ക്രിസ്മസ് ആരംഭിച്ചത് പരിശുദ്ധ അമ്മയിലാണ്‌

അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ദിവസം പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ തന്റെ പ്രസംഗത്തില്‍ ഇപ്രകാരം പറഞ്ഞിരുന്നു: ‘ദൈവിക വാഗ്ദാനം നിറവേറലിന്റെ ആരംഭത്തെയാണ് ഇന്ന് നാം ധ്യാനിക്കുന്നത്. ദൈവമാതാവിന്റെ ജനനത്തിന് മുമ്പേ തന്നെ അതിന് ആരംഭം കുറിച്ചിരുന്നു. മറിയത്തിന്റെ ജീവന്‍ അവളുടെ അമ്മയുടെ ഉദരത്തില്‍ സ്പന്ദിച്ചു തുടങ്ങിയ നിമിഷത്തിലേക്ക് അമലോത്ഭവം നമ്മെ നയിക്കുന്നു.’

ആദിമാതാപിതാക്കളായ ആദത്തിന്റെയും ഹവ്വയുടെയും പാപം മൂലമുണ്ടായ വീഴ്ചയുടെ ഫലമായ ഉത്ഭവ പാപത്തില്‍ നിന്ന് വിമുക്തയായിട്ടാണ് ദൈവം നമ്മുടെ അമ്മയും ദൈവമാതാവുമായി പരിശുദ്ധ കന്യാമറിയത്തെ സൃഷ്ടിച്ചത്. മറിയത്തിന്റെ അമലോത്ഭവത്തെ കുറിച്ച് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത് പരിശുദ്ധ മറിയം തന്റെ അമ്മയായ വി. അന്നയുടെ ഉദരത്തില്‍ ഉരുവായ നിമിഷം മുതല്‍ക്കേ ദൈവത്തിന്റെ പ്രത്യേക കൃപയാല്‍ ഉത്ഭവപാപത്തില്‍ നിന്ന് വിമുക്തയായിരുന്നു എന്നാണ്. മറിയത്തിന്റെ ഈ അമലോത്ഭവ ജനനത്തോടെയാണ് പരിശുദ്ധ പിതാവ് പറഞ്ഞതു പോലെ മനുഷ്യരക്ഷ എന്ന ദൈവിക പദ്ധതി നിറവേറുന്നതിന്റെ ആരംഭം കുറിച്ചത്. മനുഷ്യരക്ഷയുടെ ആരംഭം മറിയത്തിലാണ്. ആ അര്‍ത്ഥത്തില്‍ ലോകം മുഴുവനും ആഘോഷിക്കുന്ന ക്രിസ്മസ് ആരംഭം കുറിച്ചത് പരിശുദ്ധ കന്യാമറിയത്തിലാണ്.

ക്രിസ്മസ് ലോകരക്ഷയുടെ വിളംബരമാണ്. ഇതാ ലോകത്തെ പാപത്തില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാനായി ദൈവപുത്രന്‍ വന്നു പിറന്നിരിക്കുന്നു! എന്നതാണ് ക്രിസ്മസിന്റെ സന്ദേശം. ക്രിസ്മസ് ഒരു ദിവസം പെട്ടെന്ന് സംഭവിച്ച ഒന്നല്ല. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പേ ദൈവം പ്രവാചകന്മാരും പൂര്‍വ പിതാക്കന്മാരും വഴി അരുളിചെയ്ത രക്ഷയുടെ മഹാസംഭവമാണ് ക്രിസ്മസില്‍ നിറവേറിയത്. ദൈവം എല്ലാം പദ്ധതിയിട്ടിരുന്നു. ‘ഇതാ കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും’ (ഏശയ്യാ 7. 14) എന്ന് നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഏശയ്യാ പ്രവാചകന്‍ വഴി ദൈവം അരുളിച്ചെയ്തത് ക്രിസ്മസ് ആകുന്ന തിരുപ്പിറവിയെ കുറിച്ചാണ്. പഴയ നിയമം നാം വായിക്കുകയാണെങ്കില്‍ ഉടനീളം ഇത്തരം പ്രവചനങ്ങള്‍ നമുക്ക് കാണുവാന്‍ സാധിക്കും. മനുഷ്യാവതാരം ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ്. അതിന് വേണ്ടി ലോകത്തെയും മനുഷ്യകുലത്തെയും ദൈവം മുന്‍കൂട്ടി ഒരുക്കുകയായിരുന്നു.

അതിനാലാണ് മറിയത്തിന്റെ അമലോത്ഭവം ഇത്രമാത്രം പ്രസക്തമാകുന്നത്. എല്ലാം മുന്‍കൂട്ടി ഒരുക്കിയ ദൈവം രക്ഷകന്റെ അമ്മയുടെ കാര്യത്തില്‍ അശ്രദ്ധ കാണിക്കുമോ? തീര്‍ച്ചയായും ഇല്ല. ഏറ്റവും ശ്രദ്ധയോടും സ്‌നേഹത്തോടും തന്നെ ദൈവം ദൈവമാതാവിനെ ഒരുക്കും എന്നത് നിസ്തര്‍ക്കമാണ്. ദൈവപുത്രന്‍ വന്നു പിറക്കേണ്ട ഉദരത്തിന്റെ ഉടമയെ ദൈവം എല്ലാ കൃപകളും കൊണ്ടു നിറച്ചു. അതിനാലാണ്, ഗബ്രിയേല്‍ ദൈവദൂതന്‍ മറിയത്തെ ഇങ്ങനെ അഭിസംബോധന ചെയ്യുന്നത്: കൃപ നിറഞ്ഞവളേ, സ്വസ്തി. കര്‍ത്താവ് നിന്നോടു കൂടെ. മറിയം എല്ലാ കൃപകളും നിറഞ്ഞ, ദൈവസ്‌നേഹത്താല്‍ പൂരിതയായ ഒരു സൃഷ്ടി ആണ് എന്നതാണ് അതിനര്‍ത്ഥം

ഈ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ നമുക്ക് പരിശുദ്ധ അമ്മയെ പ്രത്യേകമായ വിധത്തില്‍ ഓര്‍ത്ത്, അമ്മയ്ക്ക് നന്ദി പറയാം. ഞങ്ങള്‍ക്കായി ലോകരക്ഷകനെ കൊണ്ടു വന്നതിന്, ക്രിസ്മസ് ഉറപ്പു നല്‍കുന്ന നിത്യരക്ഷയ്ക്ക് വഴിയൊരുക്കിയതിന്. അമ്മേ, നന്ദി!


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles