ചാള്‍സ് ഡിക്കന്‍സ് കണ്ട പരിശുദ്ധ കന്യക
1844 ല്‍ വിഖ്യാതമായ ക്രിസ്മസ് കരോള്‍ എന്ന കൃതി എഴുതിയതിന് ശേഷമുള്ള കാലത്താണ് അത് സംഭവിച്ചത്. ചാള്‍സ് ഡിക്കന്‍സ് ഇറ്റലിയില്‍ ഒഴിവുകാലം ചെലവഴിക്കുകയായിരുന്നു. ഒരു ദിവസം രാത്രിയില്‍ ഡിക്കന്‍സ് ഉണര്‍ന്നപ്പോള്‍ തന്റെ കിടക്കയുടെ ചുവട്ടില്‍ നീലവര്‍ണമാര്‍ന്ന വസ്ത്രം ധരിച്ച ഒരു സ്ത്രീരൂപം നില്‍ക്കുന്നത് കണ്ടു. ‘റാഫേലിന്റെ മഡോണാ ചിത്രങ്ങളില്‍ കാണുന്നതു പോലെയുണ്ടായിരുന്നു ആ രൂപം’ എന്ന് പില്‍ക്കാലത്ത് ഡിക്കന്‍സ് എഴുതി. സ്‌നേഹനിര്‍ഭരവും അഭൗമവുമായ മിഴികളോടെ ആ രൂപം തന്നെ നോക്കി നിന്നു എന്നാണ് വിശ്വവിഖ്യാതനായ എഴുത്തുകാരന്‍ ആ ദര്‍ശനത്തെ കുറിച്ച് പറഞ്ഞത്.
പരിശുദ്ധ കന്യാമാതാവിനെയാണ് ഡിക്കന്‍സ് കണ്ടത് എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. തന്റെ ജീവചരിത്രകാരനായ ജോണ്‍ ഫോസ്റ്ററിന് എഴുതിയ കത്തിലാണ് ഇക്കാര്യങ്ങള്‍ വിവരിച്ചിരിക്കുന്നത്. ‘ഒരു തിങ്കളാഴ്ച ദിവസം രാത്രി ഞാനൊരു രൂപം കണ്ടു. ആ മുഖം എനിക്ക് വ്യക്തമായില്ലെങ്കിലും റാഫേലിന്റെ മഡോണ ചിത്രങ്ങളോട് അതിന് നല്ല സാമ്യം ഉണ്ടായിരുന്നു. അതു വരെ കണ്ടിട്ടുള്ള ഒരു ശില്പങ്ങളെയും പോലെ അല്ലായിരുന്നു അത്. ആ മിഴികളില്‍ നിറയെ കരുണയും വ്യാകുലവും ആയിരുന്നു.’ ഡിക്കന്‍സ് എഴുതുന്നു.
ആ ദര്‍ശനം മാഞ്ഞപ്പോള്‍ താന്‍ കണ്ണീരോടെയാണ് എഴുന്നേറ്റതെന്നും ഡിക്കന്‍സ് പറയുന്നു. അപ്പോള്‍ നേരം പുലര്‍ന്നിരുന്നു.