ഭൂഗര്‍ഭ കല്ലറകളുടെ കഥ
കറ്റക്കോമ്പുകള്‍ (Catacombs) എന്നറിയപ്പെടുന്ന പുരാതനമായ ഭൂഗര്‍ഭ കല്ലറകള്‍ ക്രിസ്തുമതത്തിന്റെ ആദിമചരിത്രവുമായി അഭേദ്യമാം വിധം ബന്ധപ്പെട്ടിരിക്കുന്നു. റോമില്‍ നിന്നു മാത്രം അറുപതോളം ഭൂഗര്‍ഭ കല്ലറകള്‍ കണ്ടെത്തിയിട്ടുണ്ട്. ക്രിസ്ത്യാനികളെ അടക്കം ചെയ്തിട്ടുള്ള 40 ലേറെ ഭൂഗര്‍ഭ കല്ലറകള്‍ അതില്‍ പെടും.
പുരാതന റോമാ സാമ്രാജ്യത്തില്‍ നഗരമതിലുകള്‍ക്കുള്ളില്‍ മരിച്ചവരെ അടക്കം ചെയ്യുന്നത് നിയമവിരുദ്ധമായിരുന്നു. ക്രിസ്തുമത വിശ്വാസികള്‍ അല്ലാത്തവര്‍ തങ്ങളുടെ മരിച്ചവരെ ദഹിപ്പിച്ചപ്പോള്‍, തങ്ങള്‍ക്കിടയില്‍ നിന്നും മരണപ്പെട്ടവരെ അടക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് ഭൂഗര്‍ഭ അറകള്‍ തേടി പോകണ്ടതായി വന്നു. പലപ്പോഴും ഇത്തരം സംസ്കാരങ്ങള്‍ നടത്തിയിരുന്നത് ക്രിസ്തീയ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള പള്ളികളുടെ അടിഭാഗത്തായിരുന്നു. ക്രിസ്ത്യാനികള്‍ക്കു മുമ്പേ ഈ ആചാരം യഹൂദരുടെ ഇടയില്‍ നിലവിലുണ്ടായിരുന്നു. യഹൂദരുടെ ആറ് കാറ്റക്കോമ്പുകള്‍ ഇപ്രകാരം കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.
സെഫിറിന് മാര്‍പാപ്പ
രണ്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മാര്‍പാപ്പയായിരുന്ന സെഫിറിന് പാപ്പായുടെ കാലത്ത് ആപ്പിയന്‍ വീഥിയില്‍ ഒരു സെമിത്തേരി പണികഴിപ്പിക്കാന്‍ അദ്ദേഹം ഡീക്കനായിരുന്ന കല്ലിസ്റ്റസിനെ ചുമതലപ്പെടുത്തി എന്ന് ചരിത്രം പറയുന്നു. ഇവിടെയാണ് മൂന്നാം നൂറ്റാണ്ടിലെ പാപ്പാമാരെ അടക്കിയിരിക്കുന്നത്.
രക്തസാക്ഷികളുടെ കല്ലറകള്‍
ക്രിസ്തുമതത്തെ നിയമവിരുദ്ധ മതമായി ഗണിച്ചിരുന്ന റോമാസാമ്രാജ്യത്തിന്റെ കീഴില്‍ പക്ഷേ, ക്രിസ്തുമതം തഴച്ചു വളര്‍ന്നു. രണ്ടും മൂന്നും നൂറ്റാണ്ടുകളില്‍ ഭൂഗര്‍ഭ കല്ലറകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. രക്തസാക്ഷിത്വം വരിച്ച ക്രിസ്ത്യാനികളുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇത്തരം ഭൂഗര്‍ഭ കല്ലറകളില്‍ അടക്കം ചെയ്തത് പിന്നീട് തീര്‍ത്ഥാടനകേന്ദ്രങ്ങളായി മാറി.
എഡി 380 ല്‍ ക്രിസ്തുമതം റോമിന്റെ ഔദ്യോഗിക മതമായതിനു ശേഷം ഭൂഗര്‍ഭ കല്ലറകളില്‍ മൃതദേഹങ്ങളെ അടക്കുന്ന പതിവിന് അറുതി വന്നെങ്കിലും കാറ്റക്കോംമ്പുകളിലെ വിശുദ്ധ രക്തസാക്ഷികള്‍ക്കൊപ്പം അടക്കം ചെയ്യപ്പെടാന്‍ പല വിശ്വാസികളും ആഗ്രഹിച്ചു. ക്രമേണ ഈ പതിവും നിലച്ചു. പള്ളികളുമായി ബന്ധപ്പെട്ട സെമിത്തേരികളില്‍ മരിച്ചവരെ അടക്കം ചെയ്യാന്‍ തുടങ്ങി. പിന്നീട് രക്തസാക്ഷികളുടെ ഓര്മയാചരണ ക്രിയകള്‍ക്കു മാത്രമായി കാറ്റക്കോംമ്പ് സന്ദര്‍ശനങ്ങള്‍. പില്ക്കാലത്ത് വാന്‍ഡലുകളുടെയും ലൊംബാര്‍ഡുകളുടെയും ആക്രമണത്തിന് റോം ഇരയായപ്പോള്‍ ഈ കല്ലറകളില്‍ പലതും കൊള്ളയടിക്കപ്പെട്ടു.
ഭൂഗര്‍ഭ കല്ലറകളിലെ കലാരൂപങ്ങള്‍
ക്രിസ്തീയ പ്രതീകങ്ങളുടെ ചിത്രങ്ങളും രേഖകളുമെല്ലാം ഭൂഗര്‍ഭ കല്ലറകളുടെ ഉള്ളിലെ ഭിത്തികളില്‍ കാണാം. പഴയ നിയമത്തില്‍ നിന്നുള്ള കഥകള്‍ അവയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. തിമിംഗലത്തിന്റെ വായില്‍ നിന്നും രക്ഷപ്പെടുന്ന യോനായുടെ ചിത്രം ക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ പ്രതീകമായി നിലകൊള്ളുന്നു. ബാബിലോണിയന്‍ പ്രവാസകാലത്ത് അഗ്നിയില്‍ നിന്നും സംരക്ഷിക്കപ്പെടുന്ന മൂന്നു യഹൂദയുവാക്കളുടെ ചിത്രങ്ങളും കാണാം. ദാനിയേല്‍ പ്രവാചകന് സിംഹക്കൂട്ടില്‍, പ്രളയത്തിലെ നോഹ തുടങ്ങിയവും അവയില്‍ ചിലതാണ്.
പുതിയ നിയമത്തില്‍ നിന്നുള്ള ചിത്രങ്ങളില്‍ യേശുവിന്റെ അത്ഭുതങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. ലാസറിനെ ഉയിര്‍പ്പിക്കുന്നതും രക്തസ്രാവക്കാരിയുടെ സൗഖ്യവും അഞ്ചപ്പത്തിന്റെ അത്ഭുതവും നായിനിലെ വിധവയുമെല്ലാം ഇവിടെ ചിത്രങ്ങളാകുന്നു. പരിശുദ്ധ അമ്മയുടെ ഏറ്റവും പഴക്കമേറിയ ഒരു ചിത്രമുള്ളത് പ്രിശില്ലയുടെ കല്ലറയിലാണ്. വിയ സലാറിയയിലാണ് ഇതുള്ളത്.