അഭിഭാഷകയായ പരിശുദ്ധ കന്യകാമറിയം

മക്കള്‍ക്കുവേണ്ടി എന്നും ദൈവതിരുമുമ്പില്‍ വാദിക്കുന്നവളാണ് പരി. കന്യകാമറിയം. അവള്‍ മക്കളെ അത്ര ഏറെ സ്‌നേഹിക്കുന്നു. അവരുടെ ദു:ഖങ്ങളും വേദനകളും ഒപ്പിയെടുത്ത് സ്വന്തം ഹൃദയത്തില്‍ സൂക്ഷിക്കുന്നു. മാതാവിന്റെ ലുത്തിനിയയില്‍ പ്രതിഫലിക്കുന്ന സത്യമിതാണ്. മാതാവിന്റെ അപദാനങ്ങള്‍ വാഴ്ത്തിക്കൊണ്ട് അമ്പതുലുത്തിനിയ ഏറ്റുചൊല്ലുമ്പോള്‍ ഈ സത്യമാണ് നമ്മള്‍ വിളംബരം ചെയ്യുന്നത്. അതില്‍ രോഗികളുടെ ആരോഗ്യമെ, പാപികളുടെ സങ്കേതമേ, പീഢിതരുടെ ആശ്വാസമെ എന്നീ ലുത്തിനിയകള്‍ ഈ ലോകജീവിതത്തില്‍ മനുഷ്യര്‍ അനുഭവിക്കുന്ന വ്യഥകള്‍ക്കുവേണ്ടി എന്നും ദൈവത്തോടു കരുണയാചിക്കുന്ന അമ്മയുടെ മുഖം കാണാം.

അഭിഭാഷക എന്നാല്‍ പക്ഷം പിടിച്ചു വാദിക്കുന്നവള്‍ എന്നും, ന്യായവാദത്തെപ്രതി അഭിമുഖമായിനിന്നു സംസാരിക്കുന്നവള്‍ എന്നൊക്കെയാണര്‍ത്ഥം. ഒരു വക്കീല്‍ ന്യായാധിപന്റെ മുമ്പില്‍ തന്റെ കക്ഷിക്കുവേണ്ടി അഭിമുഖമായി നിന്നു ന്യായം വാദിക്കുന്നതിനു സമാനമായ ഒരു ദൃശ്യമാണ് ഇവിടെ കാണുന്നത്. ദൈവതിരുമുമ്പില്‍ മറിയത്തിന്റെ സ്ഥാനം എത്ര മഹത്തരമാണ് എന്നതാണ് ഇതില്‍ പ്രതിഫലിക്കുന്ന സത്യം. കന്യകയായ മറിയത്തില്‍ നിന്ന് സ്വന്തം പുത്രനു ജന്മം നല്‍കാന്‍ ദൈവത്തിനു മറിയത്തിന്റെ സമ്മതം ആവശ്യമായിരുന്നു. വെറും സൃഷ്ടി മാത്രമാണ് മറിയം എങ്കില്‍ പിന്നെ ദൈവത്തിനു മറിയത്തിന്റെ സമ്മതം ആവശ്യമുണ്ടൊ? ഇവിടെയാണ് ”ദൈവത്തിന്റെ അമ്മ”, ”ദൈവത്തിന്റെ പരിശുദ്ധ ജനനി” , അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ എന്നീ ലുത്തിനിയകള്‍ക്ക് പ്രസക്തി ഏറുന്നത്. ദൈവതിരുമുമ്പില്‍ നിന്ന് മക്കള്‍ക്കുവേണ്ടി വാദിക്കുകയും യാചിക്കുകയും ചെയ്യുന്ന അമ്മയാണ് പരിശുദ്ധ മറിയം.

കാനായിലെ കല്ല്യാണവിരുന്നില്‍ സംഭവിച്ച അത്ഭുതം തന്നെ ഈ സത്യം വെളിവാക്കുന്നു. ഇവിടെ ശ്രദ്ധേയമായ കാര്യം. കാനായിലെ കല്ല്യാണവിരുന്നു നടന്ന ഭവനത്തിന്റെ കാര്യമാണ്. അവര്‍ മറിയത്തേയും പുത്രനായ ക്രിസ്തുവിനേയും കല്ല്യാണവിരുന്നിനു ക്ഷണിച്ചിരുന്നു. എന്നാല്‍ മറിയത്തിനു ആ ഭവനത്തോടുള്ള ബന്ധം എത്ര എന്ന് സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടില്ല എങ്കിലും അടുക്കളയില്‍ കടന്നു ചെന്നു കാര്യങ്ങള്‍ തിരക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നു വ്യക്തം. എന്നു പറഞ്ഞാല്‍ അത്രത്തോളം അടുപ്പം അവര്‍ തമ്മില്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണു വീഞ്ഞു തീര്‍ന്നു പോയ രഹസ്യം അവര്‍ തിരിച്ചറിഞ്ഞത്. അടുത്ത നിമിഷം അവര്‍ പ്രതികരിച്ചു. മറിയം യേശുവിനോടു പറഞ്ഞു,”അവര്‍ക്കു വീഞ്ഞില്ല, വീഞ്ഞ് തീര്‍ന്നുപോയി” തന്റെ മകന്റെ സമയമായിട്ടില്ല എന്നതൊന്നും അവള്‍ ഗൗനിക്കുന്നില്ല. അമ്മയ്ക്കറിയാമായിരുന്നു മകന്റെ സമയമായിട്ടില്ല എന്ന്. ” അവന്‍ പറയുന്നതുപോലെ ചെയ്യുക” . പിന്നെ അത്ഭുതം സംഭവിക്കുന്നു. വെള്ളം വീഞ്ഞാക്കി വിളമ്പാന്‍ നല്കുന്നു. ഇവിടെയാണ് മറിയത്തിന്റെ അഭിഭാഷക സ്ഥാനത്തിന്റെ പ്രസക്തി. അവള്‍ വാദിക്കുന്നു തന്റെ സ്‌നേഹിതര്‍ക്കുവേണ്ടി തന്റെ ബന്ധുക്കള്‍ക്കുവേണ്ടി. കോടതി ഭാഷയില്‍ പറഞ്ഞാല്‍ തന്റെ കക്ഷികള്‍ക്കുവേണ്ടി. മറിയം മാതൃസഹജമായ വാത്സല്യത്തോടെ ആലംബഹീനര്‍ക്കും, അഗതികള്‍ക്കുംവേണ്ടി എന്നും ദൈവതിരുമുമ്പില്‍ വാദിക്കുന്നവളാണ്. ഈ വിശ്വാസമാണ് മറിയത്തിനു നമ്മുടെ ജീവിതത്തിലുള്ള സ്ഥാനം. ഇതില്‍ രണ്ടു കാര്യങ്ങള്‍ വ്യക്തമാണ്. ഒന്ന്, മറിയത്തിന്റെ സമൂഹദര്‍ശനം. രണ്ട് ദൈവതിരുമുമ്പില്‍ മറിയത്തിനുള്ള അതുല്യമായ സ്ഥാനം. പരിശുദ്ധ മറിയം എന്നും മനുഷ്യമക്കളുടെ അഭിഭാഷകയാണ്. അവള്‍ നമുക്കുവേണ്ടി ദൈവതിരുമുമ്പില്‍ നിലകൊള്ളുന്നു, ന്യായവാദം ചെയ്യുന്നു, അഭിമുഖമായി നിന്നു സംസാരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles