രണ്ടര ലക്ഷത്തോളം പേര്‍ നേരില്‍ കണ്ട ഈജിപ്തിലെ മരിയന്‍ ദര്‍ശനം

ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയില്‍ സെയ്റ്റൂണ്‍ ജില്ലയില്‍ മാതാവ് അനേകം പേരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടതായി സാക്ഷ്യങ്ങളുണ്ട്. 1968 ഏപ്രില്‍ 2 ന് ആരംഭിച്ച മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ മൂന്നു വര്‍ഷത്തോളം നീണ്ടു നിന്നു.

സെയ്റ്റൂണിലെ ആദ്യ പ്രത്യക്ഷീകരണം നടന്നത് 1968 ഏപ്രില്‍ മാസത്തില്‍ ഒരു മുസ്ലീം ബസ് മെക്കാനിക്കായ ഫാറൂക്ക് മൊഹമ്മദ് അത്വയ്ക്കാണ്. സെയ്റ്റൂണിലെ സെന്റ് മേരീസ് കോപ്റ്റിക്ക് ദേവാലയ പരിസരത്തുള്ള തെരുവിലാണ് ഫാറൂക്ക് ജോലി ചെയ്തിരുന്നത്. പള്ളിയുടെ മുകളില്‍ ഒരു സ്ത്രീരൂപം നില്‍ക്കുന്നത് ഫാറൂക്ക് കണ്ടു. ഏതോ സ്ത്രീ മുകളില്‍ നിന്ന് താഴേക്കു ചാടി ആത്മഹത്യ ചെയ്യാന്‍ ഭാവിക്കുകയാണെന്ന് തെറ്റിദ്ധരിച്ച് ഫാറുക്ക് ഉടന്‍ പോലീസിനെ വിളിച്ചു. ഫാറൂക്കിനോടൊപ്പം വേറെ രണ്ടു പേര്‍ കൂടി സ്ത്രീരൂപം കണ്ടു.

പോലീസ് എത്തുമ്പോള്‍ അവിടെ ആള്‍ക്കൂട്ടം തിങ്ങി നിറഞ്ഞിരുന്നു. അത് തെരുവു വിളക്കുകളുടെ പ്രകാശം കൂടിക്കലര്‍ന്ന് ഉണ്ടായ തോന്നലായിരിക്കുമെന്നാണ് പോലീസുകാര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ദര്‍ശനം നേരില്‍ കണ്ട നാട്ടുകാര്‍ പോലീസിന്റെ അഭിപ്രായത്തോട് യോജിച്ചില്ല. പോലീസ് അവരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും പോയില്ല. ഏതാനും നിമിഷങ്ങള്‍ക്കു ശേഷം ആ ദര്‍ശനം അപ്രത്യക്ഷമായി.

ഒരാഴ്ച കഴിഞ്ഞ് ഏപ്രില്‍ 9 ാം തീയതി ഈ പ്രതിഭാസം വീണ്ടും പ്രത്യക്ഷമായി. ഇത്തവണയും ഏതാനും നിമിഷങ്ങള്‍ തെളിഞ്ഞു നിന്ന ശേഷം രൂപം അപ്രത്യക്ഷമായി. അതിന് ശേഷം ആ ദര്‍ശനം പതിവായി കാണപ്പെടാന്‍ ആരംഭിച്ചു. ചിലപ്പോള്‍ ആഴ്ചയില്‍ രണ്ടും മുന്നും തവണ വീതം ദര്‍ശനം കാണപ്പെട്ടു. അവസാനത്തെ ദര്‍ശനം 1971 ആയിരുന്നു. കോപ്റ്റിക്ക് പാരമ്പര്യം അനുസരിച്ച് ആ സ്ഥലം ഈജിപ്തിലേക്കുള്ള പലായനമധ്യേ തിരുക്കുടുംബം വിശ്രമിച്ച സ്ഥലമാണ്.

അലക്‌സാണ്‍ഡ്രിയയിലെ കോപ്റ്റിക്ക് ഓര്‍ത്തൊഡോക്‌സ് സഭയുടെ തലവന്‍ കിറീലോസ് ആറാമന്‍ ഈ പ്രത്യക്ഷീകരണത്തെ കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചു. മെത്രാന്‍മാരും പുരോഹിതരും അടങ്ങുന്ന പ്രമുഖര്‍ സമിതിയില്‍ അംഗങ്ങളായിരുന്നു. ബിഷപ്പ് ഗ്രിഗോറിയോസ് ആയിരുന്നു സംഘത്തലവന്‍. മെയ് 4 ന്, പഠനങ്ങളുടെ വെളിച്ചത്തില്‍ മരിയന്‍ ദര്‍ശനം വിശ്വാസയോഗ്യവും സത്യവുമാണെന്ന് കിറിലോസ് ആറാമന്‍ പ്രഖ്യാപിച്ചു.
സേക്രഡ് ഹാര്‍ട്ട് സൊസൈറ്റിയിലെ കന്യാസ്ത്രീകളും സംഭവത്തിന് സാക്ഷ്യം വഹിക്കുകയും പ്രത്യക്ഷീകരണത്തെ കുറിച്ചു വിശദമായൊരു റിപ്പോര്‍ട്ട് വത്തിക്കാനിലേക്ക് അയക്കുകയും ചെയ്തു. ഏപ്രില്‍ 28 ന് വത്തിക്കാന്‍ പ്രതിനിധി വന്ന് സംഭവം നേരില്‍ കാണുകയും പോള്‍ ആറാമന്‍ പാപ്പായ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍, കോപ്റ്റിക് ദേവാലയത്തിന് മുകളില്‍ പ്രതിഭാസം സംഭവിച്ചതിനാല്‍ പരിശോധനയും ഔദ്യോഗിക അന്വേഷണവും വത്തിക്കാന്‍ കോപ്റ്റിക്ക് സഭയ്ക്ക് വിട്ടു കൊടുത്തു. ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഗമാല്‍ അബ്ദെല്‍ നാസര്‍ ഈ ദര്‍ശനങ്ങള്‍ സ്വന്തം കണ്ണുകളാല്‍ കാണുകയുണ്ടായി. ദര്‍ശനത്തിന്റെ ഫോട്ടോഗ്രാഫുകള്‍ പത്രങ്ങളിലും ദൃശ്യങ്ങള്‍ ഈജിപ്ഷ്യന്‍ ടെലിവിഷനിലും വന്നു.

പോലീസ് നടത്തിയ അന്വേഷണങ്ങള്‍ക്കൊന്നും ഈ അസ്വാഭാവിക പ്രതിഭാസത്തെ വിശദീകരിക്കാന്‍ കഴിഞ്ഞില്ല. അത്തരം ഒരു രൂപം അവിടെ പ്രതിബിംബിക്കാന്‍ കഴിയുന്ന യാതൊരു ഉപകരണവും സ്ഥലത്തിന്റെ പതിനഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ പോലീസിന് കണ്ടെത്താനായില്ല. ഫോട്ടോഗ്രാഫുകള്‍ പരിശോധിച്ചതില്‍ നിന്ന് യാതൊരു കൈകടത്തലുകളും നടന്നിട്ടില്ലെന്ന് തെളിഞ്ഞു. അവസാനം, ആ ദര്‍ശനങ്ങളെല്ലാം സത്യമായിരുന്നുവെന്ന് ഈജിപ്ഷ്യന്‍ സര്‍ക്കാരും സമ്മതിച്ചു. ഏതാണ്ട് രണ്ടര ലക്ഷത്തോളം പേര്‍ ഈ ദര്‍ശനങ്ങള്‍ നേരില്‍ കണ്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.

2018 മെയ് 18 ാം തീയതി കോപ്റ്റിക്ക് സഭ കെയ്‌റോ ദര്‍ശനങ്ങളുടെ സുവര്‍ണജൂബിലി ആഘോഷിച്ചു. കോപ്റ്റിക്ക് സഭയുടെ തലവന്‍ തവാഡ്രോസ് രണ്ടാമന്‍ നാല് മണിക്കൂര്‍ നീണ്ട കുര്‍ബാനയ്ക്ക് നേതൃത്വം കൊടുത്തു. ഈജിപ്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ അതില്‍ പങ്കു കൊണ്ടു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles