നിങ്ങളുടെ കൈയിലുള്ള ചെറിയ കല്ലുകള്‍ ദൈവത്തിന് കൊടുത്താല്‍ അത്ഭുതം ദര്‍ശിക്കും!

ഭീമാകാരമായ ശരീരവലുപ്പമുണ്ടായിരുന്ന ഫിലിസ്ത്യ യോദ്ധാവ് ഗോലിയാത്ത് ഇസ്രായേല്‍ സൈന്യത്തെ വെല്ലുവിളിച്ചപ്പോള്‍, അതു വരെ ശക്തരെന്നും ധീരരെന്നും അഹങ്കരിച്ചിരുന്ന ഇസ്രായേല്‍ യോദ്ധാക്കള്‍ പേടിച്ചരണ്ടു. സാവൂള്‍ രാജാവിനും ഭയമായി. ആര് നേരിടും മഹാശക്തനായ ഈ രാക്ഷസനെ? രാജാവ് ചിന്തിച്ചു.

അന്നേരമാണ് സൈന്യത്തിലെ അംഗങ്ങളായിരുന്ന തന്റെ മൂത്ത സഹോദരര്‍ക്ക് ഭക്ഷണവുമായി വരികയായിരുന്ന ദാവീദ് എന്ന ഇടയച്ചെറുക്കന്‍ അവിടെ എത്തുന്നത്. അവനും ഗോലിയാത്തിന്റെ വെല്ലുവിളി കേട്ടു. എന്നാല്‍ തന്റെ ഉള്ളിലുള്ളവന്‍, തനിക്ക് സംരക്ഷണം നല്‍കുന്ന യഹോവ ലോകത്തിലുള്ള എല്ലാവരെയുംകാള്‍ ശക്തനാണെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്ന ദാവീദ് ഭയന്നില്ല. ഞാന്‍ അവനെ നേരിടാം എന്ന് ചങ്കൂറ്റത്തോടെ പറഞ്ഞു കൊണ്ട് ആ ബാലന്‍ രാജാവിന്റെ പക്കലെത്തുന്നു.

ബാലനായ ദാവീദിന്റെ ചെറിയ രൂപം കണ്ട് പരിഹസിച്ചവരുടെ മുന്നില്‍ മനസ്സു തളരാതെ ഏതാനും വെള്ളാരംകല്ലുകളുമായി ചെന്ന് ദാവീദ് ഗോലിയാത്ത് എന്ന ഭീമനെ വീഴ്ത്തുന്നത് നാം ബൈബിളില്‍ വായിക്കുന്നുണ്ട്. ശക്ത രും ആയുധവിദ്യയില്‍ നിപുണരുമായിരുന്ന ഇസ്രായേല്‍ സൈന്യത്തിന് സാധിക്കാതിരുന്ന കാര്യങ്ങള്‍ എങ്ങനെയാണ് ദാവീദിനു സാധിച്ചത്?
ഇസ്രായേല്‍ യോദ്ധാക്കള്‍ തങ്ങളുടെ കായിക ബലത്തില്‍ ആശ്രയിച്ചപ്പോള്‍ ദാവീദ് സര്‍വശക്തനായ ദൈവത്തില്‍ ആശ്രയിച്ചു. സങ്കീര്‍ത്തനത്തില്‍ ദാവീദ് തന്നെ പറയുന്നതു പോലെ, ‘മരണത്തിന്റെ താഴ്‌വരയിലൂടെയാണ് ഞാന്‍ കടന്നു പോകുന്നതെങ്കിലും ഞാന്‍ ഭയം അറിയുകയില്ല. അവിടുത്തെ ഊന്നുവടിയും ദണ്ഡും എനിക്ക് ഉറപ്പേകുന്നു’ (സങ്കീര്‍ത്തനം 23). ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ നാമത്തിലാണ് ഞാന്‍ നിന്നെ നേരിടാന്‍ വരുന്നതെന്ന് ഗോലിയാത്തിന്റെ മുഖത്തു നോക്കി പ്രഖ്യാപിക്കാനും ദാവീദ് മടിക്കുന്നില്ല.

വലിയ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ദാവീദിനെ പോലെ പറയുക: പ്രശ്‌നങ്ങളേക്കാള്‍ വലിയവനായ ദൈവമാണ് എന്റെ കൂടെയുള്ളവന്‍! എത്ര വലിയ പ്രശ്‌നവും വെല്ലുവിളിയും നമുക്ക് നേരിടാനാകും, ദൈവം നമ്മുടെ കൂടെയുള്ളപ്പോള്‍. ‘എനിക്ക് സഹായം എവിടെ നിന്നു വരും? ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവില്‍ നിന്ന്’ (സങ്കീ: 121) എന്ന് ദാവീദ് സങ്കീര്‍ത്തനത്തില്‍ പാടുന്നു.

പൗലോസ് അപ്പോസ്തലന്‍ പറയുന്നത് കേള്‍ക്കുക: ‘ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആര് നമുക്ക് എതിര് നില്‍ക്കും?’ (റോമ. 8: 31). തന്റെ ജീവിതത്തില്‍ നേരിട്ടറിഞ്ഞ കാര്യമാണ് അപ്പോസ്തലന്‍ പറയുന്നത്. പുതിയ രാജ്യങ്ങളിലേക്ക് സുവിശേഷവുമായി കടന്നു ചെന്ന പൗലോസ് ഓരോ ദിവസവും അനുഭവിച്ചിരുന്ന സത്യമാണിത്. ദൈവം കൂടെയുള്ളപ്പോള്‍, നാം ദൈവത്തിന്റെ വഴിയേ ചരിക്കുമ്പോള്‍ ആരും നമുക്ക് എതിര് നില്‍ക്കുകയില്ല എന്ന വിശ്വാസം നമുക്ക് ശക്തി പകരട്ടെ. ദൈവത്തിന്റെ മനസ്സിന് ചേരുന്ന വിധം നമുക്ക് നമ്മുടെ മനസ്സാക്ഷി ശുദ്ധമായി സൂക്ഷിക്കാം.

സമ്പത്തിലോ ആരോഗ്യത്തിലോ ബന്ധുബലത്തിലോ പ്രതാപത്തിലോ ഒന്നുമല്ല നാം ആശ്രയം വയ്‌ക്കേണ്ടത്. ആരോഗ്യവും സമ്പത്തുമെല്ലാം ക്ഷയിച്ചു പോകും. ബന്ധുക്കള്‍ അകന്നു പോകും. എന്നാല്‍ ഒരിക്കലും വാക്ക് മാറ്റാത്തവനും വിശ്വസ്തനുമായ ദൈവത്തില്‍ നാം ആശ്രയം വച്ചാല്‍ നമ്മുടെ ചെറിയ ഉരുളന്‍ കല്ലുകളെ ദൈവം വജ്രായുധമാക്കി മാറ്റും. ഏതു വെല്ലുവിളിയെയും ജീവിത പ്രശ്‌നത്തെയും നേരിടാന്‍ ദൈവം നമുക്ക് ശക്തി നല്‍കും.

യേശുവില്‍ സ്‌നേഹപൂര്‍വ്വം,

ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles