സ്നേഹത്തിന്റെ പാലങ്ങള്‍ തീര്‍ക്കേണ്ടവര്‍ ക്രിസ്ത്യാനികള്‍: സിബിസിഐ
ബംഗളൂരു: ക്രിസ്ത്യാനികൾ എന്ന നിലയിൽ നമ്മുടെ സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പാലങ്ങൾ കെട്ടിപ്പടുക്കുകയെന്നത് ഒരു ആഹ്വാനവും ഉത്തരവാദിത്വവുമാണെന്നു ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാഡമി ഓഫ് ഹെൽത്ത് സയൻസസിൽ നടക്കുന്ന സിബിസിഐ സമ്മേളനം വിലയിരുത്തി.
ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തെക്കുറിച്ച്, പ്രത്യേകിച്ച് രാഷ്ട്രീയ ധ്രുവീകരണം, മത മൗലികവാദം എന്നിവയെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്തു. മതത്തിന്റെ അടിസ്ഥാനത്തിൽ ഈ മഹത്തായ ജനതയെ വേർതിരിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വിവേചനം അംഗീകരിക്കാൻ കഴിയില്ലെന്നും ഇന്ത്യയുടെ പവിത്രമായ ഭരണഘടനയെ ഏത് കാരണവശാലും ബഹുമാനിക്കുകയും വിലമതിക്കുകയും വേണമെന്നും സമ്മേ ളനം ആഹ്വാനം ചെയ്തു. പരസ്പര സംശയം എല്ലായ്പ്പോഴും സമാധാനത്തിനു ഭീഷണിയാണെന്ന് സമ്മേളനം വിലയിരുത്തി.
ലത്തീൻ ബിഷപ്പുമാർ ഉൾപ്പെടുന്ന കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ)യുടെ സമ്മേളനം ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ ഉദ്ഘാടനം ചെയ്തു.
അഖിലേന്ത്യാ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ)യുടെ 34-ാമത് ദ്വൈവാർഷിക പ്ലീനറി സമ്മേളനത്തോടു ചേർന്നാണ് ലത്തീൻ സഭാധ്യക്ഷന്മാരുടെ നേതൃത്വത്തിലുള്ള സിസിബിഐ സമ്മേളനവും നടന്നത്. ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെയാണ് സമ്മേളനം ആരംഭിച്ചത്. ലത്തീൻ സഭയിലെ 132 ബിഷപ്പുമാരും ദിവ്യബലിയിൽ പങ്കാളികളായി. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സിസിബിഐ പ്രസിഡന്റ് ആർച്ച്ബിഷപ് ഫിലിപ് നേരി ഫെറാവോ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഡോ. ജോർജ് അന്തോണിസാമി, സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ, സിബിസിഐ പ്രസിഡന്റ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് എന്നിവരും സന്നിഹിതരായിരുന്നു.
ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടന്നുവരുന്ന സിബിസിഐ പ്ലീനറി സമ്മേളനത്തിന്റെ നാലാം ദിവസമായ ഇന്നലെ സ്വതന്ത്ര സഭകളുടെ യോഗങ്ങളാണു നടന്നത്. രാവിലെ സീറോ മലബാർ റീത്തിൽ നടന്ന ദിവ്യബലിയിൽ ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു.
ദിവ്യബലിക്കു ശേഷം സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭാംഗങ്ങളെ അഭിസംബോധന ചെയ്തു. തുടർന്ന് സഭയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ചർച്ചകൾക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷനായിരുന്നു.സീറോ മലങ്കര സഭയുടെ എപ്പിസ്കോപ്പൽ സിനഡും ഇന്നലെ നടന്നു. രാവിലെ 9.30 മുതൽ വൈകുന്നേരം നാലു വരെ നടന്ന സിനഡിൽ സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അധ്യക്ഷനായിരുന്നു. ക്രിയാത്മക സംവാദമാണ് സഹാനുഭൂതിയിലേക്കും അനുകന്പയിലേക്കും സത്യത്തിലേക്കും നേരായ പാതയെന്ന് സിബിസിഐ ആശയം മൂന്നു റീത്തുകളിലെയും മേലധികാരികൾ ഒരേ സ്വരത്തിൽ പ്രഖ്യാപിച്ചു.