കത്തോലിക്കാ കോണ്‍ഗ്രസ് പ്രഥമ ആഗോള സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
കൊച്ചി: ദുബായിൽ സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ നടക്കുന്ന കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രഥമ ആഗോള സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സീറോ മലബാര്‍ സഭയിലെ 34 രൂപതകളില്‍നിന്നുള്ള അല്മായ പ്രതിനിധികള്‍ സംഗമത്തിൽ പങ്കെടുക്കും. പാലാരിവട്ടം പിഒസിയില്‍ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ലോഗോ പ്രകാശനം നിര്‍വഹിച്ചു.
സഭയുടെ വളര്‍ച്ചയില്‍ കത്തോലിക്ക കോണ്‍ഗ്രസ് വഹിക്കുന്ന പങ്ക് സ്തുത്യര്ഹമാണെന്നു കർദിനാൾ പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഗോള സംഗമം സഭയ്ക്കും സമുദായത്തിനും പുത്തന്‍ ഉണര്‍വും പുതുജീവനും നല്‍കും. ലോകത്തിന്റെ നാനാഭാഗത്തുനിന്നു സമുദായനേതാക്കളുടെ പ്രതിനിധികള്‍ക്കൊപ്പം സഭാപിതാക്കന്മാരും സംഗമത്തില്‍ പങ്കാളികളാകും. കാര്‍ഷിക മേഖലയെ ഉദ്ധരിക്കാനുള്പ്പെടെയുള്ള കര്‍മപദ്ധതികള്‍ക്കു സംഗമം ഇടവരുത്തുമെന്നും കര്‍ദിനാള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
സീറോ മലബാര്‍ സഭ ആഗോള തലത്തില്‍ വളരുന്നതിനോടൊപ്പം സഭയുടെ ഒദ്യോഗിക അല്മായ പ്രസ്ഥാനമായ കത്തോലിക്ക കോണ്‍ഗ്രസും ആഗോളതലത്തില്‍ വളരുന്നതിനു സംഗമം ഉപകരിക്കുമെന്നു മുഖ്യപ്രഭാഷണം നടത്തിയ ബിഷപ് ലെഗേറ്റ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അഭിപ്രായപ്പെട്ടു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സംഗമത്തിന്റെ മുഖ്യരക്ഷാധികാരിയും മാര്‍ റെമീജിയോസ് ഇഞ്ചനാനിയിൽ, ഡയറക്ടര്‍ ഫാ. ജിയോ കടവി എന്നിവർ രക്ഷാധികാരികളുമാണ്. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം ചെയര്‍മാനായും ഗ്ലോബല്‍ ഭാരവാഹികളായ ടോണി പുഞ്ചക്കുന്നേല്‍, ഡോ. മോഹന്‍ തോമസ്, ബെന്നി മാത്യു, ഡേവീസ് എടക്കളത്തൂര്‍ എന്നിവര്‍ വൈസ് ചെയര്മാന്മാരുമായി വിവിധ കമ്മറ്റികള്‍ക്കും രൂപം നല്കി. യുഎയിലേയും വിവിധ ഗള്‍ഫ് രാജ്യങ്ങളിലേയും എസ്എംസിഎ ഭാരവാഹികള്‍ സമ്മേളനത്തിനു നേതത്വം നല്‍കും.