അമ്മയോടൊപ്പം യേശുവിന്റെ കുരിശിന്റെ വഴിയില്‍ പങ്കുചേരാം
യേശു ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ സവിശേഷമായി ധ്യാനിക്കുന്ന വലിയ നോമ്പുകാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. യേശുവിനെ നാം രക്ഷകനായി ആരാധിക്കുകയും വാഴ്ത്തുകയും ചെയ്യുമ്പോള്‍ യേശുവിന്റെ പീഡാസഹനങ്ങള്‍ ആത്മാവിലും ഹൃദയത്തിലും ഏറ്റെടുത്ത് കുരിശിന്റെ വഴിയില്‍ അവിടത്തെ അനുഗമിച്ച ഒരാളെ കൂടി വളരെ പ്രത്യേകമായ വിധത്തില്‍ നാം ഓര്‍മിക്കേണ്ടതുണ്ട്. യേശുവിന്റെയും നമ്മുടെയും അമ്മയായ പരിശുദ്ധ കന്യകാമറിയമാണത്.
കത്തോലിക്കാ സഭ പരിശുദ്ധ അമ്മയെ സഹരക്ഷക എന്ന് വിശേഷിപ്പിക്കാറുണ്ട്. യേശുവിന്റെ രക്ഷാകര പ്രവര്‍ത്തിയില്‍ വളരെ പ്രത്യേകമായി സഹകരിച്ചവള്‍ എന്ന നിലയിലാണ് സഭ മാതാവിന് ആ സ്ഥാനം നല്‍കിയിരിക്കുന്നത്. വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ മറിയത്തെ സഹരക്ഷക എന്ന് വിശേഷിപ്പിച്ചപ്പോള്‍ അദ്ദേഹം ഉദ്ദേശിച്ചത് മറിയം കുരിശിന്‍ ചുവട്ടില്‍ വച്ച് അനുഭവിച്ച ആത്മീയമായ ക്രൂശിക്കപ്പെടലിനെ കുറിച്ചാണ്. തന്റെ പുത്രന്റെ മരണം മറ്റാര്‍ക്കും കഴിയാത്തവിധം വീരോചിതമായ സ്‌നേഹത്തോടെ അമ്മ സഹിച്ചു.
ഉണ്ണിയായ യേശുവിനെ ദേവാലയത്തില്‍ കാഴ്ച വയ്ക്കാന്‍ യൗസേപ്പു പിതാവും മാതാവും കൊണ്ടു പോയ നേരത്ത് അവിടെയുണ്ടായിരുന്ന ശിമയോന്‍ എന്ന വിശുദ്ധനായ പുരോഹിതന്‍ ഒരു പ്രവചനം നടത്തുന്നുണ്ട്. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടന്നു പോകും എന്നായിരുന്നു, അത്. ഈ വാള്‍ യഥാര്‍ത്ഥത്തില്‍ മറിയം യേശുവിന്റെ കൂടെ നടന്ന് ഏറ്റു വാങ്ങിയ സഹനങ്ങളായിരുന്നു. ഹൃദയത്തിലൂടെ ഒരുവാള്‍ കടന്നു പോകുന്ന വിധം അത്ര ശക്തമായ വേദനയാണ് മാതാവ് ആത്മാവില്‍ സഹിച്ചത്. ആ സഹനങ്ങളെല്ലാം അമ്മ മനുഷ്യരക്ഷയുടെ പ്രവര്‍ത്തിയില്‍ പുത്രന്റെ സഹനങ്ങളോട് ചേര്‍ത്തു വച്ചു. പുത്രന്റെ അമൂല്യമായ സഹനങ്ങളോട് ചേര്‍ത്തുവച്ചപ്പോള്‍ ആ സഹനങ്ങള്‍ക്ക് വലിയ വിലയുണ്ടായി.
ഇത് തന്നെയാണ് തുടര്‍ന്നു വന്ന വിശുദ്ധരെല്ലാം ചെയ്തത്. ക്രിസ്തുവിന്റെ സഹനങ്ങളുടെ കുറവ് ഞാന്‍ എന്റെ ശരീരത്തില്‍ നികത്തുന്നു എന്ന് (കൊളോ. 1. 24) വി. പൗലോസ് ശ്ലീഹ പറയുന്നത് ക്രിസ്ത്യാനികളായ നാം സ്വജീവിതത്തിലെ സഹനങ്ങളെ ക്രിസ്തുവിന്റെ രക്ഷാകര സഹനങ്ങളോട് ചേര്‍ത്ത് വിലയുള്ളതാക്കി തീര്‍ക്കുന്നതിനെ കുറിച്ചാണ്. വി. കൊച്ചുത്രേസ്യ, വി. അല്‍ഫോന്‍സാമ്മ തുടങ്ങിയ വിശുദ്ധരെല്ലാവരും തങ്ങളുടെ സഹനങ്ങളെ യേശുവിന്റെ സഹനങ്ങളോട് ചേര്‍ത്തു വച്ച് വലിയ ആത്മീയ നേട്ടങ്ങളും ആത്മാക്കളുടെ രക്ഷയും നേടിയെടുത്തവരാണ്.
കുരിശിന്റെ വഴിയില്‍ നാം പരിശുദ്ധ അമ്മയോടൊപ്പമാണ് നടക്കേണ്ടത്. യോഹന്നാന്‍ ഒഴികെ ശിഷ്യന്മാരെല്ലാവരും ഓടിയൊളിച്ചപ്പോഴും അവസാന നിമിഷം വരെ യേശുവിനെ പിരിയാതെ കുരിശിന്‍ ചുവട് വരെ ഒപ്പം നടന്നവളാണ് മറിയം. ഓരോ കാഴ്ചയും അമ്മയുടെ ഹൃദയം പിളര്‍ന്നു. എന്നിട്ടും അമ്മ പിന്‍വാങ്ങിയില്ല. അതാണ് അമ്മയുടെ മഹത്വം. ഈ അമ്മയെ നമുക്ക് മുറുകെ പിടിക്കാം. നമ്മുടെ ജീവിതത്തിന്റെ പരീക്ഷണഘട്ടത്തില്‍ അമ്മ നമ്മെ ഒരിക്കലും കൈവിടുകയില്ല.
യേശുവില്‍ സ്നേഹപൂര്‍വ്വം,
ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍.