് ഒഴുക്കി. അങ്ങനെയാണ് അനശ്വരമായ ഈ ഗാനങ്ങള്‍ പിറന്നത്.

പൈതലാം യേശുവേ കൂടാതെ, കര്‍ത്താവാം യേശുവേ മര്‍ത്യവിമോചകാ, സ്‌നേഹസ്വരൂപാ തവദര്‍ശനം, നായകാ ജീവദായകാ, പുതിയൊരു പുലരി വിടര്‍ന്നു മണ്ണില്‍, ദൈവം പിറക്കുന്നു മനുജനായ് ബത്‌ലെഹേമില്‍, യേശുവെന്റെ പ്രാണനാഥന്‍, ഈശോ എന്‍ ജീവാധനായകന്‍, ദൈവം നിരുപമ സ്‌നേഹം, എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍, മഞ്ഞു പൊതിയുന്ന മാമരം കോച്ചുന്ന, ജീവിതഗര്‍ത്തത്തില്‍ അലയും എന്‍ മനം എന്നിവയായിരുന്നു, സ്‌നേഹപ്രവാഹത്തിലെ ഗാനങ്ങള്‍.

അന്നൊക്കെ ക്രിസ്തീയ ഗാനങ്ങള്‍ പുറത്തിറക്കാന്‍ ഏറ്റവും നല്ല സമയം ക്രിസ്മസ് കാലമാണെന്ന് ധരിച്ചിരുന്നിതിനാല്‍ നാല് ക്രിസ്മസ് ഗാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് സ്‌നേഹപ്രവാഹം ഒരുക്കിയത്.

സ്‌നേഹപ്രവാഹം കേരളം ഇരു കൈകളും നീട്ടി സ്വീകരിച്ചു. മഞ്ഞുമാനുകള്‍ വലിക്കുന്ന വണ്ടിയില്‍ സാന്താക്ലോസ് വരുന്ന ആകര്‍ഷകമായ കവര്‍ചിത്രത്തോടെ എത്തിയ ആദ്യ കാസെറ്റ് ആയിരക്കണക്കിനും പിന്നീട് ലക്ഷക്കണക്കിനും കോപ്പികള്‍ വിറ്റു പോയി. കാസെറ്റുകള്‍ കാലം കഴിഞ്ഞപ്പോള്‍ സനേഹപ്രവാഹം സിഡി ഫോര്‍മാറ്റില്‍ ലഭ്യമായി. ഇന്നും, മൂന്നര പതിറ്റാണ്ടിനു ശേഷവും ക്രിസ്മസ് കാലത്തും അല്ലാത്തപ്പോഴും ആളുകള്‍ ആ ഗാനങ്ങള്‍ തേടി വരുന്നു. ക്രിസ്മസ് കാലത്ത് വീടുകളില്‍ വയ്ക്കുന്ന പാട്ടുകളില്‍ മുന്‍പന്തിയില്‍ ആ ഗാനങ്ങളുണ്ട്. പല സിനിമകളിലും ആ ഗാനങ്ങള്‍ ഭാഗികമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട് കരോള്‍ ഗാനങ്ങളായി പാടുന്നവയുടെ കൂട്ടത്തില്‍ ദൈവം പിറക്കുന്നു, പുതിയൊരു പുലരി എന്നിവയ്ക്കു വലിയ ഡിമാന്റാണ്. ഈയിടെ ഇറങ്ങിയ ‘കമ്മട്ടിപ്പാടം’ എന്ന സിനിമയില്‍ നായകാ ജീവദായകാ എന്ന ഗാനം അതിലെ പ്രധാനപ്പെട്ട റിംഗ്‌ടോണായി ആവര്‍ത്തിച്ച് ഉപയോഗിച്ചിരിക്കുന്നു. അത്രയേറെ ജനസമ്മതിയാണ് സ്‌നേഹപ്രവാഹം എന്ന ആല്‍ബത്തിന് ലഭിച്ചത്.

സ്‌നേഹപ്രവാഹത്തിന്റെ വന്‍വിജയത്തെ തുടര്‍ന്ന് തരംഗിണി തൊട്ടടുത്ത വര്‍ഷം ഇറക്കിയ സ്‌നേഹസന്ദേശവും മനോഹരഗാനങ്ങളുടെ സമാഹാരമായിരുന്നു. രക്ഷകാ ഗായകാ, പാരില്‍ പിറന്നു ദേവന്‍, ആരതി ആരതി ആരാധന, ദേവാ വരുന്നു ഞാന്‍, കര്‍മല നാഥേ വാഴ്ക, നാഥാ ഹൃദയത്തിന്‍ തന്ത്രികളില്‍, സ്വര്‍ഗം കനിഞ്ഞിറങ്ങി തുടങ്ങിയ ഗാനങ്ങള്‍.

ചാപ്പലില്‍ പിറന്നു വീണ ഈണങ്ങള്‍
ജസ്റ്റിന്‍ അച്ചന്‍ പാട്ടുകള്‍ക്ക് ഈണം നല്‍കിയിരുന്നത് മംഗലപ്പുഴ സെമിനാരിയിലെ ചാപ്പലില്‍ വച്ചാണ്. എഴുതിക്കിട്ടിയ വരികളുമായി അച്ചന്‍ നേരെ ചാപ്പലിലേക്ക് പോകും. പേപ്പര്‍ മുന്നില്‍ വച്ച് തന്റെ ഉള്ളില്‍ ദൈവത്തോടുള്ള മുഴുവന്‍ സ്‌നേഹവും ആ വരികളിലേക്ക് ഈണങ്ങളായി ഒഴുക്കുകയായിരുന്നു താന്‍ ചെയ്തിരുന്നതെന്ന് അച്ചന്‍ പറയുന്നു. അതു കൊണ്ടാവാം, ആ പാട്ടുകള്‍ക്കിത്ര സൗന്ദര്യവും ദൈവികമായൊരു മാധുര്യവും ലഭിച്ചത്.

പൈതലാം യേശു പിറക്കുന്നു…
പൈതലാം യേശുവേ എന്ന ഗാനത്തിന്റെ പിറവിയെ കുറിച്ച് അച്ചന്‍ പറയുന്നത് ഇങ്ങനെയാണ്. ചാപ്പലില്‍ മാതാവും യൗസേപ്പ് പിതാവും മാലാഖമാരും ഇടയന്‍മാരും ആടുകളുമെല്ലാമുള്ള ഒരു ചെറിയ ക്രിസ്മസ് പുല്‍ക്കൂട് തന്നെ ഒരുക്കി വച്ചു. മാതാവിന്റെ മടിയില്‍ ഉണ്ണിയേശു. ഉണ്ണിയെ എല്ലാവരും കൂടി താരാട്ടു പാടി രസിപ്പിക്കുന്ന ഒരു അന്തരീക്ഷം ഞാന്‍ വിഭാവനം ചെയ്തു. ആ അനുഭവത്തില്‍ നിന്നും ഒരു ഈണം എന്റെ ഉള്ളില്‍ വന്നു പിറന്നു. ആ ഈണത്തില്‍ ഞാന്‍ ബ്ര. ജോസഫ് പാറാംകുഴി രചിച്ച വരികള്‍ പാടി:
പൈതലാം യേശുവേ, ഉമ്മ വച്ചുമ്മവച്ചുണര്‍ത്തിയ ആട്ടിടയര്‍ ഉന്നതരേ,

നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു. ലാലാലാ….
താരാട്ടു പാട്ടിന്റെ ഈണത്തില്‍ തയ്യാറാക്കിയ ആ പാട്ട് ആദ്യം അന്നത്തെ പ്രശസ്തനായ ഒരു സംഗീതസംവിധായകനെയാണ് ജസ്റ്റിനച്ചന്‍ കേള്‍പ്പിച്ചത്. അദ്ദേഹത്തിന് ഈണം ഇഷ്ടമായില്ല. വലിയൊരു സംഗീതജഞന്‍ പറഞ്ഞതല്ലേ എന്ന് കരുതി ആ ഈണം മാറ്റാമെന്ന് അച്ചന്‍ തീരുമാനിച്ചു. ഇക്കാര്യം അച്ചന്‍ തന്റെ ക്ലാസിലെ വിദ്യാര്‍ത്ഥികളോട് പറഞ്ഞു. പാട്ടൊന്ന് പാടി കേള്‍പ്പിക്കൂ എന്നായി അവര്‍. അച്ചന്‍ പാടി. വിദ്യാര്‍ത്ഥികള്‍ വിസ്മയഭരിതരായി ആ ഗാനം കാതോര്‍ത്തു. ഇത് ഉറപ്പായും ഹിറ്റാകും, ഈ ഈണം മാറ്റരുത് എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. അങ്ങനെയാണ് അനശ്വരമാകാന്‍ ദൈവം നിശ്ചയിച്ച ആ ഗാനം സ്ഥിരപ്പെട്ടത്. പ്രശസ്ത വയലിനിസ്റ്റായ റെക്‌സ് ഐസകാണ് ഈ ഗാനത്തിനും സ്‌നേഹപ്രവാഹത്തിലെ എല്ലാ ഗാനങ്ങള്‍ക്കും ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്ത.് ‘ഇത് സൂപ്പര്‍ ഹിറ്റാകും’ എന്ന് അന്നേ റെക്‌സ് മാഷ് പറഞ്ഞിരുന്നു.


