വിവാഹിതരുടെ പൗരോഹിത്യം: കൂടുതല്‍ പഠനം ആവശ്യമെന്ന് കര്‍ദിനാള്‍ ടര്‍ക്ക്സണ്‍
വത്തിക്കാന്‍ സിറ്റി: വിവാഹിതരുടെ പൗരോഹിത്യത്തെ സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ വേണ്ടി വരുമെന്നും ആമസോണ്‍ സിനഡിന് ശേഷവും അത് തുടരുമെന്നും കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്ക്സണ്‍. വത്തിക്കാന്റെ ഡിക്കാസ്റ്ററി ഫോര്‍ ദ പ്രൊമോഷന് ഓഫ് ഇന്റഗ്രല്‍ ഹ്യൂമന്‍ ഡെവലപ്മെന്റിന്റെ പ്രീഫെക്ടാണ് കര്‍ദിനാള്‍ ടര്‍ക്ക്സണ്‍.
‘ആമസോണിന്റെ പശ്ചാത്തലത്തില്‍ മാത്രമല്ല, സാര്‍വത്രിക സഭയെ ആകെ ബാധിക്കുന്ന തരത്തില്‍ സ്ഥിരതയാര്‍ന്ന ഒരു വീക്ഷണവും നിലപാടും ഇക്കാര്യത്തില്‍ കൊണ്ടു വരുന്നതിന് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്’ ടര്‍ക്ക്സണ്‍ പറഞ്ഞു.
ആമസോണ്‍ പ്രദേശങ്ങളില്‍ സഭയുടെ ശുശ്രൂഷയുമായി ബന്ധപ്പെട്ട് വത്തിക്കാനില്‍ നടക്കുന്ന ആമസോണ്‍ സിനഡില്‍ വിവാഹിതരുടെ പൗരോഹത്യത്തെ കുറിച്ച് ചര്‍ച്ചയും തീരുമാനവും വേണമെന്ന് നിരവധി ബിഷപ്പുമാര്‍ ആവശ്യപ്പെട്ടിരുന്നു.