യോജിപ്പുള്ള സമൂഹം കെട്ടിപ്പടുക്കാൻ സംവാദത്തിനു കഴിയും: സിബിസിഐ
ബംഗളൂരു: അവിശ്വാസം, സംശയം, ഭയം എന്നിവ മറികടന്ന് യോജിപ്പുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാൻ സംവാദത്തിനു കഴിയുമെന്ന് സിബിസിഐ മുപ്പത്തിനാലാമത് പ്ലീനറി സമ്മേളനം. അവിശ്വാസവും സംശയവും ഭയവുമെല്ലാമുണ്ടെങ്കിലും ധാരാളം വളർച്ചയും വികസനവും നമുക്കുചുറ്റും നടക്കുന്നുണ്ടെന്നും വിളംബരം നടത്തുമ്പോൾ വിശ്വാസം വളരുകയാണെന്നും ബംഗളൂർ ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോ പറഞ്ഞു.
ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാഡമി ഓഫ് ഹെൽത്ത് സയൻസസിൽ നടക്കുന്ന സിബിസിഐ പ്ലീനറി സമ്മേളനത്തിന്റെ ആറാം ദിനമായ ഇന്നലെ ദിവ്യബലിയർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
ഭാവിതലമുറയ്ക്കു പുതിയ മാതൃകകളായി ഇന്ത്യയിൽനിന്നുള്ള നിരവധി വിശുദ്ധരെ പ്രഖ്യാപിക്കുമ്പോൾ സഭ സന്തോഷിക്കുന്നു. ഇതെല്ലാം ചെറിയ അത്ഭുതങ്ങളും ദൈവത്തിൽ നിന്നുള്ള അനുഗ്രഹങ്ങളുമാണ്. ദൈവം നമ്മുടെ ഇടയിൽ പ്രവർത്തിക്കുന്നു. നാം നിരുത്സാഹപ്പെടരുത്. ഇന്ത്യൻ സഭയ്ക്കായി ദൈവത്തിന് പദ്ധതികളുണ്ട്. അതിനാൽ, നമുക്ക് അനുഗൃഹീതരാകുകയും നന്ദി പറയുകയും ചെയ്യാമെന്നും ഡോ. പീറ്റർ മച്ചാഡോ ഉദ്ബോധിപ്പിച്ചു.
ദിവ്യബലിക്കു ശേഷം വിവിധ സെഷനുകളിലായി റിപ്പോർട്ട് അവതരണങ്ങൾ നടന്നു. ലെയ്റ്റി കമ്മീഷൻ റിപ്പോർട്ട് സെക്രട്ടറി ഷെവലിയർ വി.സി. സെബാസ്റ്റ്യനും യുവജന കമ്മീഷൻ റിപ്പോർട്ട് സെക്രട്ടറി ഫാ. ചേതൻ മച്ചാഡോയും അവതരിപ്പിച്ചു. തുടർന്ന് ഓഫീസ് ഫോർ ഡയലോഗ് ആൻഡ് ഡെസ്ക് ഫോർ എക്യുമെനിസം കമ്മീഷൻ റിപ്പോർട്ട് ചെയർമാൻ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, സെക്രട്ടറി ഫാ. ചെറിയാൻ കറുകപ്പറമ്പിൽ എന്നിവരും പ്രിസൺ മിനിസ്ട്രി റിപ്പോർട്ട് സെക്രട്ടറി ഫാ. ഫ്രാൻസിസ് കൊടിയനും തിയോളജി കമ്മീഷൻ റിപ്പോർട്ട് ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ്, സെക്രട്ടറി ഫാ. തോമസ് വടക്കേൽ എന്നിവരും അവതരിപ്പിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി സിബിസിഐ ഓഫീസ് ഫോർ ഡയലോഗ് ആൻഡ് ഡെസ്ക് ഫോർ എക്യുമെനിസം പുറത്തിറക്കിയ ‘ഐക്യം, സംവാദം, ദൗത്യം: എക്യുമെനിസവും വിശ്വാസാന്തര സംവാദവും ഇന്ത്യൻ സാഹചര്യത്തിൽ’ എന്ന പുസ്തകം സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പ്രകാശനം ചെയ്തു.