കത്തോലിക്കാ സഭയും ലോക്ക് ഡൗണും
കത്തോലിക്കാ സഭയുടെ ചരിത്രം എടുത്തു പരിശോധിക്കുകയാണെങ്കില്‍, ദൈവം ശക്തമായി ഇടപെടുന്ന നിരവധി സന്ദര്‍ഭങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. തിന്മകളെ നന്മയാക്കി മാറ്റുന്നവനാണ് നമ്മുടെ ദൈവം. ദുരന്തങ്ങളായി കാണപ്പെടുന്ന സംഭവങ്ങളില്‍ നിന്നു പോലും നന്മയുളവാക്കാന്‍ ദൈവത്തിന് സാധിക്കും. ഇപ്പോള്‍ കൊറോണ വൈറസ് ബാധ മൂലം നാം രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ നേരിടുകയാണ്. ഈ സന്ദര്‍ഭത്തില്‍ നാം ഓര്‍ക്കേണ്ട ദൈവവചനം ഇതാണ്. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അവിടുത്തെ വചനം അനുസരിച്ച് വിളിക്കപ്പെട്ടിരിക്കുന്നവര്‍ക്ക് അവിടുന്ന് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കും എന്നതാണ്.
സഭയുടെ ചരിത്രത്തില്‍ സംഭവിച്ച ചില ലോക്ക് ഡൗണുകളുണ്ട്. അതിലൊന്നാണ് പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സംഭവിച്ച ഒരു ലോക്ക് ഡൗണ്‍. വിശുദ്ധ നാട് തുര്‍ക്കികള്‍ ആക്രമിച്ചു കീഴടക്കിയ കാലമായിരുന്നു അത്. ജറുസലേമിലെയും പാലസ്തീനായിലെയും പള്ളികളും ആശ്രമങ്ങളും എല്ലാം അവര്‍ തങ്ങളുടെ അധീനതയിലാക്കി. അവിടേക്ക് തീര്‍ത്ഥാടനം നടത്തി കൊണ്ടിരുന്ന ക്രിസ്ത്യാനികളായ യൂറോപ്യന്‍ തീര്‍ത്ഥാടകര്‍ക്ക് വിശുദ്ധ നാട്ടിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു. ഒരു വിധത്തില്‍ പറഞ്ഞാല്‍ വിശുദ്ധ നാടിന്റെ ലോക്ക് ഡൗണ്‍.
വിശുദ്ധ നാട്ടിലെത്തി യേശുനാഥന്‍ പാടുപീഢകള്‍ ഏറ്റു വാങ്ങി മരണം വരിച്ച സ്ഥലങ്ങളില്‍ ധ്യാനിക്കാന്‍ ആഗ്രഹിച്ച വി. ഫ്രാന്‍സിസ് അസ്സീസി ഉള്‍പ്പെടെയുള്ള അനേകം ഭക്തര്‍ക്ക് തീര്‍ത്ഥാടനം എന്ന പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെയിരിക്കെ വിശുദ്ധന്‍ തന്റെ മുറിയുടെ ഏകാന്തതയിലിരുന്ന് ക്രിസ്തുനാഥന്റെ പീഢാനുഭവം ധ്യാനിച്ചു. അദ്ദേഹം ധ്യാനിച്ചത് പ്രധാനമായും രണ്ട് സ്ഥലങ്ങളായിരുന്നു. യേശു നാഥന്‍ കുരിശിന്റെ വഴിയില്‍ വീഴുന്നതും എഴുന്നേല്‍ക്കുന്നതും. വിശുദ്ധമായ വഴി എന്നര്‍ത്ഥമുള്ള വിയാ സാക്ര എന്ന് അത് അറിയപ്പെട്ടു. ഈ ധ്യാനം ക്രമേണ കൂടുതല്‍ സ്ഥലങ്ങളായി വളരുകയും പില്‍ക്കാലത്ത് കുരിശിന്റെ വഴി പ്രാര്‍ത്ഥനയായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു. അതിന്റെ പരിണിതഫലമാണ് നാം ഇന്ന് പ്രാര്‍ത്ഥിക്കുന്ന കുരിശിന്റെ വഴി. ആ കുരിശിന്റെ വഴി ദൈവകൃപയുടെ വലിയ വാതില്‍ തുറന്നു കൊടുത്തു. വിശുദ്ധ നാട് വൈകാതെ തുര്‍ക്കികളില്‍ നിന്ന് വിമോചനം നേടി. വീണ്ടും ക്രൈസ്തവ തീര്‍ത്ഥാടകര്‍ വിശുദ്ധ നാട്ടിലേക്ക് എത്താന്‍ ആരംഭിച്ചു. അതിനേക്കാള്‍ വലിയ കൃപയാണ് കുരിശിന്റെ വഴി കൊണ്ട് കത്തോലിക്കാ സഭയ്ക്കും ലോകത്തിനും ലഭിച്ചത്. ക്രിസ്തുവിന്റെ രക്ഷാകരമായ കൃപയുടെ വാതില്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥന ചൊല്ലുന്ന ഓരോരുത്തരുടെയും മേല്‍ ദൈവം ചൊരിഞ്ഞു കൊണ്ടിരിക്കുന്നു.
അതേ നൂറ്റാണ്ടില്‍ വീണ്ടുമൊരിക്കല്‍ കൂടി യൂറോപ്പില്‍ ഒരു ലോക്ക് ഡൗണ്‍ നടന്നു. യൂറോപ്പ് മുഴുവന്‍ അപരിഷ്‌കൃത കൂട്ടങ്ങളായ ലൊംബാര്‍ഡുകള്‍, വിസിഗോത്തുകള്‍ എന്നിവരുടെ ആക്രമണങ്ങളില്‍ പെട്ട് ഉലഞ്ഞ കാലഘട്ടമായിരുന്നു അത്. അപരിഷ്‌കൃതര്‍ നിരവധി ക്രിസ്ത്യാനികളെ കൊള്ളയടിക്കുകയും കൊല്ലുകയും ചെയ്തു. മഠങ്ങളും പള്ളികളും അവര്‍ കൊള്ളയടിക്കുകും അനേകം വൈദികരെയും കന്യാസ്ത്രീകളെയും കൊല്ലുകയും ചെയ്തു. എങ്ങും ഭീതി പരന്നു. അവരെ പേടിച്ച് എല്ലാവരും വീടുകളില്‍ കയറി അടച്ചു പൂട്ടി ഇരിപ്പായി. ആരും പുറത്തിറങ്ങാതായി. ഒരു തരത്തില്‍ പറഞ്ഞാല്‍ ലോക്ക് ഡൗണ്‍.
വി. ഫ്രാന്‍സിസ് അസ്സീസിയുടെ സഹപ്രവര്‍ത്തകയായിരുന്ന വി. ക്ലാരയുടെ നേതൃത്വത്തിലുള്ള മഠം ആക്രമിക്കാന്‍ അപരിഷ്‌കൃതര്‍ എത്തിയപ്പോഴാണ് ആ സംഭവം നടന്നത്. അക്കാലത്ത് രോഗികള്‍ക്ക് രോഗീലേപനം നല്‍കാന്‍ നമ്മുടെ നാട്ടിലെ നാഴി പോലെയുള്ള ഒരു പാത്രത്തില്‍ പരിശുദ്ധ കുര്‍ബാന സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നു. ലൊംബാര്‍ദുകളും ഗോത്തുകളും മഠത്തിലേക്ക് ഇരച്ചു കയറി വന്നു കൊണ്ടിരുന്ന വേളയില്‍ വിശുദ്ധ ക്ലാരയ്ക്ക് ദൈവത്തില്‍ നിന്ന് ഒരു അരുളപ്പാടുണ്ടായി. ‘പരിശുദ്ധ കുര്‍ബാന കൈയിലെടുത്ത് പുറത്തേക്കു വരിക’ അതനുസരിച്ച് വിശുദ്ധ കൈകളില്‍ വിശുദ്ധ കൂര്‍ബാനയുമായി പുറത്തിറങ്ങി വന്നു.
അക്രമികളായ അപരിഷ്‌കൃതക്കൂട്ടങ്ങള്‍ നോക്കിയപ്പോള്‍ കണ്ടത് വിശുദ്ധയുടെ പിന്നില്‍ ഒരു മഹാ സൈന്യം അണിനിരന്നു നില്‍ക്കുന്നതാണ്. തങ്ങളെ ആക്രമിക്കാന്‍ എത്തിയ മഹാസൈന്യമാണ് അതെന്ന് കരുതി അവര്‍ ഭയന്നോടി. സത്യത്തില്‍, അവര്‍ കണ്ടത് ഒരു സ്വര്‍ഗീയ സൈന്യത്തെയായിരുന്നു. വൈകാതെ വിസിഗോത്തുകളും ലോംബാര്‍ഡുകളും ഇല്ലാതായി. യൂറോപ്പ് വീണ്ടും ശാന്തമായി. മഠങ്ങളുടെയും പള്ളികളുടെയും വാതിലുകള്‍ തുറന്നു. ആ സംഭവം കത്തോലിക്കാ സഭയിലെ ഒരു വലിയ ഭക്തിക്ക് തുടക്കം കുറിച്ചു. ദിവ്യകാരുണ്യ ആരാധന ആരംഭം കുറിച്ചത് അങ്ങനെയാണ്. ദിവ്യകാരുണ്യ ആരാധന ദൈവകൃപയുടെ വാതിലുകള്‍ തുറന്നിടുന്ന മഹത്തായൊരു ആരാധനയാണ്. സ്വര്‍ഗത്തിലെ കൃപ മനുഷ്യന്റെ മേല്‍ ഇറങ്ങി വരുന്ന ദിവ്യമുഹൂര്‍ത്തമാണ് ദിവ്യകാരുണ്യം എഴുന്നള്ളിച്ചു വച്ചു കൊണ്ടുള്ള ആരാധന. ഈ ലോക്ക് ഡൗണ്‍ കാലത്ത് നമുക്ക് ടെലിവിഷന്‍ വഴിയും യൂട്യൂബ് വഴിയും ദിവ്യകാരുണ്യ ആരാധനയില്‍ പങ്കു കൊള്ളാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കാതിരിക്കാം.
മറ്റൊരു സംഭവം നടക്കുന്നത്് വി. തോമസ് അക്വിനാസിന്റെ കാലത്ത് പതിമൂന്നാം നൂറ്റാണ്ടില്‍ തന്നെയാണ്. ഒരിക്കല്‍ മാര്‍പാപ്പാ വി. തോമസ് അക്വിനാസിനോട് ഒരു ദിവ്യകാരുണ്യഗീതം രചിക്കുവാന്‍ ആവശ്യപ്പെട്ടു. മഹാപണ്ഡിതനെങ്കിലും വലിയ ഭക്തനും എളിമയുള്ളവനുമായിരുന്ന തോമസ് അക്വിനാസ് ചെയ്തത് തന്റെ മുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. അദ്ദേഹം ആരോടും സംസാരിച്ചില്ല. പ്രാര്‍ത്ഥനയില്‍ മുഴുകി. ദിവ്യകാരുണ്യ നാഥനെ സ്തുതിക്കാന്‍ തനിക്കൊരു പാട്ട് നല്‍കണമേയെന്ന് അദ്ദേഹം ദൈവത്തോട് പ്രാര്‍ത്ഥിച്ചു. അതു പ്രകാരം, തന്റെ മൗനവും ലോക്ക് ഡൗണും കഴിഞ്ഞു പുറത്തു വന്നപ്പോള്‍ ആത്മീയനിറവാര്‍ന്ന ഒരു ഗീതം അദ്ദേഹം രചിച്ചു കഴിഞ്ഞിരുന്നു. അതാണ് ആരാധനകളില്‍ നാം പാടുന്ന മോക്ഷകവാടം തുറക്കും രക്ഷാകരമോസ്തിയേ… എന്ന ഗാനം.
പതിനാറാം നൂറ്റാണ്ട് യൂറോപ്പിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം കലുഷിതമായ ഒരു കാലഘട്ടമായിരുന്നു. പരസ്പരം യുദ്ധം ചെയ്യുന്ന ചെറു രാജ്യങ്ങളുടെ കൂട്ടമായിരുന്നു, യൂറോപ്പിലുണ്ടായിരുന്നത്. പ്രൊട്ടസ്റ്റന്റ് നവീകരണത്തെ തുടര്‍ന്നുണ്ടായ അനൈക്യം പ്രകടമായിരുന്നു.
അതേ സമയം ഓട്ടോമാന്‍ സാമ്രാജ്യം അത്യന്തം ശക്തമായിരുന്നു. നൂറ് വര്‍ഷത്തിലേറെയായി അവര്‍ ഒരു കടല്‍യുദ്ധം പോലും തോറ്റിട്ടില്ലായിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍ ഉള്‍പ്പെടെ പല ക്രൈസ്തവ നഗരങ്ങളും അവര്‍ കൈയടക്കിയിരുന്നു. ഇക്കാലത്താണ് അവര്‍ റോം ആക്രമിക്കുക എന്ന ലക്ഷ്യം വച്ച് എത്തിയത്.
ഓട്ടോമാന്‍ ശക്തികള്‍ക്കെതിരെ എങ്ങനെ പ്രതിരോധം സൃഷ്ടിക്കാം എന്ന് കൂടിയാലോചിക്കാന്‍ അന്നത്തെ മാര്‍പാപ്പയായിരുന്ന പിയൂസ് അഞ്ചാമന്‍ കത്തോലിക്കാ രാജാക്കന്മാരെ വിളിച്ചു കൂട്ടി. ഹോളി ലീഗ് എന്ന പേരില്‍ ഒരു സൈനിക സഖ്യശക്തി അവര്‍ രൂപീകരിച്ചു.
കാര്യങ്ങള്‍ ഹോളി ലീഗിന് ഒട്ടും അനുകൂലമായിരുന്നില്ല. ഓട്ടോമാന്‍ ആക്രമണത്തില്‍പ്പെട്ടിരുന്ന സൈപ്രസിലെ വെനീഷ്യന്‍ കോളനിയെ രക്ഷിക്കാന്‍ ഹോളി ലീഗ് തീരുമാനിച്ചു. വെനിഷ്യന്‍ നേതാവിനെ കീഴടക്കിയ ഓട്ടോമാന്‍ തലവന്‍ അദ്ദേഹത്തെ ജീവനോടെ ചുട്ടെരിച്ചു കളഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഓട്ടോമാന്‍ ശക്തികളെ നേരിടാന്‍ ഹോളി ലീഗ് സൈന്യം ഗ്രീസിലെ ലെപ്പാന്റോ എന്ന നാവിക കേന്ദ്രത്തിലെത്തുന്നത്.
പല രാജ്യങ്ങളും ഒന്നിച്ചു ചേര്‍ന്നിരുന്നെങ്കിലും ഹോളി ലീഗിനേക്കാള്‍ ശക്തമായിരുന്നു, ഓട്ടോമാന്റെ കപ്പല്‍പ്പട. ആയിടെ മാത്രം ഒന്നിച്ചു ചേര്‍ന്ന ഒരു സൈന്യമായിരുന്നു ഹോളി ലീഗ്. എന്നാല്‍ അനേകം വര്‍ഷങ്ങള്‍ ഒന്നിച്ചു പോരാടി മാനസിക ഐക്യം കൈവരിച്ചവരായിരുന്നു, ഓട്ടോമാന്‍ സൈനികര്‍. ഹോളി ലീഗ് പരാജയപ്പെടുകയാണെങ്കില്‍ അത് യുറോപ്പിന്റെ ഹൃദയം ഓട്ടോമാന്‍ പിടിച്ചടക്കുന്നതു പോലെയാകുമായിരുന്നു. സന്ദര്‍ഭത്തിന്റെ തീവ്രതയെ കുറിച്ച ഉത്തമബോധ്യമുണ്ടായിരുന്ന മാര്‍പാപ്പയ്ക്ക് പ്രാര്‍ത്ഥിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. യുദ്ധം നടക്കുന്ന ദിവസം അദ്ദേഹം ഒരു ജപമാല പ്രദക്ഷിണം റോമില്‍ സംഘടിപ്പിച്ചു. റോമിലെ ആബാലവൃദ്ധം ജനങ്ങള്‍ ആ ജപമാല റാലിയില്‍ പങ്കെടുത്ത് മാതാവിന്റെ മാധ്യസ്ഥം തേടി. ഏവരെയും അമ്പരപ്പിച്ചു കൊണ്ട് അന്ന് ഒരു അത്ഭുതം നടന്നു. പല കാര്യങ്ങളും പ്രതികൂലമായിരുന്നിട്ടും അതിനെ എല്ലാം അതിജീവിച്ച് ഹോളി ലീഗ് യുദ്ധം ജയിച്ചു എന്ന വാര്‍ത്ത എത്തി! ആ സംഭവം യൂറോപ്പിനെ ശത്രുക്കളില്‍ നിന്ന് രക്ഷിക്കുക മാത്രമല്ല വലിയൊരു ജപമാല ഭക്തിക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഇന്ന് ലോകം മുഴുവന്‍ ജപമാല ഭക്തി പ്രചരിക്കാന്‍ ആ സംഭവം ഒരു പ്രധാന ഉപകരണമായി. അതിനു ശേഷം ഫാത്തിമാ അടക്കം പല മരിയന്‍ പ്രത്യക്ഷീകരണങ്ങളിലും മാതാവ് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നതിന്റെ ആവശ്യകത എടുത്തു പറഞ്ഞിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടില്‍ സുപ്രധാനമായ മറ്റൊരു സംഭവം നടന്നത് വിശുദ്ധയായ സിസ്റ്റര്‍ ഫൗസ്റ്റീനിയിലൂടെയാണ്. പോളണ്ടുകാരിയായ സി. ഫൗസ്റ്റീനയിലൂടെയാണ് കര്‍ത്താവ് ദൈവ കരുണയുടെ ഭക്തി ലോകത്തിന് വെളിപ്പെടുത്തിയത്. രണ്ടാം ലോകമഹായുദ്ധത്തെ കുറിച്ച് സിസ്റ്റര്‍ ഫൗസ്റ്റിന പ്രവചിച്ചി്ട്ടുണ്ട്. 1941 ആയപ്പോള്‍ തന്നെ ദൈവകരുണയുടെ ഭക്തി ലോകമെമ്പാടും പടര്‍ന്നിരുന്നു. ഇപ്പോള്‍ നാം കടന്നു പോകുന്ന കൊറോണ വൈറസ് പ്രതിസന്ധിഘട്ടത്തില്‍ ദൈവം നല്‍കിയ വലിയൊരു ആയുധമാണ് ദൈവകരുണയുടെ ഭക്തി. സാധിക്കുമ്പോഴെല്ലാം നാം ദൈവകരുണയുടെ ജപമാല അഥവാ കരുണക്കൊന്ത ചൊല്ലി ലോകം മുഴുവനും വേണ്ടി പ്രാര്‍ത്ഥിക്കണം. പാപം മൂലം ദൈവത്തില്‍ നിന്ന് വളരെ അകന്നു പോയ ലോകത്തിന് ഇനി ദൈവകരുണയില്‍ മാത്രമേ രക്ഷയുള്ളൂ. ദൈവത്തിന്റെ നീതിയില്‍ ഈ ലോകം ശിക്ഷാര്‍ഹമാണ്. എന്നാല്‍ ദൈവം തന്റെ കാരുണ്യം ഒഴുക്കുമ്പോള്‍ നാം സംരക്ഷിക്കപ്പെടും. അതിനാലാണ് നാം ദൈവകരുണയില്‍ ആശ്രയിക്കേണ്ടത്. നിരന്തരമായ നമുക്ക് കരുണക്കൊന്ത ജപിക്കാം. ഫ്രാന്‍സിസ് പാപ്പാ കരുണയുടെ വര്‍ഷം പ്രഖ്യാപിച്ചത് നമുക്ക് ഈ സാഹചര്യത്തില്‍ ഓര്‍മിക്കാം.
ദൈവത്തിന് ഈ ലോകത്തോടും നമ്മോടും എന്തോ പറയാനുണ്ട് എന്നതാണ് ചരിത്രത്തിലെ ദുരന്തങ്ങളും പ്രതിസന്ധികളും വ്യക്തമാക്കുന്നത്. കൊറോണ വൈറസ് ബാധയും ദൈവം അറിയാതെ സംഭവിച്ചതല്ല. ദൈവം ചെയ്യുന്നതല്ലെങ്കിലും ഈ ലോകത്തില്‍ ദൈവത്തിന്റെ അനുവാദം കൂടാതെ യാതൊന്നും സംഭവിക്കുകയില്ല. ഈ വൈറസ് ബാധ കൊണ്ട് ഈ ലോകത്തില്‍ എന്തു നിറവേറണം എന്ന് ദൈവം ആഗ്രഹിച്ചുവോ ആ ദൈവഹിതം ഇവിടെ നിറവേറട്ടെ എന്ന് നമുക്ക് കരുണക്കൊന്ത ചൊല്ലിയും ജപമാല ചൊല്ലിയും പ്രാര്‍ത്ഥിക്കാം. യേശുവനാഥനോടൊപ്പം നമുക്കും പറയാം, പിതാവേ, അങ്ങയുടെ രാജ്യം വരണമേ, അങ്ങയുടെ തിരുഹിതം സ്വര്‍ഗത്തിലെ പോലെ ഭൂമിയിലും ആകണമേ…
എല്ലാവര്‍ക്കും ദൈവാനുഗ്രഹങ്ങളും ദൈവിക സംരക്ഷണങ്ങളും നേര്‍ന്നു കൊള്ളുന്നു.
ഈശോയില്‍ സ്‌നേഹപൂര്‍വം
ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍.