മലയാളിയായ ടോം ആദിത്യ ബ്രട്ടിനില്‍ മേയര്‍
ബ്രിസ്റ്റോൾ ബ്രാഡ്ലി സ്റ്റോക്ക് നഗരത്തിന്റെ മേയറായി മലയാളിയായ ടോം ആദിത്യ തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ ആദ്യത്തെ തെക്കേ ഇന്ത്യക്കാരനായ ജനപ്രതിനിധിയാണ് ടോം ആദിത്യ. സൗത്ത് വെസ്റ്റ് ഇംഗ്ളണ്ടിൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ വംശജൻ മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്. യൂറോപ്പിലും, ഗ്രേറ്റ് ബ്രിട്ടനിലും ആദ്യമായിട്ടാണ് ഒരു സിറോ മലബാർ സഭാഗം മേയർ ആയി തിരഞ്ഞെടുക്കപ്പെടുന്നത് എന്ന പ്രേത്യേകതയും ടോമിന്റെ ഈ സ്ഥാനലബ്ധിക്കുണ്ട്.
കാഞ്ഞിരപ്പള്ളി രൂപത അംഗമായ ടോം, റാന്നി ഇരൂരിയ്ക്കല്‍ ആദിത്യപുരം തോമസ് മാത്യുവിന്റെയും ഗുലാബി മാത്യുവിന്റെയും പുത്രനും, ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും, പാലാ നഗരത്തിൻറ്റെ ആദ്യകാല നേതാവുമായിരുന്ന വെട്ടം മാണിയുടെ പൗത്രനുമാണ്. ഭാര്യ: ലിനി; മക്കൾ: അബിഷേക്, അലീന, ആല്‍ബെര്‍ട്ട്, അഡോണ, അല്‍ഫോന്‍സ്. റോസ് പ്രീനാ, സിറിൽ പ്രണാബ് എന്നിവര്‍ സഹോദരങ്ങളാണ്.
സൌത്ത് വെസ്റ് ഇംഗ്ളണ്ടിലെ ബ്രിസ്റ്റോൾ സിറ്റിയും ഒന്‍പതു സമീപ ജില്ലകളും ഉള്‍പ്പെടുന്ന പോലീസ് ബോർഡിൻറെ വൈസ് ചെയർമാനായും, ബ്രിസ്റ്റോൾ സിറ്റി കൗൺസിലിന്റെ സാമുദായിക സൗഹാർദ സമിതിയുടെ ചെയർമാനായും ടോം ആദിത്യ സേവനം ചെയ്യുന്നു. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്കു ബ്രെക്സിറ്റ് വിഷയത്തിലെ പ്രതിസന്ധി കാരണം ഇംഗ്ലണ്ടിൽ 1335 ൽ അധികം കൗൺസിലർമാരെ നഷ്ടപ്പെട്ട് കാലിടറിയപ്പോഴും, പടിഞ്ഞാറൻ ഇംഗ്ലണ്ടിൽ 2007 മുതൽ ഇക്വാലിറ്റീസ് കമ്മീഷൻ ചെയർമാനായും, പിന്നീട് കൗൺസിലറായും, 2017 മുതൽ ഡെപ്യൂട്ടി മേയർ ആയും പ്രവർത്തിച്ച മലയാളിയായ ടോം ആദിത്യ എല്ലാ കൊടുംകാറ്റുകളെയും അതിജീവിച്ചു വീണ്ടും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു. പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ആദ്യത്തെ ഏഷ്യൻ കൗൺസിലറും, മേയറും കൂടിയാണ് അദ്ദേഹം.