ദൈവുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നു എന്ന് ഉറപ്പുവരുത്തുക – ഫ്രാൻസിസ് പാപ്പാ

“ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 158ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

അഞ്ചാം അദ്ധ്യായത്തിന്റെ  ശീർഷകം തന്നെ “യുവജനങ്ങളുടെ വഴികൾ” എന്നാണ്. യുവത്വത്തിന്റെ ആകുലതയെയും ആകാംക്ഷയെയും ഉത്ക്കണ്ഠയെയും വിവരിക്കുമ്പോഴും ഫ്രാൻസിസ് പാപ്പാ യുവതയോടു നിർദ്ദേശിക്കുന്നത് “നിങ്ങളുടെ പ്രത്യാശകളേയും സ്വപ്നങ്ങളേയും പിന്തുടരാനാണ്.

പക്വതയിൽ ഉള്ള വളർച്ച

158. അനേകം യുവാക്കളും ശരീരത്തെപ്പറ്റി താൽപര്യമുള്ളവരാണ്. ശാരീരിക ശക്തി വർധിപ്പിക്കാനോ  അല്ലെങ്കിൽ അവരുടെ രൂപം മെച്ചപ്പെടുത്താനോ ശ്രമിക്കുന്നു. മറ്റുള്ളവർ തങ്ങളെ പറ്റി കൂടുതൽ തീർച്ചയുള്ളവരാക്കാൻ കഴിവുകളും അറിവും വർധിപ്പിക്കാൻ പരിശ്രമിക്കുന്നു. ചിലർ കൂടുതൽ ഉന്നതമായ ലക്ഷ്യം വയ്ക്കുന്നു. കൂടുതൽ കാര്യങ്ങളിൽ ഏർപ്പെടാനും ആത്മീയമായി വളരാനും പരിശ്രമിക്കുന്നു. വിശുദ്ധ യോഹന്നാൻ പറഞ്ഞു: “യുവാക്കന്മാരെ ഞാൻ നിങ്ങൾക്ക് എഴുതുന്നു. നിങ്ങൾ ശക്തന്മാരാണ്. ദൈവത്തിന്റെ വചനം നിങ്ങളിൽ വസിക്കുന്നു.” (1 യോഹ 2:14) കർത്താവിനെ അന്വേഷിക്കുക, അവിടുത്തെ വചനം പാലിക്കുക, നമ്മുടെ ജീവിതം അവിടുത്തേക്ക് ഭരമേൽപിക്കുക, സദ്ഗുണങ്ങളിൽ വളരുക ഇവയെല്ലാം യുവഹൃദയങ്ങളെ ശക്തമാക്കും. അതുകൊണ്ടാണ് നിങ്ങൾ യേശുവിനോടു ബന്ധപ്പെട്ട് ജീവിക്കേണ്ടത്. അവിടുന്നുമായി ഓൺലൈനിൽ നിലനിൽക്കേണ്ടത്. കാരണം നിങ്ങളുടെ സ്വന്തം പ്രയത്നത്താലും ബുദ്ധിയാലും മാത്രം നിങ്ങൾ സന്തുഷ്ടരും വിശുദ്ധരുമായിത്തീരുകയില്ല.  ഇന്റർനെറ്റുമായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കാൻ നിങ്ങൾ പരിശ്രമിക്കുന്നത് പോലെ കർത്താവുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നു എന്ന് ഉറപ്പുവരുത്തുക. അതിന്റെ അർത്ഥം സംഭാഷണം നിർത്താൻ പാടില്ല എന്നാണ്. അവിടുത്തെ ശ്രവിച്ചു കൊണ്ടിരിക്കണം. ജീവിതം അവിടുന്നുമായി പങ്കിടണം. എന്ത് ചെയ്യണം എന്ന് ഉറപ്പില്ലാത്തപ്പോൾ അവിടുത്തോടു ചോദിക്കണം. അവിടുന്ന് എന്റെ സ്ഥാനത്താണെങ്കിൽ എന്ത് ചെയ്യും?

ഇന്റർനെറ്റ്മായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കാൻ നിങ്ങൾ പരിശ്രമിക്കുന്നത് പോലെ കർത്താവുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നു എന്ന് ഉറപ്പുവരുത്തുക.

ആശയവിന്മയം ഒരു സുപ്രധാന ഘടകമാണ്. ആശയവിനിമയം എന്നത് വിവരങ്ങൾ നൽകുകയും സ്വീകരിക്കുകയും, പങ്കിടുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സംസാരിക്കുകയോ, എഴുതുകയോ, കേൾക്കുകയോ, വായിക്കുകയോ ചെയ്യുക എന്നും അത് അർത്ഥമാക്കുന്നു. നല്ല ആശയവിനിമയം നടത്തുന്നവർ ശ്രദ്ധയോടെ കേൾക്കുന്നു, സംസാരിക്കുന്നു അല്ലെങ്കിൽ എഴുതുന്നു, വ്യത്യസ്ത അഭിപ്രായങ്ങളെ മാനിക്കുന്നു.

ഇന്ന് മറ്റുള്ളവരുമായി സംസാരിക്കാൻ, ആശയ വിനിമയം നടത്താൻ അനേകം മാധ്യമങ്ങൾ നമ്മുടെ മുന്നിലുണ്ട്. നാം ജീവിക്കുന്ന ഈ ലോകത്തിൽ നമുക്ക് എവിടെയും എപ്പോൾ വേണമെങ്കിലും ആരോടും സംസാരിക്കാം.  അതിനു നമ്മെ ഇന്റർനെറ്റും സാമൂഹ്യ മാധ്യമങ്ങളും കൂടുതൽ സഹായിക്കുന്നു. ഒരു വിധത്തിൽ പറഞ്ഞാൽ ഇന്നത്തെ മനുഷ്യനെ ചലിപ്പിക്കുന്നതും നിയന്ത്രിക്കുന്നത് പോലും ഈ സാങ്കേതിക വിദ്യകൾ തന്നെയാണ്. ഇവയെ വിട്ടു ജീവിക്കാൻ ഇന്നത്തെ മനുഷ്യന് പ്രത്യേകിച്ച് യുവതലമുറയ്ക്ക് കഴിയാതെ പോകുന്നു എന്നത് നമുക്ക് വിസ്മരിക്കാനാവില്ല.  ഇക്കാര്യം ഉദാഹരണമാക്കി കൊണ്ട്  അതേ പോലെ വിട്ടുപിരിയാത്ത ഒരു ബന്ധം ദൈവത്തോടു നമുക്ക് വേണമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു. ദൈവമില്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല എന്ന തലത്തിലേക്ക് നമ്മുടെ ജീവിതം മാറ്റപ്പെടണം.

അതിന് ദൈവവുമായി ഒരു വ്യക്തി ബന്ധം ആവശ്യമാണ്. എങ്ങനെയാണ് നമുക്ക് ദൈവവുമായി  വ്യക്തി ബന്ധം സ്ഥാപിക്കാൻ കഴിയുക? ദൈവത്തോടുള്ള നമ്മുടെ ബന്ധം ഒരു ഭക്തന്റെയോ?  അല്ലെങ്കിൽ ദൈവം നമ്മുടെ അധികാരിയും നാം അവന്റെ സേവരകരും എന്ന നിലയിലോ? അല്ലെങ്കിൽ,  ദൈവം ദാതാവും നാം ദാനം സ്വീകരിക്കുന്നവരും എന്ന തരമാണോ? അല്ലെങ്കിൽ ദൈവം ഒരു മഹാശക്തിയും നാം ആ ശക്തിയെ ആശ്രയിച്ചു ജീവിക്കുന്ന ബലഹീനരുമെന്നതോ ആണോ? ഇങ്ങനെയൊക്കെ മനുഷ്യൻ ദൈവവുമായി ബന്ധപ്പെടുമ്പോൾ ദൈവവുമായി മനുഷ്യന് അത്ര സ്വതന്ത്രമായ ബന്ധം സ്ഥാപിക്കാൻ കഴിയുമോ ? വിചിന്തിനം ചെയ്യേണ്ട വിഷയമാണത്. നാം ദൈവത്തോടു എപ്പോഴും സംസാരിക്കുകയും എപ്പോഴും ദൈവത്തെ കേട്ട് കൊണ്ടേയിരിക്കുകയും ചെയ്യണമെന്ന് പാപ്പാ പറയുന്നു. ദൈവത്തോടു നമുക്ക് എങ്ങനെയാണ് നിരന്തരം സംസാരിച്ചുകൊണ്ടേയിരിക്കാൻ കഴിയുക?

ദൈവം എപ്പോഴും നമ്മോടു സംസാരിക്കുകയും നമ്മെ കേൾക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിതത്തിൽ ദൈവം ഒരു നിമിഷംപോലും മാറി നിന്നാൽ നമുക്ക് പിന്നെ അസ്തിത്വമുണ്ടാവില്ല. നമ്മുടെ ഉറക്കത്തിലും ഉണർവ്വിലും ദൈവം നമ്മെ കേൾക്കുകയും നമ്മെ കേൾപ്പിക്കുകയും ചെയ്യുന്നു. പഴയ നിയമത്തിലും പുതിയ നിയമത്തിലും അതിന് നിരവധി ഉദാഹരണങ്ങളുണ്ട്.

സാമുവലിന്റെ  ഒന്നാം പുസ്തകത്തിൽ ഹന്നാ ദൈവത്തോടു സംസാരിക്കുന്നു. തനിക്കൊരു കുഞ്ഞിനെ തരണെയെന്ന് പറഞ്ഞ് തന്റെ സങ്കടങ്ങളെല്ലാം പങ്കുവയ്ക്കുന്നു. അവളുടെ വേദനയുടെ വാക്കുകൾ കേട്ട് സാമുവൽ എന്ന ഒരു കുഞ്ഞിനെ നൽകിക്കൊണ്ട് ദൈവം

അവൾക്ക് ഉത്തരം നൽകുന്നു. ദൈവത്തിന്റെ സ്വരം സാമുവലും കേൾക്കുന്നു. ദേവാലയത്തിൽ കഴിഞ്ഞ സാമൂവൽ ദൈവത്തിന്റെ സ്വരം കേട്ടാണ് ഉണർന്നത്. ദൈവ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞ പുരോഹിതനായ ഏലി ദൈവത്തെ ശ്രവിക്കാൻ സാമൂവലിനെ പഠിപ്പിക്കുന്നു. സംസാരിക്കുക അങ്ങയുടെ ദാസൻ ഇതാ ശ്രവിക്കുന്നു. സാമൂവലിന്റെ ഈ പ്രതികരണമാണ് നമുക്ക് വേണ്ടത്. ദൈവത്തെ ശ്രവിക്കുന്നതിനും പ്രത്യുത്തരം നൽകുന്നതിനും നാം തയ്യാറാകുമ്പോൾ ദൈവവുമായുള്ള ആത്മ ബന്ധം നമുക്ക് സ്വന്തമാക്കാൻ കഴിയും.

പ്രവാചകന്മാരോടു ദൈവം സംസാരിക്കുന്നതും അവർ ദൈവത്തോടു സംസാരിക്കുന്നതും ബൈബിളിൽ നാം വായ്ക്കാറുണ്ട്. അവർക്കു ദൈവത്തോടു എല്ലാം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഗൗരവമായ കാര്യങ്ങൾ അവർ പങ്കുവച്ചു. അവർ ദൈവത്തോടു തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചു. തങ്ങളുടെ മനസ്സിലുള്ളവ എന്താണെങ്കിലും അവർ ഒരു കൂട്ടുകാരനോടെന്ന പോലെ, പിതാവിനോടെന്ന പോലെ അമ്മയോടെന്നപോലയൊക്കെ അതെല്ലാം പങ്കുവച്ചു.

പുതിയ നിയമത്തിൽ സാവൂളിനോടു ദൈവം സംസാരിക്കുന്നു. സാവൂൾ ദൈവത്തിന്റെ കൂടെ അല്ലാതിരുന്നപ്പോഴും ദൈവം അവന്റെ കൂടെ യാത്ര ചെയ്യുന്നു. സഭയെ പീഡിപ്പിക്കാൻ ഇറങ്ങി തിരിച്ചുള്ള യാത്രയിൽ ദൈവവും അവന്റെ കൂടെ യാത്രയാകുന്നു. തനിക്കു സംസാരിക്കാനുള്ള സമയവും സ്ഥലവും സമാഗതമായപ്പോൾ സാവൂളിനോടു  ദൈവം ഒരു വ്യത്യസ്തമായ രീതിയിൽ  ആശയ വിനിമയം നടത്തുന്നു. എന്തിന് എന്നെ പീഡിപ്പിക്കുന്നു എന്ന് ദൈവം ചോദിക്കുന്നു. തന്നോടു സംസാരിക്കുന്നതാരാണെന്നു ചോദിക്കുന്ന സാവൂളിനോടു നീ പീഡിപ്പിക്കുന്നവനാണ്  ഞാൻ എന്ന് ഉത്തരം നൽകുന്നു. അങ്ങനെ ദൈവം മനുഷ്യ ജീവിതത്തിൽ എപ്പോഴും കൂടെ സഞ്ചരിക്കുന്നു. അവന്റെ മൊഴികൾ കേൾക്കാനും അതിനു ഉത്തരം നൽകാനും നാം തയ്യാറായാൽ ദൈവവുമായുള്ള നമ്മുടെ ബന്ധം നമ്മുടെ തന്നെ പക്വതയിലേക്കുള്ള ഒരു പ്രയാണമായി മാറും. അത്  അവിടുത്തെ അത്ഭുത പ്രവർത്തികൾ ദർശിക്കാനും  നമ്മിൽ സാക്ഷാൽക്കരിക്കാനും  ഇടവരുത്തും. വി. പൗലോസിനെ പോലെ നമുക്കും പറയാൻ കഴിയും ഞാനല്ല എന്നിൽ ക്രിസ്തു ജീവിക്കുന്നു എന്ന്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles