ഇറാനില്‍ ക്രിസ്തുമതം സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു
ടെഹ്റാന്: ഇറാനില്‍ ആയിരക്കണക്കിന് ഇസ്ലാം മത വിശ്വാസികൾ ക്രൈസ്തവ വിശ്വാസം സ്വീകരിക്കാൻ മുന്നോട്ടു വരുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. മുഹബ്ബത്ത് ടിവി എന്ന സാറ്റ്ലൈറ്റ് ചാനലിന്റെ ഉടമയായ മൈക്ക് അൻസാരിയാണ് ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വർക്കിനു നൽകിയ അഭിമുഖത്തിൽ ഇറാനിൽ ക്രൈസ്തവ വിശ്വാസത്തിനു ലഭിക്കുന്ന വളർച്ച വെളിപ്പെടുത്തിയത്. ഇറാനിൽ നിരവധി ആളുകൾ കാണുന്ന ക്രൈസ്തവ ചാനലാണ് മുഹബ്ബത്ത് ടിവി. മാർച്ച് മാസം മുതൽ എല്ലാ മാസങ്ങളിലും മൂവായിരത്തോളം ആളുകൾ വീതം ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നുണ്ടെന്ന് അൻസാരി വെളിപ്പെടുത്തി. ചാനൽ പരിപാടികളിലെ കാഴ്ചക്കാരില്‍ പത്തു ശതമാനം വർദ്ധനവ് ഉണ്ടായതായും അദ്ദേഹം പറയുന്നു.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലും പ്രകൃതിവിഭവങ്ങൾ ജനങ്ങളിൽനിന്ന് സർക്കാർ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിലും, ഷിയാ ഇസ്ലാം മറ്റ് സമീപ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമം നടത്തുന്നതിലും പൗരന്മാർ അസ്വസ്ഥരാണ്. അവർക്ക് ഇറാനിയൻ സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. നിരവധി ആളുകൾ ഇസ്ലാം മതം ഉപേക്ഷിക്കുന്നതിനാൽ ഇറാനിലെ ക്രൈസ്തവസഭ സർക്കാരിൽനിന്ന് അടക്കം നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ടെന്നും സുവിശേഷം ശ്രവിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച നിരവധി ആളുകൾ തടവിലായെന്നും അൻസാരി വെളിപ്പെടുത്തി.
ഇങ്ങനെയുള്ള നിർണായകഘട്ടങ്ങളിൽ മത സമൂഹങ്ങളെ, പ്രത്യേകിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരെ അടിച്ചമർത്തുന്ന നിലപാടാണ് ചരിത്രത്തിലുടനീളം ഇറാനിലെ ഇസ്ലാമിക ഭരണകൂടം സ്വീകരിച്ചിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകനായ അലിറേസ നാഡറും ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിങ് നെറ്റ്വർക്കിനോട് പറഞ്ഞു. ഇറാനിൽ നിരവധി ആളുകൾ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം പുൽകുന്നുണ്ടെന്ന് ഫോക്സ് ന്യൂസ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനിയൻ സർക്കാരിന്റെ കണക്കനുസരിച്ച് രാജ്യത്തെ 99.38% ആളുകളും ഇസ്ലാം മതവിശ്വാസികളാണ്.