ക്രിസ്മസ് സുവിശേഷ സന്ദേശം

ഫാ. അബ്രഹാം മുത്തോലത്ത്

മനുഷ്യനായി അവതരിച്ച ദൈവപുത്രന്റെ എളിമയാണ് ക്രിസ്മസിന്റെ പ്രധാന സന്ദേശം. നിക്കോദേമൂസിനോട് യേശു പറയുന്നുണ്ട്: ‘അവനില്‍ വിശ്വസിക്കുന്ന യാതൊരുവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനായി തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു’ (യോഹ. 3.16). തന്റെ ഏകപുത്രനെ ലോകത്തിനലേക്ക് അയച്ച ദൈവത്തിന്റെ അളവറ്റ സ്‌നേഹമാണ് നാം ക്രിസ്മസില്‍ കാണുന്നത്. ജീവിതത്തില്‍ ഉടനീളം യേശു തന്റെ എളിമ പ്രാവര്‍ത്തികമാക്കുന്നു.

ഇന്നത്തെ സുവിശേഷവായന – (ലൂക്ക. 2. 1-20)

 

വിചിന്തനം

27 ബിസി മുതല്‍ 14 എഡി വരെ റോം ഭരിച്ചിരുന്ന ചക്രവര്‍ത്തിയായിരുന്നു അഗസ്റ്റസ് സീസര്‍. അദ്ദേഹത്തിന്റെ കാലത്ത് റോമിന് ഒരു പൊതുവായ മതം ഇല്ലായിരുന്നു. ചക്രവര്‍ത്തി ത്‌ന്നെയായിരുന്നു ദേവന്‍. വളരെ വിശാലമായിരുന്നു, അക്കാലത്ത് റോമാ സാമ്രാജ്യം. ഓരോ 14 വര്‍ഷം കൂടുമ്പോഴും സെന്‍സസ് എടുക്കുമ്ായിരുന്നു. ചുങ്കം പിരിവും സൈന്യത്തിലേക്ക് ആളെ എടുക്കാനും വേണ്ടിയായിരുന്നു ഇത്. എന്നാല്‍ യഹൂദരെ സൈനിക വൃത്തിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

യഹൂദരുടെ സെന്‍സ് അവരുടെ വംശങ്ങളെയും കുടുംബങ്ങളെയും അടിസ്ഥാനമാക്കിയിട്ടുള്ളതായിരുന്നതിനാല്‍ അവര്‍ സ്വദേശത്തേക്ക് സഞ്ചരിക്കേണ്ടിയിരുന്നു. ജോസഫ് ദാവീദിന്റെ പിന്‍ഗാമിയായ സോളമന്റെ വംശത്തില്‍ പെട്ടവനും മറിയം ദാവീദിന്റെ മകനായ നാഥാന്റെ വംശത്തില്‍ പെട്ടവളും ആയിരുന്നു. നസ്രത്തില്‍ നിന്ന് ഏകദേശം 80 മൈലുകള്‍ താണ്ടിയാണ് അവര്‍ ദാവീദിന്റെ ജനനസ്ഥലമായ ബെത്‌ലെഹേമിലേക്ക് പോയത്.

അപ്പത്തിന്റെ ഭവനം എന്നാണ് ബെത്‌ലെഹേം എന്ന വാക്കിന്റെ അര്‍ത്ഥം. നസ്രത്തിന്റെ തെക്കുഭാഗത്തായാണ് ബെത്‌ലെഹേം സ്ഥിതി ചെയ്തിരുന്നത്.

വളരെ ക്ലേശകരമായ യാത്രയ്ക്കു ശേഷമാണ് ജോസഫും മേരിയും ബെത്‌ലെഹേമില്‍ എത്തിച്ചേര്‍ന്നത്. നസ്രത്തില്‍ വച്ചായിരുന്നെങ്കില്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായേനെ. അവിടെ ശുശ്രൂഷിക്കാന്‍ ബന്്ധക്കാരും കുടുംബക്കാരും ഉണ്ടായിരുന്നല്ലോ.

യഹൂദാചാരമനുസരിച്ച് ആദ്യജാതന് പ്രത്യേകം ആനുകൂല്യങ്ങളുണ്ടായിരുന്നു. അവനെ ദൈവത്തിന് സമര്‍പ്പിച്ച ശേഷം തിരികെ എടുക്കണമായിരുന്നു (സംഖ്യ. 18. 15-16). പിതാവിന്റെ സ്വത്തില്‍ ഇരട്ടി അവകാശം അവനായിരിക്കും (നിയമ. 21. 17).

പുല്‍ത്തൊട്ടി മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ഉപയോഗിച്ചിരുന്ന തൊട്ടിയാണ്. യേശുവിനെ കിടത്താന്‍ ആകെ ലഭ്യമായിരുന്ന വസ്തു അന്ന് അതാണ്. വയ്‌ക്കോലാണ് അവിടുത്തേക്ക് ചൂട് പകര്‍ന്നത്. കാളയും കഴുതയും ആ കൊടും തണുപ്പില്‍ കുഞ്ഞിന് ചൂട് പകര്‍ന്നു. ‘കാള തന്റെ ഉടമസ്ഥനെ അറിയുന്നു. കഴുത അതിന്റെ യജമാനന്റെ തൊഴുത്തും’ (ഏശയ്യ, 1.3) എന്ന വചനത്തെ സഭാപിതാക്കന്‍മാര്‍ ഇതിനോട് ചേര്‍ത്ത് വായിക്കുന്നു.

ജെറുസലേമിന് സമീപത്തുള്ള സ്ഥലമായിരുന്നതിനാല്‍ ബെത്‌ലെഹേമില്‍ ദേവാലയത്തിലെ ബലിക്കുള്ള ആടുകളെ വളര്‍ത്തുന്ന ഇടം കൂടിയായിരുന്നു. ദിവ്യനായ നല്ല ഇടയന്‍ വന്നു പിറന്നപ്പോള്‍ ദൈവദൂതന്‍ വന്ന് ഇടയന്‍മാരെ ക്ഷണിക്കുന്നതും നാം സുവിശേഷത്തില്‍ വായിക്കുന്നു. ഈ പ്രദേശത്തില് മുമ്പൊരിക്കല്‍ ദാവീദും ഒരു ഇടയബാലനായി ആടുകളെ മേയിച്ചിട്ടുണ്ട്.

രക്ഷകന്‍, മിശിഹാ, കര്‍ത്താവ് എന്നീ മൂന്ന് സംജ്ഞകള്‍ ഉപയോഗിച്ചാണ് മാലാഖ യേശുവിന്റെ ജനനത്തെ അവതരിപ്പിക്കുന്നത്. പാപങ്ങളില്‍ നിന്ന് മാനവരാശിയെ രക്ഷക്കുന്നവും ദൈവത്താല്‍ അഭിഷിക്തനായ മിശിഹായും അവുന്നാണ്. കര്‍ത്താവ് എന്ന വിശേഷം യാഹ്വേയ്‌ല്ക്കും യേശുവിനും മാത്രം സ്വന്തമാണ്. ദൈവം മാംസം ധരിച്ചതാണ് യേശു.

ദൈവദൂതന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ പെട്ടെന്ന് അവിടെ അസംഖ്യം ദൈവദൂതന്മാര്‍ പ്രത്യക്ഷരായി. അവര്‍ ദൈവത്തെ സ്തുതിച്ചു പാടി. അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം. ഇടയന്മാര്‍ സംഭവിച്ച കാര്യങ്ങളെല്ലാം വിവരിച്ചപ്പോള്‍ ഏവരും അത്ഭുത പരതന്ത്രരായി.

മറിയം ഇതെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു എന്ന മറിയവുമായി നേരിട്ടു കാര്യങ്ങള്‍ സംസാരിച്ചു മനസ്സിലാക്കിയിട്ടുള്ള ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തുന്നു. മറ്റു സുവിശേഷകന്മാരെ അപേക്ഷിച്ച് യേശുവിന്റെ ജനനത്തെ കുറിച്ചും ബാല്യകാലജീവിതത്തെ കുറിച്ചും ലൂക്കായാണ് കൂടുതല്‍ വിശദമായ വിവരങ്ങള്‍ നല്‍കുന്നത്. ബൈബിള്‍ നന്നായി പഠിച്ചു മനസ്സിലാക്കിയിരുന്ന മറിയം മിശിഹായെ കുറിച്ചുള്ള പ്രവചനങ്ങളെല്ലാം തന്റെ കണ്‍മുമ്പില്‍ നിറവേറുന്നത് കണ്ട് നിര്‍വൃതിയടയുന്നു.

സന്ദേശം

യേശുവിന്റെ എളിമ തന്നെയാണ് അവിടുന്നില്‍ ഏറ്റവും പ്രകടമായ പുണ്യം. ദൈവമായിരുന്നിട്ടും അവിടുന്ന് മനുഷ്യനായി, എളിയവരോടൊത്ത് വെറുമൊരു കാലിത്തൊഴുത്തില്‍ വന്നു ഭൂജാതനായി. ുാവങ്ങളോട് കരുണയുള്ളവരായിരിക്കാന്‍ ക്രിസ്മസ് നമ്മെ ഓര്‍മിപ്പിക്കുന്നു. ദരിദ്രരോട് നാം എത്ര മാത്രം കാരുണ്യം കാണിച്ചു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും നാം അന്ത്യവിധിയില്‍ വിധിക്കപ്പെടുന്നത്.

യേശു ജനിച്ചപ്പോള്‍ അവിടുത്തെ ആദ്യം സന്ദര്‍ശിക്കാനെത്തിയത് പാവങ്ങളായ ആട്ടിടയന്മാരായിരുന്നു. പലപ്പോഴും പണക്കാരായി മാറുന്ന ക്രിസ്ത്യാനികള്‍ ദൈവത്തെ മറക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. പണം ദൈവത്തിന്റെ സ്ഥാനം അപഹരിക്കുമ്പോള്‍ അത് ആ വ്യക്തിയുടെ ജീവിതത്തില്‍ ദുരന്തമായി മാറുന്നു. ചെറിയ ചെറിയ നേട്ടങ്ങള്‍ക്കു വേണ്ടി നിത്യാനന്ദത്തെ നാം ഒരിക്കലും നഷ്ടപ്പെടുത്തരുത്.

ജോസഫിന്റെയും മറിയത്തിന്റെയും വിളി മഹത്തരമായിരുന്നെങ്കിലും അത് സുഖസൗകര്യങ്ങളുടെ നടുവിലേക്കായിരുന്നില്ല. അവര്‍ക്ക് കടന്നു പോകേണ്ടി വന്ന ദുരിതങ്ങള്‍ ഏറെയാണ്. ദൈവത്തിന്റെ വഴിയേ ചരിക്കാന്‍ തീരുമാനിക്കുമ്പോള്‍ നമുക്ക് ജീവിതം എളുപ്പമാകണമെന്നില്ല. ഇടുങ്ങിയ വഴിയാണ് യേശു നമുക്കായി വാഗ്ദാനം ചെയ്യുന്നത്.

വലിയ രാജകൊട്ടാരങ്ങളില്‍ മിശിഹാ വന്നു പിറക്കും എന്നു പ്രതീക്ഷിച്ചിരുന്നതിനാലാണ് രാജാക്കന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും പുരോഹിതന്മാര്‍ക്കുമൊന്നും യേശുവിന്റെ ജനനം കാണാന്‍ ഭാഗ്യം ലഭിക്കാതിരുന്നത്. തീരേ പ്രതീക്ഷിക്കാത്ത ഇടങ്ങളിലും ദരിദ്രമായ സ്ഥലങ്ങളിലുമാണ് ദൈവം പിറക്കുന്നത്. എളിയവരിലാണ് ദൈവത്തെ നാം കണ്ടെത്തേണ്ടത്. ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്യുന്നതു പോലെ എളിയവരില്‍ ദൈവത്തെ നമുക്ക് അന്വേഷിക്കാം. ദൈവമല്ലാതെ മറ്റാരുമില്ലാത്ത പാവങ്ങളില്‍. അവിടെയാണ് യാഥാര്‍ത്ഥ ക്രിസ്മസ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles