തടങ്കലിൽ തനിക്ക് ശക്തി നൽകിയത് വിശുദ്ധ കുർബാന: കാമറൂൺ വൈദികന്റെ വെളിപ്പെടുത്തൽ
കാമറൂണില്‍ വിഘടനവാദി സംഘടനയുടെ തടങ്കലിൽ കഴിഞ്ഞ സമയത്ത് വിശുദ്ധ കുർബാനയാണ് തനിക്ക് ശക്തി നൽകിയതെന്ന് കത്തോലിക്ക വൈദികൻ ഫാ. ക്രിസ്റ്റഫർ എബോക്കയുടെ വെളിപ്പെടുത്തൽ. മെയ് 22നു അംബാ ബോയ്സ് എന്ന വിഘടനവാദി സംഘടനയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത്. മെയ് 30നു വിട്ടയച്ചു. തടങ്കലിൽ കഴിഞ്ഞ നാളുകളിൽ കൂടുതല്‍ പ്രാർത്ഥിക്കാൻ സാധിച്ചെന്നും, നാല് വിശുദ്ധ കുർബാന അർപ്പിച്ചുവെന്നും ഫാ. ക്രിസ്റ്റഫർ എബോക്ക പറഞ്ഞു. പ്രാർത്ഥിക്കാൻ അനുവാദം ചോദിച്ച സമയങ്ങളിൽ യാതൊരു എതിർപ്പും കൂടാതെ സംഘടനയിലെ അംഗങ്ങൾ അനുവാദം നൽകിയെന്നും, ഒരിക്കൽ സംഘടനയുടെ തലവൻ അംഗങ്ങൾക്ക് സന്ദേശം നൽകാൻ ആവശ്യപ്പെട്ടുവെന്നും മംമഫി രൂപതാംഗം കൂടിയായ ഫാ. എബോക്ക കൂട്ടിച്ചേർത്തു.
സെന്റ് ജോസഫ് കത്തീഡ്രലിന്റെ പരിധിയിലുള്ള ഒരു സ്റ്റേഷൻ ദേവാലയത്തിൽ മെയ് 23 പന്തക്കുസ്ത ദിന തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകാൻ മറ്റൊരാളുമായി ബൈക്കിൽ പോകവേയാണ് ഇരുവരെയും അംബാ ബോയ്സ് തട്ടിക്കൊണ്ടു പോകുന്നത്. മറ്റൊരു സ്റ്റേഷൻ ദേവാലയത്തിലും അന്നേദിവസം വിശുദ്ധകുർബാന അർപ്പിക്കാം എന്നേറ്റിരുന്നതിനാൽ താമസസ്ഥലത്തുനിന്ന് മേയ് ഇരുപത്തിയൊന്നാം തീയതി തന്നെ ക്രിസ്റ്റഫർ എബോക്ക യാത്ര ആരംഭിച്ചിരുന്നു. കത്തോലിക്ക സഭ സർക്കാരുമായി ചേർന്ന് സംഘടനയ്ക്കെതിരെ പോരാടുകയാണ് എന്നതിനാലാണ് ഒരു വൈദികനായ തന്നെ തട്ടിക്കൊണ്ടു പോയതെന്ന് അംബാ ബോയ്സിന്റെ തലവൻ പറഞ്ഞതായി അദ്ദേഹം സ്മരിച്ചു.
തടവിലായിരിക്കുന്ന സമയത്തും അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പണം മുടക്കിയിരിന്നില്ല. തടവിലായതിന് പിന്നീടുള്ള ദിവസങ്ങളിൽ അവർ താമസിച്ച സ്ഥലം വൃത്തിയാക്കുക എന്ന ജോലി, കാവൽക്കാർ ക്രിസ്റ്റഫർ എബോക്കയെയും, ഒപ്പമുണ്ടായിരുന്ന ആളെയും ഏൽപ്പിച്ചു. എന്നാൽ ഒരിക്കൽപോലും അവർ തങ്ങളുടെ മോശമായി പെരുമാറിയില്ലായെന്ന് എബോക്ക പറയുന്നു. ഇതിനിടയിൽ രണ്ട് വേദപാഠ അധ്യാപകരും, മറ്റൊരു അല്മായനും എബോക്കയെ കാണാനെത്തി. സംഘടനയുടെ തലവൻ അവിടെ എത്തിയ അല്മായനെ മർദ്ദിക്കാൻ സംഘാംഗങ്ങളോട് ആവശ്യപ്പെട്ടു. എബോക്ക ഇത് തടുക്കാൻ നോക്കിയപ്പോൾ അദ്ദേഹത്തിന്റെ ശിരസ്സിൽ വെടി ഉതിർക്കുമെന്ന് സംഘടനയുടെ തലവൻ ഭീഷണിമുഴക്കി. എന്നാൽ പിന്നീട് ക്രിസ്റ്റഫർ എബോക്കയൂടെ ഇടപെടൽ മൂലം മൂന്നു പേരെയും വെറുതെവിടാൻ തലവൻ തയ്യാറായി.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.