ചങ്ങനാശേരിയിൽ വൈദിക, സന്യസ്ത, അല്മായ സംഗമം
ചങ്ങനാശേരി: രണ്ടായിരം വർഷങ്ങളായി വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടു വളർന്ന ചരിത്രമാണു ക്രൈസ്തവ സഭയ്ക്കുള്ളതെന്നും അധിക്ഷേപങ്ങളിലൂടെ സഭയെ തോല്പിക്കാനാവില്ലെന്നും ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ. കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന സമിതി സെന്റ് മേരീസ് കത്തീഡ്രൽ പാരിഷ് ഹാളിൽ സംഘടിപ്പിച്ച വൈദിക, സന്യസ്ത, അല്മായ സംഗമം-മിയ എക്ലേസിയ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടുകളായി സഭ സമൂഹത്തിൽ ചെയ്തുവരുന്ന നന്മകളെയും സേവനങ്ങളെയും തമസ്കരിച്ചു ചെറിയ വീഴ്ചകളെ പർവതീകരിച്ചു സഭയെയും വൈദികരെയും സന്യസ്തരെയും അപകീർത്തിപ്പെടുത്താനാണു ചില വ്യക്തികളും മാധ്യമങ്ങളും ശ്രമിക്കുന്നത്. അധിഷേപിക്കുന്നവർ സഭയെ വളർത്താനല്ല തളർത്താനാണെന്നു നാം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണഞ്ചിറ സിഎംഐ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിന്റെ മുഖ്യധാരയിൽ മാന്യമായി സാമൂഹ്യസേവനം ചെയ്യുന്ന സഭയെയും സമുദായങ്ങളെയും അധിഷേപിക്കുന്ന മാധ്യമ സംസ്കാരത്തെക്കുറിച്ചു നാം ബോധവാന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു.
ഫൊറോന പ്രസിഡന്റ് ജോർജ് വർക്കി അധ്യക്ഷതവഹിച്ചു. ഫൊറോന വികാരി ഫാ. കുര്യൻ പുത്തൻപുര അനുഗ്രഹ പ്രഭാഷണം നടത്തി. എകെസിസി അതിരൂപത ഡയറക്ടർ ഫാ. ജോസ് മുകളേൽ, മാനന്തവാടി രൂപത പിആർഒ ഫാ. നോബിൾ പാറയ്ക്കൽ, സിസ്റ്റർ ഡെൽഫി മരിയ സിഎംസി എന്നിവർ പ്രഭാഷണങ്ങൾ നടത്തി. ഫൊറോന ഡയറക്ടർ ഫാ. സോണി പള്ളിച്ചിറ, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് വർഗീസ് ആന്റണി, സെക്രട്ടറി രാജേഷ് ജോണ്‍, അരുണ്‍ തോമസ്, പി.സി കുഞ്ഞപ്പൻ, ടോമിച്ചൻ അയ്യരുകുളങ്ങര, ജിജി പേരകശേരി എന്നിവർ പ്രസംഗിച്ചു. സഭാവിരുദ്ധരുടെ പീഡനങ്ങളെ നേരിട്ടുകൊണ്ടു സഭയ്ക്കുവേണ്ടി നിലകൊള്ളുന്ന ഫാ. ജയിംസ് കൊക്കാവയലിൽ (ഡയറക്ടർ, ദർശനം ഓണ്‍ലൈൻ പോർട്ടൽ), അഡ്വ.സിസ്റ്റർ ലിനറ്റ് ചെറിയാൻ എസ്കെഡി (വയനാട് വിമൻസ് വെൽഫെയർ അസോസിയേഷൻ), ക്ലിന്റണ് ഡാമിയൻ (മെന്പർ, കെആർഎൽസിബിസി മീഡിയ കമ്മീഷൻ), ദേവി മേനോൻ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.