തരംഗിണിയുടെ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ യേശുദാസിന്റെ നിര്‍ദേശപ്രകാരം ആ ഗാനം പാടാനെത്തിയത് അന്ന് ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന കെ എസ് ചിത്രയായിരുന്നു. ഹിന്ദുവായ ചിത്രയോട് അച്ചന്‍ ക്രിസ്മസിന്റെ കഥ വിവരിച്ചു കൊടുത്തു. ‘ഉണ്ണിയെ മടിയിലിരുത്തി അമ്മ പാടുന്ന സ്വര്‍ഗീയമായ താരാട്ട് പോലെ വേണം’എന്ന വാക്കുകള്‍ ചിത്ര ധ്യാനിച്ചു. ഒരു മണിക്കൂര്‍ ആരോടും ഒരക്ഷരം ഉരിയാടാതെ ചിത്ര ഇരുന്നു. പിന്നെ നേരെ വന്ന് പാടി. സര്‍വരെയും അത്ഭുതപരതന്ത്രരാക്കി കൊണ്ട് കറ തീര്‍ന്ന ആലാപനം. ഒറ്റ ടേക്കില്‍ പാട്ട് പൂര്‍ണമായി. നന്നായില്ലെങ്കില്‍ ഇനിയും പാടാം എന്നു പറഞ്ഞു ചിത്ര. താന്‍ മനസ്സില്‍ കണ്ടതെങ്ങിനെയോ അതു പോലെ തന്നെയായിരിക്കുന്നു ഗാനം എന്നു പറഞ്ഞ് അച്ചന്‍ ചിത്രയെ അഭിനന്ദിച്ചു. മലയാളത്തിലെ എക്കാലത്തെയും മനോഹരമായ ക്രിസ്മസ് പാട്ടുകളിലൊന്ന് ജനിച്ചത് അങ്ങനെയാണ്.

ജസ്റ്റിനച്ചന്‍ ഈണം പകര്‍ന്ന മറ്റ് ക്രിസ്മസ് ഗാനങ്ങള്‍
സ്‌നേഹപ്രവാഹത്തിലെ എല്ലാ പാട്ടുകളും അച്ചന്‍ ചിട്ടപ്പെടുത്തിയത് ചാപ്പലില്‍ ഇരുന്നു തന്നെയാണ്. ‘ദൈവം പിറക്കുന്നു, മനുജനായ് ബത്‌ലെഹേമില്‍…’ ആഘോഷത്തിന്റെ അന്തരീക്ഷത്തിലുള്ള ക്രിസ്മസ് ഗാനമാണ്. കരോള്‍ ഗാനമായി പരക്കെ ഉപയോഗിക്കപ്പെടുന്ന ഈ ഗാനം പല ചലച്ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘പുതിയൊരു പുലരി വിടര്‍ന്നു മണ്ണില്‍, പുതിയൊരു ഗാനം ഉണര്‍ന്നൊഴുകി…’ എന്ന ഗാനം നൃത്തത്തിന് ഉപയോഗിക്കാം എന്ന ലക്ഷ്യത്തോടെ ചെയ്തതാണ്. 5 ബൈ 8 ല്‍ പൊതുവേ ആരും ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ചെയ്യാതിരുന്ന കാലമായിരുന്നു, അത്. എന്നാല്‍ അങ്ങനെ തന്നെ ഒരു ഗാനമാകട്ടെ എന്ന തീരുമാനത്തില്‍ ആദ്യം ഈണമിട്ട് പാറാംകുഴിയച്ചനെ അടുത്തു വിളിച്ചിരുത്തി ഈണം പറഞ്ഞു കൊടുത്ത് എഴുതിച്ചതാണ് ‘മഞ്ഞു പൊഴിയുന്ന, മാമരം കൊച്ചുന്ന മല നിര തിളങ്ങുന്ന ബെത്‌ലെഹേമില്‍….’ എന്ന ഗാനം.

തൊട്ടടുത്ത വര്‍ഷം തരംഗിണി ഇറക്കിയ സ്‌നേഹ സന്ദേശത്തിലുമുണ്ട് ജസ്റ്റിനച്ചന്റെ നാല് ക്രിസ്മസ് ഗാനങ്ങള്‍. പാരില്‍ പിറന്നു ദേവന്‍ കന്യകാ മേരി തന്‍ പുത്രനായി…, സര്‍വം ഭരിച്ചു സമംഗളം വാഴുവാന്‍ സ്വര്‍ഗം വിടര്‍ന്നു വരുന്നു…, സ്‌നേഹമുറങ്ങുമീ താഴ്‌വരയില്‍ പരസ്‌നേഹം മയങ്ങും ബത്‌ലെഹേമില്‍…, സ്വര്‍ഗം കനിഞ്ഞിറങ്ങി ധരയെ പുണര്‍ന്നു സ്വര്‍ഗീയ വചനം മാംസം ധരിച്ചു… എന്നിവയാണ് ആ ഗാനങ്ങള്‍.

സമര്‍പ്പണം അമ്മയ്ക്ക്
ഫാ. ജസ്റ്റിന്‍ തന്റെ സംഗീത സംഭവനകളെയെല്ലാം പ്രിയപ്പെട്ട അമ്മയുടെ ഓര്‍മകള്‍ക്കു മുമ്പില്‍ സമര്‍പ്പിച്ച് നമ്രശീര്‍ഷനാകുന്നു. ‘എന്റെ സംഗീതം മുഴുവന്‍ അമ്മയില്‍ നിന്നു പഠിച്ചതാണ്’ എന്ന് പറയുന്നു, എറണാകുളം കുമ്പളങ്ങി ജോബിന്റെയും ഇസബെല്‍ തങ്കമ്മയുടെയും മകന്‍ ജസ്റ്റിന്‍. പിതാവ് നേരത്തെ മരിച്ചു പോയിരുന്നതിനാല്‍ ദാരിദ്ര്യം മൂലം വിഷമിച്ചിരുന്ന കാലത്ത് തന്റെ സെമിനാരി പ്രവേശനത്തിനും പഠനച്ചിലവിനും പണം സ്വരൂപിക്കുവാന്‍ സ്വന്തം താലിമാല വരെ വില്‍ക്കാന്‍ തയ്യാറായ ഒരമ്മയുടെ മകന്റെ ഉള്ളില്‍ നിറയെ നന്ദിയാണ്. അമ്മയുടെ ഓര്‍മയില്‍ ജസ്റ്റിനച്ചന്റെ വാക്കുകള്‍ ആര്‍ദ്രമാകുന്നു. തരംഗിണിയുടെ സംഗീത ആല്‍ബങ്ങള്‍ വന്‍ ജനപ്രീതി നേടി പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കെ ജസ്റ്റിനച്ചന്‍ പെട്ടെന്ന് വിസ്മൃതിയിലേക്ക് പിന്‍ വാങ്ങിയതിന് കാരണവും അമ്മയുടെ വാക്കുകള്‍ തന്നെ: ‘എല്ലാത്തിലും വലിയ നിധിയാണ് നിന്റെ പൗരോഹിത്യം. ലോകത്തിലെ ഒരു നേട്ടത്തിനു വേണ്ടിയും അത് നഷ്ടപ്പെടുത്തരുത്.’

അങ്ങനെ ജസ്റ്റിനച്ചന്‍ സംഗീത സംവിധാന രംഗത്തു നിന്ന് പതുക്കെ പിന്‍വാങ്ങി. സന്ന്യാസ ജീവിതത്തിലും ദൈവശാസ്ത്ര അധ്യാപനത്തിലും പുസ്തക രചനയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. പതിനഞ്ചോളം ദൈവശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള അച്ചന്‍ ഏഷ്യയിലെ പ്രമുഖ ദൈവശാസത്രജ്ഞന്‍മാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

കെസിബിസി മാധ്യമ കമ്മീഷന്റെ ഗുരുപൂജ പുരസ്‌കാരം, കേരള തിയോളജിക്കല്‍ അസോസിയേഷന്റെ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും അച്ചനെ തേടി എത്തിയിട്ടുണ്ട്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles