അമ്മയെ വാഴ്ത്തുന്ന ദൈവം!
ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.
നമുക്ക് സംശയം തോന്നാവുന്ന ഒരു കാര്യമാണിത്. പരിശുദ്ധ കന്യാമറിയത്തിന് ഇത്ര വലിയ പ്രാധാന്യവും ആദരവും നല്‍കേണ്ട കാര്യമുണ്ടോ? സത്യത്തില്‍ മറിയം മഹത്തായ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തതായിട്ടൊന്നും സുവിശേഷങ്ങളില്‍ പറയുന്നില്ലല്ലോ. ദൈവപുത്രനെ പ്രസവിക്കാന്‍ സമ്മതം മൂളിയതിന് ശേഷം വളരെ മൗനമായി, ഒരു നിഴല്‍ പോലെ ജീവിക്കുന്ന, വല്ലപ്പോഴും മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു സ്ത്രീ. കാല്‍വരിയില്‍ പോലും എത്ര നിശബ്ദയായിട്ടാണ് അമ്മ നില്‍ക്കുന്നത്! എന്തു ചെയ്തിട്ടാണ് മറിയത്തെ കത്തോലിക്കര്‍ ഇങ്ങനെ സ്‌നേഹിക്കുന്നതും ആദരിക്കുന്നതും!
മറിയം എല്ലാം തന്റെ ഹൃദയത്തില്‍ സംഗ്രഹിച്ചു വച്ചു എന്ന് സുവിശേഷം പറയുന്നുണ്ട്. സത്യത്തില്‍ അതു കൊണ്ടു തന്നെയാണ് നാം സുവിശേഷത്തില്‍ മറിയത്തെ കുറിച്ച് അധികമൊന്നും വായിക്കാതെ പോകുന്നത്. മറിയം തന്നെ കുറിച്ച് ഒന്നും പറഞ്ഞില്ല. യേശുവിനെ കുറിച്ച് മാത്രം പറഞ്ഞു, സുവിശേഷം എഴുതിയ യോഹന്നാനോടും, മറ്റു ശിഷ്യന്മാരോടുമെല്ലാം. തന്നെ കുറിച്ചുള്ള പുകഴ്ചയുടെ കഥകള്‍ മറിയം ഹൃദയത്തില്‍ സംഗ്രഹിച്ചു രഹസ്യമാക്കി വച്ചു. യേശുവുമായി ബന്ധപ്പെട്ടു വരുന്ന കാര്യങ്ങള്‍ മാത്രമേ അമ്മ പറഞ്ഞുള്ളൂ. സ്വന്തം മഹത്വം മാലോകര്‍ അറിയാന്‍ ഇടവരുന്ന സംഭവങ്ങള്‍ ഒന്നുകില്‍ മറിയം മറച്ചു വച്ചു, അല്ലെങ്കില്‍ അവയൊന്നും എഴുതരുതെന്ന് കര്‍ശന നിര്‍ദേശം വച്ചു.
ഒരു സംഭവമെടുക്കുക. ഉയിര്‍ത്തെഴുന്നേറ്റ യേശുവിനെ ആദ്യം കാണുന്നത് മറിയം മഗ്ദലേനയാണെന്ന് നാം ബൈബിളില്‍ വായിക്കുന്നു. ആ ഭാഗം സശ്രദ്ധം വായിക്കുന്ന ഒരാള്‍ക്ക് ഒരു കാര്യം വ്യക്തമാകും, യേശു ആ നിമിഷത്തില്‍ ഉയിര്‍ത്തു വന്നതല്ലെന്ന്. അത് തോട്ടക്കാരനാണെന്ന് അവള്‍ കരുതി എന്നും എന്റെ കര്‍ത്താവിനെ നിങ്ങള്‍ എടുത്തു കൊണ്ടു പോയെങ്കില്‍ അദ്ദേഹത്തെ എവിടെ വച്ചു എന്ന് പറയുക എന്നും അവള്‍ ചോദിക്കുന്നുണ്ട്. അപ്പോള്‍ മറിയം മഗ്ദലേനയ്ക്ക് പ്രത്യക്ഷനാകുന്നതിന് മുമ്പ് പരിശുദ്ധ കന്യാമറിയത്തിന്റെ പക്കല്‍ യേശു ചെന്നിരുന്നു എന്ന് വിശ്വസിക്കാനും ന്യായമുണ്ട്. എന്നിട്ടും, എന്തു കൊണ്ട് സുവിശേഷകനായ യോഹന്നാന്‍ അത് രേഖപ്പെടുത്തിയില്ല എന്ന ചോദ്യത്തിന് ഉത്തരമാണ് എല്ലാം മറിയം ഹൃദയത്തില്‍ സംഗ്രഹിച്ചു വച്ചു എന്നത്.
മറിയം പ്രശസ്തി ആഗ്രഹിച്ചിരുന്നില്ല എന്നതിന് തെളിവാണ്, തനിക്കുണ്ടായ ദൈവിക വെളിപാടുകള്‍ ഒന്നും സ്വമേധയാ അവള്‍ ആരോടും പറഞ്ഞില്ല എന്നത്. മറിയം പരുശുദ്ധാത്മാവിനാലാണ് ഗര്‍ഭം ധരിച്ചതെന്ന കാര്യം പോലും വി. യൗസേപ്പ് അറിയുന്നത് ദൈവദൂതന്‍ വഴിയാണ്. യൗസേപ്പിതാവിന്റെ മുമ്പില്‍ മറിയം തനിക്കുണ്ടായ ദൈവിക വെളിപാടിന്റെ കഥയൊന്നും അഹങ്കാരത്തോടെ വിവരിക്കാന്‍ നിന്നില്ല എന്നുറപ്പാണ്.
നമ്മള്‍ സുവിശേഷങ്ങളില്‍ വായിക്കാത്ത ഒത്തിരി കാര്യങ്ങളും ദൈവാനുഭവങ്ങളും സത്യമായും മറിയത്തിന് ലഭിച്ചിരിക്കണം എന്ന് ചിന്തിക്കുന്നതില്‍ ന്യായമുണ്ട്. അവയൊന്നും പരസ്യപ്പെടുത്താതിരിക്കാനുള്ള ആഴമുള്ള എളിമ മറിയത്തിനുണ്ടായിരുന്നു. ഒരിടത്തും മറിയം യേശുവിനോട് ആജ്ഞാപിക്കുന്നത് നാം കാണുന്നില്ല. കാനായില്‍ പോലും അവര്‍ക്കും വീഞ്ഞില്ല എന്ന വാക്കിനാല്‍ ആ വീട്ടുകാരുടെ ദുരവസ്ഥ വളരെ സൗമ്യമായി യേശുവിന്റെ ശ്രദ്ധയില്‍ പെടുത്തുകയാണ് മറിയം ചെയ്യുന്നത്. ഇത്ര സൗമ്യമായും വിനയാന്വിതയായും ഇടപെടുന്ന മറിയത്തെ നാം നിശബ്ദയായി സുവിശേഷങ്ങളില്‍ കാണുന്നതില്‍ അത്ഭുതമില്ല.
എന്നാല്‍ മറിയം ഈ ലോകം വിട്ടു പോയതിന് ശേഷം എത്രമാത്രം അവള്‍ എളിമപ്പെട്ടുവോ അത്രമാത്രം അവളെ മഹത്വപ്പെടുത്തുവാന്‍ ദൈവം തിരുമനസ്സായി എന്ന് തന്നെയാണ് നാം ചിന്തിക്കേണ്ടത്. അതാണ് നാം ഇന്ന് കാണുന്നത്. ലോകത്തില്‍ ഏറ്റവുമധികം പള്ളികള്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് മാതാവിന്റെ നാമത്തിലാണ്. ഏറ്റവുമധികം ദര്‍ശനങ്ങള്‍ മരിയന്‍ ദര്‍ശനങ്ങളാണ്. കഴിഞ്ഞയിടെ നാഷണല്‍ ജ്യോഗ്രഫിക്ക് നടത്തിയ സര്‍വേയില്‍ ചരിത്രത്തിലെ ഏറ്റവും ശക്തിയുള്ളതും സ്വാധീനമുള്ളതുമായ വനിത പരിശുദ്ധ കന്യാമറിയം ആണെന്ന് കണ്ടെത്തിയിരുന്നു. മറിയത്തിന് ഇന്ന് കൈവന്നിരിക്കുന്ന മഹിമാതിരേകം ദൈവം കനിഞ്ഞു നല്‍കിയതാണെന്നു വേണം നാം അനുമാനിക്കേണ്ടത്. ദൈവത്തിന് വേണ്ടി വലിയ കാര്യം ചെയ്തു കൊടുത്തവള്‍ക്ക് ദൈവം വലിയ കാര്യങ്ങള്‍ ചെയ്യുന്നു!
സുവിശേഷം സ്വന്തം മഹത്വം അന്വേഷിച്ചവരുടെ ചരിത്രമല്ല, ദൈവഹിതം അന്വേഷിക്കുകയും അത് നടപ്പില്‍ വരുത്തുകയും ചെയ്തവരുടെ ജീവിതകഥയാണ്. യേശു വന്നത് പിതാവിന്റെ ഇഷ്ടം നിറവേറ്റുവാനാണ്. മറിയം പറഞ്ഞത് അവിടുത്തെ വചനം പോലെ, ഹിതം പോലെ എന്നില്‍ സംഭവിക്കട്ടെ എന്നാണ്. ദൈവഹിതം നിറവേറ്റുന്നരാണ് തന്റെ സഹോദരനും സഹോദരിയും അമ്മയും എന്ന് യേശു പിന്നീട് പറയുമ്പോള്‍ അവര്‍ക്കു മുന്നിലുള്ള മാതൃക യേശുവും മറിയവും തന്നെയാണ്.
സ്വയം പറഞ്ഞു നടക്കാതെ പരിശുദ്ധ അമ്മ രഹസ്യമാക്കി വച്ച സ്വന്തം മഹത്വങ്ങള്‍ ദൈവം ലോകവും ചരിത്രവും കേള്‍ക്കെ ഉറക്കെയുറക്കെ വിളിച്ചു പറയുന്നു. അമ്മയുടെ മധ്യസ്ഥതയില്‍ അത്ഭുതങ്ങള്‍ നടക്കുന്നു. ഇത് കര്‍ത്താവിന്റെ പ്രവൃത്തിയാണ്. തനിക്കായി എല്ലാം നല്‍കിയവള്‍ക്കുള്ള ദൈവപിതാവിന്റെയും ദൈവപുത്രന്റെയും ദൈവാത്മാവിന്റെയും സമ്മാനം. മാലോകരുടെ നാവുകള്‍ കൊണ്ട് ദൈവം അമ്മയ്ക്കായി ഒരു സ്തുതികീര്‍ത്തനം ഒരുക്കുന്നു. അമ്മേ, വന്ദനം!
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.