അഭിഷേകത്തോടെ സുവിശേഷം പ്രഘോഷിക്കുമ്പോള്‍
കുറെ വർഷങ്ങൾക്കുമുൻപ് ഇംഗ്ലണ്ടിൽ നടന്ന ഒരു സമ്മേളനത്തിൽ പ്രസംഗിക്കാനെത്തിയത് വളരെ വലിയൊരു സംഗീതജ്ഞനാണ്. അദ്ദേഹം ആ സമ്മേളനത്തിൽ പ്രസംഗിക്കുമ്പോൾ താനെന്തെങ്കിലും ഈ സദസിനുവേണ്ടി ചെയ്യേണ്ടതുണ്ടോ എന്ന് ചോദിച്ചു. അപ്പോൾ വൃദ്ധനായ ഒരു മനുഷ്യൻ എഴുന്നേറ്റ് നിന്ന് അദ്ദേഹത്തോട് ഇരുപത്തിമൂന്നാം സങ്കീർത്തനം ഗാനമായി ആലപിക്കാമോ എന്ന് ചോദിച്ചു. ഇതുകേട്ടപ്പോൾ ആ സംഗീതജ്ഞന് വളരെയധികം സന്തോഷം തോന്നി. അദ്ദേഹം പറഞ്ഞു: ഞാനത് പാടാം. എന്നാൽ ഞാൻ അത് പാടിയതിനുശേഷം താങ്കളും അത് പാടണം. അങ്ങനെ നല്ല രാഗത്തിൽ ആ സംഗീതജ്ഞൻ ഇടയഗീതം ആലപിച്ചു.
പാട്ടുകേട്ട എല്ലാവരും ഉച്ചത്തിൽ കരഘോഷം മുഴക്കി അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. അതിനുശേഷം വൃദ്ധനായ മനുഷ്യൻ താളമേളങ്ങളുടെ അകമ്പടിയൊന്നുമില്ലാതെ സങ്കീർത്തനം പാടാൻ ആരംഭിച്ചു. പാട്ടു നിർത്തിക്കഴിഞ്ഞപ്പോൾ ആരും കരഘോഷം മുഴക്കിയില്ല. എല്ലാവരും ശാന്തമായിരുന്നതേയുള്ളൂ. എന്നാൽ എല്ലാവരുടെയും കവിൾത്തടങ്ങളിലൂടെ കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു. വൃദ്ധൻ പാടിക്കഴിഞ്ഞപ്പോൾ സംഗീതജ്ഞൻ സദസിനെ നോക്കി ഇപ്രകാരം പറഞ്ഞു: എനിക്ക് ഇടയഗീതം പാടാൻ അറിയാമായിരുന്നു. എന്നാൽ ഇദ്ദേഹത്തിന് ഇടയനെ നല്ലതുപോലെ അറിയാം.
അഭിഷേകമുള്ള വ്യക്തിയുടെ സാന്നിധ്യംപോലും വ്യക്തികളിൽ മാറ്റം വരുത്തും. അനുഭവത്തിൽനിന്ന് നാം പ്രസംഗിക്കുമ്പോൾ അത് വ്യക്തികളെ സ്പർശിക്കും. അപ്പസ്‌തോലന്മാർ അനുഭവിച്ചറിഞ്ഞതാണ് ലോകത്തോട് പ്രസംഗിച്ചത്. സമരിയാക്കാരി അനുഭവത്തിന്റെ നിറവിൽനിന്ന് പറഞ്ഞതുകൊണ്ടാണ് ഒരു പട്ടണം മുഴുവൻ യേശുവിന്റെ അടുത്തേക്ക് വന്നത്.
”വാക്കാലും പ്രവൃത്തിയാലും, അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ബലത്താലും പരിശുദ്ധാത്മാവിന്റെ ശക്തിയാലും ഞാൻ വഴി ക്രിസ്തു പ്രവർത്തിച്ചവയൊഴികെ ഒന്നിനെക്കുറിച്ചും സംസാരിക്കാൻ ഞാൻ തുനിയുകയില്ല. തന്നിമിത്തം, ഞാൻ ജറുസലെം തുടങ്ങി ഇല്ലീറിക്കോൺവരെ ചുറ്റിസഞ്ചരിച്ച് ക്രിസ്തുവിന്റെ സുവിശേഷം പൂർത്തിയാക്കി” (റോമാ 15:18-20). നാം എത്ര നന്നായി പ്രസംഗിക്കുന്നവരായാലും എത്ര ജനപ്രീതിയുള്ളവരായാലും ബുദ്ധിപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നവരായാലും ദൈവം ഏറ്റെടുക്കുമ്പോഴാണ് വിജയം ഉണ്ടാകുന്നത്. സ്വന്തം കഴിവുകളും കഴിഞ്ഞ കാലത്തെ അനുഭവങ്ങളും അറിവുകളും പരിചയവുംകൊണ്ട് വിജയകരമായ ആത്മീയശുശ്രൂഷ ചെയ്യുവാൻ സാധ്യമല്ല. അവയ്ക്കുമീതെ ദൈവസാന്നിധ്യത്തിന്റെ പ്രത്യേകമായ സ്പർശനംകൂടി വേണം. നമ്മുടെ സ്വന്തമായ പരിശ്രമംകൊണ്ട് സ്വർഗീയാഗ്നിയിൽനിന്ന് ഒരു മെഴുകുതിരി ജ്വാലപോലും കത്തിച്ചെടുക്കുവാൻ നമുക്ക് സാധിക്കുകയില്ല.
മാനവ സമൂഹത്തിന്റെ വീണ്ടെടുപ്പിന്റെ മഹാസംഭവമാണ് സുവിശേഷം. അതിന്റെ ഏടുകളിൽ വിരസമായ ഒരു താൾ പോലുമില്ല. അതുകൊണ്ട് സുവിശേഷം പ്രസംഗിക്കേണ്ട നാം ഒരിക്കൽപോലും വിരസഭാവത്തോടെയായിരിക്കരുത്. നാമും നമുക്ക് ചുറ്റുമുള്ള ലോകവും നശിക്കാതിരിക്കാനുള്ള ഒറ്റമൂലിയാണ് സുവിശേഷം. അതുകൊണ്ട് സുവിശേഷം പ്രസംഗിക്കാതിരിക്കുക എന്നു പറഞ്ഞാൽ രോഗിയിൽനിന്ന് മരുന്ന് തടഞ്ഞുവയ്ക്കുന്നതിന് തുല്യമാണ്. ”സുവിശേഷത്തെപ്പറ്റി ഞാൻ ലജ്ജിക്കുന്നില്ല. എന്തെന്നാൽ വിശ്വസിക്കുന്ന ഏവർക്കും, ആദ്യം യഹൂദർക്കും പിന്നീട് ഗ്രീക്കുകാർക്കും അതു രക്ഷയിലേക്കു നയിക്കുന്ന ദൈവശക്തിയാണ്” (റോമാ 1:16).
തീപ്പൊരിയുടെ ഗുണം
സുവിശേഷത്തിന് അഗ്നിയുടെ സ്വഭാവമാണ്. ”എന്റെ വചനം അഗ്നിപോലെയും പാറയെ തകർക്കുന്ന കൂടം പോലെയുമല്ലേ?” (ജറെ. 23:29). ”എന്റെ വചനം നിന്റെ നാവിൽ ഞാൻ അഗ്നിയാക്കും; അവരെ ഞാൻ വിറകാക്കും; അഗ്നി അവരെ വിഴുങ്ങും” (ജറെ. 5:14). സുവിശേഷ അഗ്നിയാൽ ജ്വലിക്കുന്ന ശുശ്രൂഷകൻ അഭിഷേകത്തിന്റെ തീപ്പൊരി വീണവനാണ്. ചെറിയൊരു തീപ്പൊരിയാണ് ഒരു വനത്തെ മുഴുവൻ കത്തിച്ചു ചാമ്പലാക്കുന്നത്. സുവിശേഷാഗ്നിയാൽ ജ്വലിക്കുന്ന ദൈവശുശ്രൂഷകനിലൂടെ സുവിശേഷത്തിന്റെ അഗ്നി ലോകത്തിലേക്ക് കത്തിപ്പടരുമ്പോൾ ലോകം മുഴുവൻ രക്ഷ പ്രാപിക്കും.
എമ്മാവൂസ് വഴിയിൽ യേശുവിന്റെ വചനം ശ്രവിച്ച രണ്ടു ശിഷ്യന്മാർ ഉള്ളം കത്തിയവരായിട്ടാണ് വീട്ടിലേക്ക് മടങ്ങിയത്. (ലൂക്കാ 24:32). പെന്തക്കുസ്തയിലെ കന്നിപ്രസംഗത്തിൽ ഭീരുവായ പത്രോസിന് ആയിരങ്ങളെ നേടാൻ കഴിഞ്ഞത് പത്രോസ് അഭിഷേകാഗ്നിയിൽ ജ്വലിച്ചിരുന്നതുകൊണ്ടാണ്. ഈ അഗ്നി എവിടെയെല്ലാം ആളിക്കത്തുന്നുണ്ടോ അവിടെയെല്ലാം ആത്മീയ ഉണർവ് പൊട്ടിപ്പുറപ്പെടുന്നു. എവിടെയെല്ലാം ആത്മീയ ഉണർവ് ഉണ്ടാകുന്നുവോ അവിടെയുള്ളവരെല്ലാം തീക്ഷ്ണതയാൽ ജ്വലിക്കും.
ആർസിലെ വികാരിയായിരുന്ന വിയാനിയച്ചന്റെ പ്രസംഗങ്ങൾക്ക് വലിയ വാക്ചാതുരിയില്ലായിരുന്നു. വലിയ സാഹിത്യപ്രയോഗങ്ങളുമില്ലായിരുന്നു. പക്ഷേ, അദ്ദേഹം അൾത്താരയുടെ മുന്നിൽ നിന്നുകൊണ്ട് ‘ദൈവം സ്‌നേഹമാണ്’ എന്ന് തന്റെ ജനത്തെ നോക്കി പറയുമ്പോൾ അവർ കരയുമായിരുന്നു. യോഹന്നാൻ കത്തിജ്വലിക്കുന്ന ഒരു വിളക്കായിരുന്നു എന്ന് യേശു യോഹന്നാനെക്കുറിച്ച് പറഞ്ഞു. (യോഹ. 5:35) ”ഏലിയാ പ്രവാചകൻ അഗ്നിപോലെ പ്രത്യക്ഷപ്പെട്ടു. അവന്റെ വാക്കുകൾ പന്തംപോലെ ജ്വലിച്ചു.” ഓരോ സുവിശേഷകനും ലോകത്തിന്റെ തണുത്ത തെരുവുകളിൽ പന്തംപോലെ പ്രകാശിക്കണം.
അപ്പസ്‌തോലന്മാർ പരിശുദ്ധാത്മാവിന്റെ നിലവാരത്തിൽ പ്രവർത്തിച്ചപ്പോൾ അനുദിനം അവരുടെ സംഖ്യ വർധിച്ചുകൊണ്ടിരുന്നു. പരിശുദ്ധാത്മാവിന്റെ നിലവാരത്തിൽ നാം പ്രവർത്തിക്കുമെങ്കിൽ, കർത്താവ് നല്കുന്ന വിടുതലും സ്വാതന്ത്ര്യവും അനുഭവിക്കാൻ നമുക്ക് സാധിക്കും. ആയിരങ്ങളെ ദൈവരാജ്യത്തിനായി നേടാൻ കഴിയും. പരിശുദ്ധാത്മാവ് നമ്മിൽ കത്തിജ്വലിക്കുമ്പോൾ നമ്മുടെ ആന്തരിക ജീവൻ പ്രകാശിക്കുകയും ആ വിശുദ്ധ അഗ്നിയുടെ ശോഭകൊണ്ട് നാം ദൈവസാദൃശ്യത്തിലേക്കുയർത്തപ്പെടുകയും തീക്ഷ്ണതയാൽ ജ്വലിക്കുകയും അതിശയോക്തിയോടെയുള്ള ശുശ്രൂഷ നമ്മിൽ വെളിപ്പെടുകയും ദൈവത്തിൽ ഏറ്റവും പ്രയോജനമുള്ളവരായി നാം മാറുകയും ചെയ്യും. ദൈവത്തിന്റെ അഗ്നി സീനായ്മലയിൽ വെളിപ്പെടുമ്പോൾ മോശയുടെ മുഖം പ്രകാശിക്കാൻ തുടങ്ങിയതുപോലെ.
ചില മാതൃകകൾ
ബൈബിളിലെ ചെറുതും എന്നാൽ ഏറ്റവും വലിയ ഫലം ലഭിച്ചതുമായ പ്രസംഗം യോനായുടേതാണ്. മാനസാന്തരപ്പെട്ടില്ലെങ്കിൽ നിനവെ നശിക്കുമെന്ന് പ്രവാചകൻ പറഞ്ഞപ്പോൾ നിനവെയിലെ ജനങ്ങൾ ദൈവത്തിൽ വിശ്വസിക്കുകയും അവർ ഒരു ഉപവാസം പ്രഖ്യാപിക്കുകയും ചെയ്തു. മൃഗങ്ങൾവരെ ചാക്കുടുത്ത് ഉപവസിക്കണമെന്നായിരുന്നു രാജകല്പന. (യോനാ 3:4-10).
വിശുദ്ധ വിൻസെന്റ് പ്രസംഗിക്കാൻ പോകുന്നതിനുമുമ്പ് മണിക്കൂറുകളോളം ക്രൂശിതനായ യേശുവിന്റെ മുമ്പിൽ പ്രാർത്ഥിക്കുക പതിവായിരുന്നു. ഒരിക്കൽ വളരെ പണ്ഡിതനായ ഒരു മനുഷ്യൻ തന്റെ പ്രസംഗം കേൾക്കാൻ വരുന്നുണ്ടെന്ന് കേട്ടിട്ട് ഫാ. വിൻസെന്റ് നന്നായി പഠിച്ചൊരുങ്ങി പോയി. എന്നാൽ പ്രാർത്ഥിക്കാൻ സമയം കണ്ടെത്തിയതുമില്ല. അന്നത്തെ പ്രസംഗം ആർക്കും ഹൃദയസ്പർശിയായി തോന്നിയില്ല. ദൈവികജ്ഞാനത്തിൽ നിറയാതെ തന്റെ ബുദ്ധിയിൽ മാത്രം ആശ്രയിച്ചതോർത്ത് വിൻസെന്റ് ഈശോയുടെ സന്നിധിയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് മാപ്പപേക്ഷിച്ചു. പിറ്റേദിവസവും അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിക്കാൻ ആ പണ്ഡിതനുണ്ടായിരുന്നു. അന്നത്തെ പ്രസംഗം എല്ലാവർക്കും അനുഭവമായി. പ്രസംഗത്തെക്കുറിച്ച് ആ പണ്ഡിതൻ ഇങ്ങനെ പറഞ്ഞു: ”ഇന്നലെ ഫാ. വിൻസെന്റ് പ്രസംഗിച്ചു. ഇന്ന് അച്ചനിലൂടെ ഈശോയാണ് സംസാരിച്ചത്.”
”നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ” (മർക്കോ. 16:15). ഈ വചനം അതേപടി അനുസരിച്ചത് വിശുദ്ധ ഫ്രാൻസിസ് അസീസിയാണ്. ആകാശത്തിലെ പക്ഷികളോടും വയലിലെ ലില്ലികളോടും കാട്ടിലെ മൃഗങ്ങളോടും കടലിലെ മത്സ്യങ്ങളോടും ഫ്രാൻസിസ് അസീസി പ്രസംഗിച്ചു. എനിക്ക് ആത്മാക്കളെ തരിക, ബാക്കിയെല്ലാം എടുത്തുകൊള്ളുക എന്ന് പ്രാർത്ഥിച്ചുകൊണ്ട് രാജ്യങ്ങൾ കയറിയിറങ്ങി സുവിശേഷം പ്രസംഗിച്ച മിഷനറിവര്യനായിരുന്നു ഫ്രാൻസിസ് സേവ്യർ. അതുകൊണ്ടുതന്നെ എല്ലാ മിഷനറിമാരുടെയും മധ്യസ്ഥനാകാൻ ഫ്രാൻസിസ് സേവ്യറിനെ ദൈവം രൂപപ്പെടുത്തി. അത്ഭുത പ്രവർത്തനങ്ങളിലൂടെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് മുന്നോട്ടുപോയ വിശുദ്ധ അന്തോണീസിന്റെ നാവ് ഇന്നും അഴുകിപ്പോയിട്ടില്ല.
സുവിശേഷം പ്രസംഗിക്കുമ്പോൾ
ലക്ഷക്കണക്കിന് ജനങ്ങളെ ആകർഷിച്ചാലും ആവേശത്തിമിർപ്പോടെ സുവിശേഷപ്രദർശനങ്ങൾ നടത്തിയാലും പരിശുദ്ധാത്മാവ് ഏറ്റെടുക്കുന്നില്ലായെങ്കിൽ അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. നമ്മുടെ പരിശ്രമത്തോടൊപ്പം ദൈവശക്തി കൂടി വ്യാപരിക്കുവാൻ നമ്മൾ പ്രാർത്ഥിക്കണം. പ്രസംഗകൻ പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൻകീഴിൽ ആകുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ ആത്മാശക്തിയുടെ പ്രദർശനമായി മാറും. ”പ്രസംഗിക്കുന്നവൻ ദൈവത്തിന്റെ അരുളപ്പാട് നല്കുന്നവനെപ്പോലെ പ്രസംഗിക്കട്ടെ” (1 പത്രോ. 4:11).
ഒരു സുവിശേഷപ്രസംഗം കഴിയുമ്പോൾ ജനം കരയണം, മാനസാന്തരമുണ്ടാകണം. വചനം പ്രസംഗിക്കുന്നിടത്താണ് വിടുതൽ ഉണ്ടാകുന്നത്. തിരുനാൾ പ്രസംഗങ്ങളും നൊവേന പ്രസംഗങ്ങളും ധ്യാനപ്രസംഗങ്ങളും യേശു അനുഭവത്തിൽ നിറയട്ടെ. ജനത്തിന് യേശുവിനെ അനുഭവിക്കാൻ കിട്ടുന്ന അവസരം പ്രഘോഷകൻ പാഴാക്കരുത്. രഹസ്യവും നിഗൂഢവുമായ ദൈവികജ്ഞാനമാണ് പൗലോസ് അപ്പസ്‌തോലൻ പ്രസംഗിച്ചത്. ”എന്റെ വചനവും പ്രസംഗവും വിജ്ഞാനംകൊണ്ട് വശീകരിക്കുന്നതായിരുന്നില്ല. പ്രത്യുത, ആത്മാവിന്റെയും ശക്തിയുടെയും വെളിപ്പെടുത്തലായിരുന്നു” (1 കോറി. 2:4).
വചനം പറയുന്നു: അധരങ്ങൾക്ക് മൂർച്ചയുണ്ടാകണമെങ്കിൽ ആ അധരങ്ങൾ വിശുദ്ധീകരിക്കപ്പെടണം. അശുദ്ധമായ അധരങ്ങൾ ഉള്ളവനാണ് എന്ന് പറഞ്ഞ് കരഞ്ഞ ഏശയ്യാ പ്രവാചകന്റെ നാവിൽ തീക്കനൽ വച്ചുകൊണ്ട് മാലിന്യമകറ്റിയവൻ (ഏശയ്യാ 6:5-8) യാഗപീഠത്തിൽ നിന്നുള്ള കനലുമായി നമ്മെ സാക്ഷികളാക്കാൻ അയക്കുകയാണ്. പരിശുദ്ധാത്മ അഗ്നി നമ്മിൽ നിറയുമ്പോൾ നമ്മിലുള്ള പതിരും കറയുമെല്ലാം കത്തിച്ചുകളയും. സകല മാന്ത്രിക ശക്തികളെയും അതു നശിപ്പിക്കും. ദുഷ്ടാത്മാക്കളെയെല്ലാം കത്തിച്ചു ചാമ്പലാക്കും. ”ഇസ്രായേലിന്റെ പ്രകാശം അഗ്നിയായും അവന്റെ പരിശുദ്ധൻ ഒരു ജ്വാലയായും മാറും. അത് ജ്വലിച്ച് ഒറ്റദിവസംകൊണ്ട് അവന്റെ മുള്ളുകളും മുൾച്ചെടികളും ദഹിപ്പിച്ചുകളയും” (ഏശ. 10:17).
ഒരു ദൈവശുശ്രൂഷകനാകാൻ യാതൊരു യോഗ്യതയും എന്നിലില്ല എന്ന് നിങ്ങൾക്കുതന്നെ ബോധ്യം ഉണ്ടായിരിക്കാം. എങ്കിലും ദൈവത്തിന് നിങ്ങളെ ആവശ്യമുണ്ട്. നിങ്ങളുടെ ജീവിതത്തിലൂടെയും ശുശ്രൂഷയിലൂടെയും അവിടുന്ന് വൻ കാര്യങ്ങൾ ചെയ്യും.
~ Br. ഷാജൻ ജെ. അറക്കൽ ~