ഭൂമിയിലെ ഏറ്റവും ഭാഗ്യവതിയായ അമ്മ!

കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന് വിളിക്കപ്പെടും
(ഏശയ്യ 7: 14).

ചരിത്രത്തിലെ ഏറ്റവും വലിയ സദ്‌വാര്‍ത്തയാണ്‌ ഏശയ്യായുടെ നാവിലൂടെ ലോകം അന്ന് കേട്ടത്. ദൂരെ വാന മേഘങ്ങളില്‍ വസിച്ചിരുന്ന ദൈവം മനുഷ്യരോടു കൂടെ വസിക്കാന്‍ ഇറങ്ങി വന്നപ്പോള്‍ ആ തമ്പുരാനെ ഭൂമിയിലേക്ക് ഒരു ഉണ്ണിയുടെ രൂപത്തില്‍ കൊണ്ടു വന്നത് ഒരു കന്യകയുടെ സമര്‍പ്പണമായിരുന്നു. പരിശുദ്ധ കന്യാമറിയത്തിന്റെ സമ്പൂര്‍ണമായ സമര്‍പ്പണം.

ആദിമാതാപിതാക്കളുടെ പാപത്തിനും അതിനുള്ള ശിക്ഷയ്ക്കും ശേഷം ദൈവം നല്‍കിയ രക്ഷയുടെ വാഗ്ദാനത്തില്‍ ആ രക്ഷ വരുന്നത് ഒരു സ്ത്രീയിലൂടെ ആയിരിക്കും എന്ന് ദൈവം അരുളി ചെയ്തിരുന്നു. അന്നേ ദൈവത്തിന്റെ മനസ്സിലുണ്ടായിരുന്നു, പരിശുദ്ധ കന്യാമറിയം.

എല്ലാ രാജാക്കന്മാരും പിറന്നിരുന്നത് രാജകീയമായ സമ്പല്‍ സമൃദ്ധിയുടെ നടുവിലാണ്. താന്‍ ദൈവത്തിന്റെ അമ്മയാകുമെന്നും ദൈവപുത്രന്‍ തന്നിലൂടെ വന്നു പിറക്കുമെന്നും ഗബ്രിയേല്‍ ദൈവദൂതന്‍ അരുളിചെയ്തപ്പോള്‍ സ്വാഭാവികമായും മറിയത്തിന് ചോദിക്കാമായിരുന്നു, രാജതുല്യനായ ദൈവപുത്രനെ പ്രസവിക്കണമെങ്കില്‍ എനിക്കും അതിനു യോജിച്ച എല്ലാ രാജകീയ സൗകര്യങ്ങളും ചെയ്തു തരണം എന്ന്. എന്നാല്‍ മാതാവാകട്ടെ, കൂടുതല്‍ എളിമയുള്ളവളായി മാറുകയാണ് ചെയ്യുന്നത്. ഉടനെ തന്നെ തന്റെ ചാര്‍ച്ചക്കാരിയായ എലിസബത്തിന് ശുശ്രൂഷ ചെയ്യാന്‍ ഓടി പോവുകയാണ്, സ്വന്തം ആരോഗ്യം പോലും വകവയ്ക്കാതെ!

ദൈവത്തിന്റെ അമ്മയാകും എന്ന അറിവ് മാതാവില്‍ അഹങ്കാരത്തിന്റെ നിഴല്‍ പോലും വീഴ്ത്തുന്നില്ല എന്നതാണ് അമ്മയുടെ മഹത്വത്തിന്റെ തെളിവ്. എല്ലാ ബുദ്ധിമുട്ടുകളിലൂടെയും കടുത്ത ദാരിദ്ര്യത്തിലൂടെയും ഒരു പരാതി പോലും പറയാതെ അമ്മ കടന്നു പോകുന്നു. പ്രസവ വേദനയുമായി യാത്ര ചെയ്യേണ്ടി വന്നപ്പോഴും അമ്മ യൗസേപ്പ് പിതാവിനോട് പരാതി പറയുന്നില്ല. അവസാനം ഒരു കാലിത്തൊഴുത്തില്‍ വയ്‌ക്കോല്‍ മെത്തയില്‍ ദൈവപുത്രന് ജന്മം നല്‍കുന്നു.

ക്രിസ്മസ് ധ്യാനിക്കുമ്പോള്‍ പരിശുദ്ധ അമ്മയുടെ വിനയം കണ്ട് നമ്മള്‍ അമ്പരന്നു പോകുന്നു. ദൈവപുത്രന്റെ അമ്മയായിട്ടും കാലിക്കൂട്ടങ്ങളോടും ഇടയന്‍മാരോടുമൊപ്പം ഒരു കാലിത്തൊഴുത്തില്‍ യാതൊരു പരിഭവവുമില്ലാതെ അമ്മ ഇരിക്കുന്നു. ഉണ്ണിയെ പരിചരിക്കുന്നു. താരാട്ടു പാടുന്നു. ഒന്നും ദൈവത്തോട് അമ്മ അവകാശപ്പെടുന്നില്ല. എല്ലാം ദൈവഹിതം പോലെ നിറവേറട്ടെ എന്ന് പറഞ്ഞ് സ്വയം ദാസിയായി മാറുന്നു. ഈ ഭൂമിയിലെ ഏറ്റവും പുണ്യവതിയായ, ഏറ്റവും ഭാഗ്യവതിയായ അമ്മയ്ക്ക് സ്തുതി.
എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍!

യേശുവില്‍ സ്‌നേഹപൂര്‍വ്വം,

ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles