സിബിസിഐ പ്ലീനറി സമ്മേളനം ബംഗളൂരുവിൽ ആരംഭിച്ചു
ബംഗളൂരു: അഖിലേന്ത്യ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ)യുടെ 34-ാമത് ദ്വൈവാർഷിക പ്ലീനറി സമ്മേളനം ഇന്നു മുതൽ 19 വരെ ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടക്കും.
രാജ്യത്തെ ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര റീത്തുകളിൽപെട്ട 174 രൂപതകളിൽ നിന്നായി 200-ഓളം രൂപതാധ്യക്ഷന്മാരും വിരമിച്ച മെത്രാന്മാരും വിവിധ സിബിസിഐ കമ്മീഷനുകളുടെ ഭാരവാഹികളും പങ്കെടുക്കും.
സംവാദം-സത്യത്തിലേക്കും ഉപവിയിലേക്കുമുള്ള പാത എന്നതാണു സമ്മേളനം ചർച്ചചെയ്യുന്ന വിഷയം. ഇന്നത്തെ ഇന്ത്യൻ സാഹചര്യം, സംവാദത്തോടുള്ള സഭയുടെ പ്രതിബദ്ധത, മറ്റ് ബോധ്യങ്ങളുള്ള ആളുകളുമായുള്ള സംവാദം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളും വിവിധ ശില്പശാലകളും സമ്മേളനത്തിലുണ്ടാകും.
ഇന്നു രാവിലെ ഒമ്പതിന് ഇന്ത്യയിലെ വത്തിക്കാൻ നുൺഷ്യോ ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിയോടെ സമ്മേളനം ആരംഭിച്ചു. തുടർന്ന് 11 ആരംഭിക്കുന്ന സമ്മേളനം നുൺഷ്യോ ഉദ്ഘാടനം ചെയ്തു. സിബിസിഐ പ്രസിഡന്റ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റും ഇടക്കാല സെക്രട്ടറി ജനറലുമായ ജോഷ്വ മാർ ഇഗ്നാത്തിയോസ് റിപ്പോർട്ട് അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് മാർ ജോർജ് ഞരളക്കാട്ട്, ബംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോ, സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജെർവിൻ ഡിസൂസ, സെന്റ് ജോൺസ് ഡയറക്ടർ ഫാ. പോൾ പാറത്താഴം തുടങ്ങിയവർ സംബന്ധിച്ചു..
സമ്മേളനവുമായി ബന്ധപ്പെട്ട് ഇന്നലെ സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടന്ന വാർത്താസമ്മേളനത്തിൽ സിബിസിഐ പ്രസിഡന്റ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, വൈസ് പ്രസിഡന്റ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോ, ബംഗളൂരു അതിരൂപതാ വികാരി ജനറാൾ മോൺ. ജയനാഥൻ, സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജെർവിൻ ഡിസൂസ എന്നിവർ പങ്കെടുത്തു.