ഉള്‍കാഴ്ച നേടേണ്ട സമൂഹജീവി

ഒരു ദിവസത്തില്‍ എത്രനേരം നാം തനിയെ ഇരിക്കുന്നുണ്ടാകും? ആരോടും മിണ്ടാതെ സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കി നടക്കുന്ന അപൂര്‍വ്വം ചില വ്യക്തികള്‍ സമൂഹത്തിലുണ്ട്. എത്രനാള്‍ അവര്‍ക്ക് ആരോടും സംസാരിക്കാതിരിക്കാന്‍ കഴിയും? സമൂഹജീവിയായ മനുഷ്യന്‍ അവന്റെ ചുറ്റു പാടുകളുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്. ബന്ധങ്ങളും സൗഹൃദങ്ങളുമാണ് മനുഷ്യരെ തമ്മില്‍ അടുപ്പിക്കുന്നത്. തനിയെ ഇരിക്കു മ്പോഴും മറ്റുള്ളവരോട് ഒപ്പമായിരിക്കുമ്പോഴും നമ്മുടെ ഉള്ളില്‍ വ്യത്യസ്ഥതരം ഊര്‍ജ്വസ്വലതകള്‍ (Vibrancy) രൂപപ്പെടാറുണ്ടെന്ന് പറയുന്നു. എത്രത്തോളം ആനുപാതികത്തിലാണ് ഞാനും എന്റെ ഉള്ളിലെ ഊര്‍ജ്ജസ്വലതയും തമ്മിലായിരിക്കുന്നതെന്ന് ചിന്തിക്കേണ്ട വിഷ യങ്ങളാണ്. സന്ധ്യാനേരത്ത് ഓരോ ക്രൈസ്തവ കുടുംബവും ഒന്നുചേര്‍ന്നാണ് ജപമാല ചൊല്ലുന്നത്. അടുക്കളയിലുള്ള അമ്മയും, ജോലികഴിഞ്ഞു വരുന്ന അപ്പനും, പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളും, പ്രായം ചെന്ന വല്യപ്പനും വല്യമ്മയുമൊക്കെ അവരുടെ സ്വകാര്യകാര്യങ്ങള്‍ മാറ്റിവെച്ച് പ്രാര്‍ത്ഥനയ്ക്കായി കുറച്ചുനേരം ഒരുമിക്കുന്നു. എന്നാല്‍ ഓരോരുത്തര്‍ക്കും അവരുടെ സൗകര്യവും സമയവും നോക്കി പ്രാര്‍ത്ഥിച്ചാല്‍ പോരെ? ഒരുമിച്ച് പ്രാര്‍ത്ഥിക്കണമെന്ന് നിര്‍ബന്ധമു ണ്ടോ? ഒറ്റയ്ക്കും കൂട്ടായും പ്രാര്‍ത്ഥിക്കുന്നത് തമ്മില്‍ അപ്പോള്‍ എന്തൊക്കെയോ ബന്ധമുണ്ട്.

 

ഏകമനസ്സ്

‘അവര്‍ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരരോടുമൊപ്പം പ്രാര്‍ത്ഥന യില്‍ മുഴുകിയിരുന്നു’ (അപ്പ. 1. 14).

