ക്രിസ്തീയ കൂട്ടായ്മയ്ക്ക് ആത്മസംയമനം അനിവാര്യം: മാർ ആലഞ്ചേരി
കൊച്ചി: ക്രിസ്തീയ ഐക്യവും സാക്ഷ്യവും സംരക്ഷിക്കാൻ ആത്മസംയമനം അനിവാര്യമാണെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ആഗോളസഭയിൽ ശക്തമായ പ്രേഷിതസാന്നിധ്യമായി സീറോ മലബാർ സഭ വളർന്നത് സഭാമക്കൾക്ക് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ദുക്റാന തിരുനാൾ ദിനമായ ഇന്നലെ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സഭാദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്നേഹത്തിലും കൂട്ടായ്മയിലുമാണു സഭാശുശ്രൂഷകൾ വളർച്ച പ്രാപിക്കേണ്ടത്. ഇതിനു വിരുദ്ധമായി എന്തെങ്കിലും ഉണ്ടാകാതിരിക്കാൻ ഏവരും ശ്രദ്ധിക്കണം. സഭാജീവിതത്തിൽ ഭൗതികകാര്യങ്ങളെക്കുറിച്ചുള്ള ആകുലതകൾ ആത്മീയതയിൽനിന്നു നമ്മെ അകറ്റും. ക്രിസ്തുവിന്റെ സവിശേഷതയ്ക്കനുസരിച്ചു സാക്ഷ്യം പകരുകയെന്നതാണു നമ്മുടെ ദൗത്യം. ആധ്യാത്മികജീവിതത്തിലെ നിസ്വാർഥമായ സമർപ്പണത്തിനു വിശുദ്ധിയുടെ അംഗീകാരം ലഭിക്കും.
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ഒക്ടോബറിൽ വിശുദ്ധയായി ഉയർത്തപ്പെടുന്പോൾ, അതു നമുക്കു കൂടുതൽ വിശുദ്ധിയിലേക്കു വളരാനുള്ള അവസരമാണെന്നും മാർ ആലഞ്ചേരി ഓർമിപ്പിച്ചു.
ഷംഷാബാദ് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യപ്രഭാഷണം നടത്തി. സഭയിലെ പ്രതിസന്ധികൾ അസ്ഥിത്വത്തിന്റെ അനിവാര്യമായ ഘടകങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മിഷണറി ചൈതന്യത്തിൽ സഭ കൂടുതൽ മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലം രൂപതയിലെ മോണ്. ജോർജ് ഓലിയപ്പുറത്തിനു സീറോ മലബാർ സഭയുടെ മെത്രാൻ സിനഡ് നൽകുന്ന വൈദികരത്നം പുരസ്കാരം മേജർ ആർച്ച്ബിഷപ് സമർപ്പിച്ചു. സഭാതാരം പുരസ്കാരം പ്രഫ. മാത്യു ഉലകംതറയ്ക്ക് വീട്ടിലെത്തി സമ്മാനിക്കും.
നേരത്തേ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പതാക ഉയർത്തിയതോടെയാണു സഭാദിനാഘോഷങ്ങൾക്കു തുടക്കമായത്. പ്രതിനിധി സമ്മേളനത്തിൽ മേജർ ആർച്ച്ബിഷപ് സന്ദേശം നൽകി. റാസ കുർബാനയിൽ മാർ റാഫേൽ തട്ടിൽ മുഖ്യകാർമികനായി. സിഎംഐ പ്രിയോർ ജനറാൾ റവ. ഡോ. പോൾ ആച്ചാണ്ടി വചനസന്ദേശം നൽകി.