മതാധ്യാപനം മേലിൽ സഭയിലെ അല്മായശുശ്രൂഷ
വത്തിക്കാൻസിറ്റി: മതാധ്യാപകരുടെ ശുശ്രൂഷയെ സഭയിലെ അല്മായരുടെ ഔദ്യോഗിക ദൗത്യമായി ഉയർത്തിക്കൊണ്ട് ഫ്രാൻസിസ് മാർപാപ്പ അപ്പസ്തോലികസന്ദേശം പുറപ്പെടുവിച്ചു. മേയ് പത്തിനു മാർപാപ്പ ഒപ്പുവച്ച സന്ദേശം ‘അന്തീകുവും മിനിസ്റ്റേരിയും’ (പുരാതന ശുശ്രൂഷ) ഇന്നലെ എട്ടു ഭാഷകളിൽ പ്രസിദ്ധീകരിച്ചു.
മതാധ്യാപനത്തെ പുതിയൊരു അല്മായ ശുശ്രൂഷയായി സ്ഥാപിക്കുന്നതുവഴി ഓരോ ക്രൈസ്തവന്റെയും പ്രേഷിതദൗത്യത്തെ അടിവരയിട്ട് ഉറപ്പിക്കുന്നതായി മാർപാപ്പ പറഞ്ഞു. വൈദികശുശ്രൂഷയിൽനിന്നു വ്യത്യസ്തമായി അവർ ഇതു ലോകത്തിന്റെ സമകാലീന മേഖലകളിൽ സാക്ഷാത്കരിക്കണം. സഭാരംഭകാലം മുതല്ക്കേ മതാധ്യാപകർക്ക് സഭാചരിത്രത്തിലുണ്ടായിരുന്ന പങ്ക് അദ്ദേഹം അനുസ്മരിച്ചു. പുതിയ നിയമത്തിലെ കൊറീന്ത്യർക്കുള്ള ഒന്നാം ലേഖനത്തിൽ അവരെ പ്രബോധകർ എന്നാണു വിശേഷിപ്പിക്കുന്നത്. സഭയുടെ വളർച്ചയിൽ മതാധ്യാപകർ വഹിച്ച പങ്ക് നിസ്തുലമാണ്. സുവിശേഷവത്കരണ സംരംഭങ്ങളിൽ അല്മായരുടെ പങ്കാളിത്തത്തെക്കുറിച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ നല്കിയ നിർദേശങ്ങൾ അദ്ദേഹം അനുസ്മരിച്ചു.
അല്മായരെ മതാധ്യാപകരായി നിയോഗിച്ച് ശുശ്രൂഷ ഭരമേല്പിക്കുന്നതിന്റെ ക്രമം ദൈവാരാധനയ്ക്കു വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയം ഉടൻ പ്രസിദ്ധീകരിക്കും. മതാധ്യാപകരുടെ തെരഞ്ഞെടുപ്പും പരിശീലനവും സംബന്ധിച്ച കാര്യങ്ങൾ അതതു രാജ്യങ്ങളിലെ മെത്രാൻസമിതികളാണു നിശ്ചയിക്കേണ്ടതെന്നു മാർപാപ്പ പറഞ്ഞു. 1972ൽ പോൾ ആറാമൻ മാർപാപ്പയാണ് മതാധ്യാപകദൗത്യം ഒരു ശുശ്രൂഷയായി പരിഗണിക്കണമെന്ന് ആദ്യം നിർദേശിച്ചത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.