വിഖ്യാത റഷ്യന്‍ എഴുത്തുകാരനായ ആന്റോണ്‍ ചെക്കോവിന്റെ ദ ബെറ്റ് എന്ന ചെറുകഥയില്‍ ജീവപര്യന്തം വധശിക്ഷയെക്കാള്‍ മൂല്യമര്‍ഹിക്കുന്നുവെന്ന് ഒരു ബാങ്കുദ്യോഗസ്ഥനോട് വാദിക്കുന്ന അഭിഭാഷകനെ പരിചയപെടുന്നുണ്ട്. അത് തെളിയിക്കാനായി ഭീമമായ പന്തയത്തുകയില്‍ അവര്‍ ഇരുവരും ഏര്‍പെടുന്നു. തുടര്‍ന്ന് പതിനഞ്ച് വര്‍ഷത്തോളം അഭിഭാഷകന്‍ ലോകത്തോട് സമ്പര്‍ക്കമില്ലാതെ ഒരു മുറിയില്‍ ഒറ്റയ്ക്ക് കഴിയാന്‍ തീരുമാനമെടുക്കുന്നു. പുസ്തകങ്ങളും, സംഗീതവുമാണ് അയാള്‍ക്ക് ആദ്യവര്‍ഷങ്ങളില്‍ കൂട്ടാകുന്നത്. ശാസ്ത്രവും, സാങ്കേതികതയും, സാഹിത്യവുമെല്ലാം അയാള്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അരച്ചുകലക്കി പഠിച്ചു. അവസാ ന നാളുകളിലെത്തുമ്പോളാണ് അയാള്‍ മത ഗ്രന്ഥങ്ങളിലേക്ക് കടക്കുന്നത്. അത് അദ്ദേഹത്തിന്റെ മനസ്സിനെ പിടിച്ചുലച്ചു. അയാള്‍ സ്വയം ചിന്തിക്കാന്‍ തുടങ്ങുന്നതും, ജീവിതത്തിന്റെ അര്‍ത്ഥശൂന്യത അയാള്‍ക്ക് മനസിലാകുന്നതും അന്നുമുതലാണ്. സമൂഹജീവിയായി മനുഷ്യന്‍ കഴിയുന്നതിനുവേണ്ടിയാണ് ഹവ്വയെ ആദത്തിനുശേഷം ദൈവം സൃഷ്ടിച്ചതെന്ന് അയാള്‍ അനുസ്മരിക്കുന്നു. അതേ സമയം പന്തയത്തിന്റെ അവസാനദിവസം തന്റെ സ്വത്ത് നഷ്ടപെടുമെന്ന ബോധത്താല്‍ ബാങ്കുദ്യോഗസ്ഥന്‍ അഭിഭാഷകനെ കൊല്ലാനായി കാത്തിരുന്നു. എന്നാല്‍ സ്വന്തം സ്വതം തിരിച്ചറിഞ്ഞ അഭിഭാഷകന്‍ പന്തയം അവസാനിക്കുന്നതിന്റെ തലേരാത്രി പൂട്ടുപൊളിച്ച് രക്ഷപെട്ടു. ബാങ്കുദ്യോഗസ്ഥന്‍ വായിക്കുന്നതിനു വേണ്ടി ഒരു കുറിപ്പും മുറിയില്‍ വെച്ചു, ‘ഭൗതിക വാദത്തിന്റെ അര്‍ത്ഥശൂന്യത എനിക്ക് ബോധ്യപ്പെട്ടു. അറിവിന് പണത്തേക്കാള്‍ മൂല്യമുണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നു’. ആ അഭിഭാഷകന്‍ തന്റെ സ്വാതന്ത്ര്യം കണ്ടെത്തി, സമൂഹത്തിലേക്ക് ഓടിച്ചെന്നു. തനിക്ക് നഷ്ടപെട്ട പതിനഞ്ച് വര്‍ഷങ്ങളും, അത് നേടിതന്ന വലിയ ഉള്‍ക്കാഴ്ചയും അയാളെ പുതിയൊരു മനുഷ്യനാക്കി തീര്‍ത്തു.

മനുഷ്യര്‍ ഒരുമിച്ചിരിക്കണമെന്നും ഒരുമയോടെ ജീവിക്കണമെന്നും ദൈവം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അവന്റെ ഒട്ടുമിക്ക ആവശ്യങ്ങളും ആഗ്രഹങ്ങളുമെല്ലാം തന്നെ സ്വകാര്യങ്ങളാണ്. ആദിമക്രൈസ്തവ സഭാസ മൂഹത്തിന്റെ സ്വഭാവം എന്തായിരുന്നു? ‘അവര്‍ അപ്പസ്‌തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ത്ഥന എന്നിവയില്‍ സദാ താത്പര്യപൂര്‍വ്വം പങ്കുചേര്‍ന്നു’ (അപ്പ 2.42). തിരുസഭ പഠിപ്പിക്കുന്നതും അനുശാസിക്കുന്നതും അതുതന്നെയാണ്, വിശ്വാസികളെല്ലാവരും ഒന്നുചേരാനും ഏകമനസ്സോടെ പ്രാര്‍ത്ഥിക്കാനും. കുടുംബത്തിലുള്ളവരുമായി സംസാരിക്കാനും, സ്‌നേഹം പങ്കുവെയ്ക്കാനും സഹായിക്കുന്ന അവസരമാണ് കുടുംബ പ്രാര്‍ത്ഥനയെന്ന് കൂടി കരുതേണ്ടത് ഇന്ന് ആവശ്യമേറെയായിരിക്കുന്നു.

 

ഒരുമ

പൊതുരാഷ്ട്രീയത്തില്‍ ഒറ്റയാള്‍ സമരങ്ങളും, ഒറ്റക്കെട്ടായ സമരങ്ങളും നാം സ്ഥിരം കാണാറുണ്ട്. നിരാഹാരം കിടക്കുന്ന ഗാന്ധിയനെയും നിരന്തരം മുറവിളി കൂട്ടുന്ന സംഘടി തശക്തിയെയും ഭരണകൂടം എങ്ങനെയാണു സമീപിക്കുന്നതെന്നും ഒരു കാഴ്ചയാണ്. ഒരു കാര്യം ഒരാള്‍ പറയുമ്പോഴും, മറ്റെയാള്‍ ഭാഗംചേര്‍ന്നു അതേകാര്യം വീണ്ടും പറയുമ്പോഴും, ബാക്കിയുള്ളവരും കൂടിച്ചേര്‍ന്ന് അതുതന്നെ ഒരുമിച്ച് പറയുമ്പോളും സംഭവിക്കുന്ന ബലത്തിന്റെയോ, ശക്തിയുടെയോ, ധൈര്യത്തിന്റെയോ മാറ്റം മാത്രമല്ല, ഫലത്തിലും മാറ്റം സംഭവിക്കുന്നത് സാധ്യമാണ്. നമ്മുടെ ദേശീയഗാനവും, പരേഡുകളും, അസംബ്ലിയും, എന്നിങ്ങനെ രാഷ്ട്രത്തെ വാര്‍ ത്തിരിക്കുന്ന ഏതു കോണിലും ഒരു കൂടിച്ചേരല്‍ നടക്കുന്നുണ്ട്. ഒരുമ എന്നത് ഒരനുഭവമാണ്. അത് അറിയണമെങ്കില്‍ ഒരുമിച്ച് നില്‍ക്കണം. കളത്തിനു പുറത്ത് നില്‍ക്കുന്നവന്‍ വെറും കാഴ്ചക്കാരന്‍ ആണ്. അവന് കാഴ്ചസുഖം മാത്രമേയുള്ളു, അനുഭവമില്ല. സ്‌നേഹം കൈമാറുന്ന ഒരു സമൂഹത്തിലും പിശാചിന് സ്ഥാനമില്ല. ക്രിസ്തു കടന്നുവരുന്നതും അങ്ങനെയുള്ള കൂടിച്ചേരലുകളില്‍ ആണ്. നമ്മുടെ കുടുംബബന്ധങ്ങളും, നാം ഉള്‍പ്പെടുന്ന സമൂഹവും ഒരുമയോടെ നിലനില്‍ക്കാന്‍ ശ്രമിക്കട്ടെ.

‘രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ച് കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും’
(മത്തായി 18.20).

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles