പൗരത്വം: ചർച്ചയിലൂടെ പരിഹരിക്കണമെന്നു കർദിനാൾ ഗ്രേഷ്യസ്
മുംബൈ: പൗരത്വ നിയമ ഭേദഗതിയും അതേച്ചൊല്ലിയുള്ള വിവാദങ്ങളും പ്രക്ഷോഭങ്ങളും രാജ്യത്ത് ആശങ്കാജനകമായ സ്ഥിതി സംജാതമാക്കിയിരിക്കുന്നുവെന്നു സിബിസിഐ പ്രസിഡന്റും ബോംബെ ആർച്ച്ബിഷപ്പുമായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ അദ്ദേഹം ഗവൺമെന്റിനോട് അഭ്യർഥിച്ചു. രാജ്യത്തിന്റെ ഹിതംനോക്കി നിയമനിർമാണത്തിൽ നിന്നു പിന്നോട്ടുപോകുന്നതിൽ ദോഷമില്ലെന്നും അദ്ദേഹം പറഞ്ഞു.
കർദിനാളിന്റെ പ്രസ്താവന: “പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളും ബദൽ പ്രക്ഷോഭങ്ങളും വിവാദങ്ങളും എല്ലാ പൗരന്മാരിലും ആശങ്ക വളർത്തുന്നതും രാജ്യത്തിനു ദോഷകരമാകാവുന്നതുമാണ്. മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണം എന്ന അപകടത്തിനു സാധ്യതയുണ്ട്. അതു രാജ്യത്തിനു വളരെ ദോഷകരമാകും. രാജ്യത്തു പൗരത്വത്തിനു മതം മാനദണ്ഡമാകരുത്. ഒപ്പം അഭിപ്രായവ്യത്യാസങ്ങൾക്കു പരിഹാരം അക്രമമല്ലെന്നും മനസിലാക്കണം. നിയമത്തെ എതിർക്കുന്നവരുമായി ഗവൺമെന്റ് ചർച്ച നടത്തേണ്ടതും മുന്നോട്ടുള്ള മാർഗത്തെപ്പറ്റി നീതിയും സമത്വവും ന്യായവും കണക്കിലെടുത്തു ധാരണയിലെത്തേണ്ടതും ആവശ്യമാണ്. രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്ക് ആവശ്യമാണെന്നു കണ്ടാൽ നിയമം പിൻവലിക്കുന്നതിലോ അതിന്റെ ഗതി മാറ്റുന്നതിലോ ദോഷമില്ല. ക്രിസ്മസ് ശാന്തിയുടെയും നീതിയുടെയും ഐക്യത്തിന്റെയും സമയമാണ്. ബെത്ലഹേമിൽ നമ്മുടെ കർത്താവ് മനുഷ്യർക്കായി കൊണ്ടുവന്ന ഈ മൂല്യങ്ങളാകണം എല്ലായ്പോഴും നമ്മെ നയിക്കേണ്ടത്.”