ചൈനയിലെ പീഡനങ്ങളുടെ നടുവില്‍ ധീരതയോടെ ഒരു കത്തോലിക്കാ വൈദികന്‍
അറുപത് വര്‍ഷത്തിലേറെയായി ചൈനയില്‍ കത്തോലിക്കാവിശ്വാസികള്‍ പീഢനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. 1949ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയില്‍ അധികാരമേറ്റതോടെ പാശ്ചാത്യ അധികാരത്തിന്റെ വക്താക്കള്‍ എന്ന് മുദ്രകുത്തി ക്രിസ്തീയ മിഷണറിമാരെ ചൈനയില്‍ നിന്നും പുറത്താക്കി. അങ്ങനെ ക്രൈസ്തവസഭാവിഭാഗം രണ്ടായി തിരിഞ്ഞു. ഒന്ന് റോമിനെ അനുകൂലിക്കുന്ന രഹസ്യസഭയിലെ അംഗങ്ങള്‍ (അണ്ടര്‍ഗ്രൗണ്ട് ചര്‍ച്ചസ്). രണ്ട് ചൈനീസ് ഗവണ്‍മെന്റിനോട് വിധേയത്വമുളള റോമിനെ അംഗീകരിക്കാത്ത ചൈനീസ് പേട്രിയോട്ടിക് കാത്തലിക് അസോസിയേഷനിലെ (സി.പി.സി.എ) അംഗങ്ങള്‍. രഹസ്യസഭയിലെ അംഗങ്ങള്‍ക്കും വൈദീകര്‍ക്കും വളരെയേറെ യാതനകള്‍ സഹിക്കേണ്ടതായിവന്നു. കത്തോലിക്കാ വൈദീകരെ അകാരണമായി യാതൊരു വിചാരണയും കൂടാതെ ജയിലിലടയ്ക്കുക പതിവു കാഴ്ചകളിലൊന്നായിരുന്നു.
ഒരു കുടുംബത്തില്‍ ഒരു കുട്ടി എന്ന ചൈനീസ് സര്‍ക്കാരിന്റെ നയം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തിലും അഞ്ച് മക്കളില്‍ മൂന്നാമനായി ജനിച്ചു ജോസഫ് എന്ന കത്തോലിക്കാ വൈദീകന്‍. കൊടുംതണുപ്പിലും ചൈനീസ് ഗവണ്‍മെന്റിന്റെ വിലക്കുകള്‍ ലംഘിച്ചുകൊണ്ട് രഹസ്യസഭയിലെ അംഗങ്ങള്‍ക്ക് കൂദാശകള്‍ പകര്‍ന്നുകൊടുക്കുന്ന വിശ്വാസധീരനായ നറുമലരായ ഈ വൈദീകന്റെ ജീവിതത്തിലേയ്ക്ക്.
ഇടയ്ക്കിടയ്ക്ക് പോലീസ് റെയ്ഡിനായി വീട്ടില്‍ വരുമ്പോള്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ മൂത്ത മകന്റെ സംരക്ഷണയില്‍ ഏല്‍പ്പിച്ച് ഒളിവില്‍ പോകുക പതിവായിരുന്നു. വീട്ടിലുളള സര്‍വ്വസാധനങ്ങ ളും ഒളിപ്പിക്കുമായിരുന്നു. ഒരു കുട്ടിയില്‍ കൂടുതലുണ്ടെന്ന് അറിഞ്ഞാല്‍ ഞങ്ങളുടെ എല്ലാം അവര്‍ നശിപ്പിക്കും വീട് തകര്‍ത്തുകളഞ്ഞെന്നുവരാം. വിശ്വാസ പരീക്ഷണങ്ങളായിരുന്നു അതെല്ലാം. ബാലനായിരുന്നപ്പോള്‍ അദ്ദേഹം വിശ്വസിച്ചിരുന്നത് കത്തോലിക്കാ വിശ്വാസിയായാല്‍ ഭക്ഷണം കുറവേ ലഭിക്കുകയുളളു, മാതാപിതാക്കളില്‍ നിന്നും അകന്നു നില്‍ക്കേണ്ടതായിവരും എന്നൊക്കെയാണ്. എന്നിട്ടും ഞങ്ങള്‍ വിശ്വാസത്തില്‍ ഉറച്ചുനിന്നു. ദിവ്യകാരുണ്യമോ, കൂദാശകളോ സ്വീകരിക്കാനുളള യാതൊരു മാര്‍ഗങ്ങളും ബാല്യത്തില്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. ക്രിസ്തീയ വിശ്വാസം നിലനിന്നുപോന്നത് ഡൊമസ്റ്റിക് ചര്‍ച്ചുകളിലൂടെയായിരുന്നു. കുടുംബാംഗങ്ങളെല്ലാവരും ഒരുമിച്ചുകൂടി പ്രാര്‍ത്ഥനകള്‍ ചൊല്ലുമായിരുന്നു പ്രത്യേകിച്ചും ജപമാല. വൈദീകര്‍ ജയിലിലടയ്ക്കപ്പെടുമ്പോള്‍ കൂദാശകള്‍ സ്വീകരിക്കാനുളള നിര്‍വ്വാഹമില്ലാതെ വരുമ്പോള്‍ കത്തോലിക്കാ വിശ്വാസികളായ ഗ്രാമവാസികള്‍ രഹസ്യമായി ഒരുമിച്ചുകൂടി പ്രാര്‍ത്ഥിക്കുമായിരുന്നു. ജപമാല പകര്‍ന്നുനല്‍കിയ ശക്തി ആ കൊടും തണുപ്പിലും സിരകളിലലിഞ്ഞുചേര്‍ന്ന വിശ്വാസത്തിന്റെ കനല്‍ ആളിക്കത്തിച്ചു. ”രാത്രിയും രാവിലേയും ഓരോ ജപമാല ചൊല്ലി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. ഫാത്തിമാ മാതാവിനോട് യഥാര്‍ത്ഥ ക്രൈസ്തവരാകാനുളള ശക്തിക്കായി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ഞങ്ങള്‍ ഉറങ്ങിയിരുന്നത്.”
പതിനഞ്ചാം വയസ്സിലാണ് പുരോഹിതനാകാനുളള വിളി ജോസഫിനു ലഭിക്കുന്നത്. അതിന് പ്രേരകമായതോ ഒരു ലോക്കല്‍ പാസ്റ്ററും-ഒരു സമര്‍പ്പിത വൈദീകന്‍. എണ്‍പതാം വയസിലും അതിരാവിലെ മൂന്നരയ്ക്ക് ഉണര്‍ന്ന് പ്രാര്‍ത്ഥിക്കുകയും ദിവ്യബലി അര്‍പ്പിക്കുവാനായി ഒരു ഗ്രാമത്തില്‍ നിന്നും അടുത്തതിലേയ്ക്ക് സൈക്കിളില്‍ യാത്രയാവുന്ന ആ വയോധികന് ജയിലും, ശിക്ഷകളും പുത്തരിയായിരുന്നില്ല. അറുപതോളം ഗ്രാമങ്ങളുടെ ചുമതല നിര്‍വഹിച്ചിരുന്നു ആ വൈദീകന്‍.
രഹസ്യസഭയില്‍ ഏകദേശം മുപ്പതോളം ബിഷപ്പുമാര്‍ ഉണ്ട്. ഗവണ്‍മെന്റിനെ അനുകൂലിക്കാത്തവരാകയാല്‍ അവര്‍ കടുത്ത നിരീക്ഷണത്തിലാണ്. ദിവ്യബലിയര്‍പ്പിക്കുന്നത് വ ളരെ രഹസ്യമായാണ്. എന്നാല്‍ സി.പി.സി.എയില്‍ അംഗമായാല്‍ ജീവിതം കുറേക്കൂടി എളുപ്പമായിതീരും. പൊതുവായി ബലിയര്‍പ്പിക്കുവാനും കുമ്പസാരിപ്പിക്കാനും ആരാധിക്കാനും ഉളള അധികാരം അവര്‍ക്ക് ലഭിക്കും. ചിട്ടയായ ജീവിതമുണ്ടാകും. എന്നാല്‍ ജോസഫ് തിരഞ്ഞെടുത്തത് രഹസ്യസഭയിലെ വൈദീകനാകാനാണ്. പീഡകള്‍ക്കും സഹനങ്ങള്‍ക്കുമപ്പുറം വിശ്വാസം ജീവനേക്കാള്‍ അമൂല്യമാണെന്ന തിരിച്ചറിവാകാം ജോസഫിനേയും സഹോദരനേയും രഹസ്യസഭയിലെ വൈദീകരാകാന്‍ പ്രേരിപ്പിച്ചത്. ചൈനയില്‍ ക്രിസ്തുവിനെ അറിയാത്ത വളരെയധികം ജനങ്ങളുണ്ട്. അവരില്‍ ദൈവസ്‌നേഹം എത്തിക്കുക എന്ന കര്‍മ്മബോധവുമായി ഈ ചൈനീസ് വൈദീകന്‍ യാത്ര തുടരുകയാണ്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.