ലൂസിയാനയില്‍ ജലമാര്‍ഗം ദിവ്യകാരുണ്യപ്രദക്ഷണം ആഗസ്റ്റ് 15 ന് നടക്കും
ലൂസിയാന: പതിവുപോലെ ബോട്ടിലൂടെ നാല്‍പ്പതു മൈല്‍ നീളുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ഒരുക്കങ്ങളുമായി അമേരിക്കയിലെ ലൂയിസിയാന സംസ്ഥാനത്തെ ലഫേയ്റ്റ് രൂപത. ഒരു ദിവസം നീണ്ടുനിൽക്കുന്ന പ്രശസ്തമായ ദിവ്യകാരുണ്യ പ്രദക്ഷിണം ‘ഫെറ്റ് ഡിയു ഡേ ടെച്ചേ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഓഗസ്റ്റ് മാസം പതിനഞ്ചാം തീയതി ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളില്‍ ഫ്രഞ്ച് ഭാഷയിലുളള വിശുദ്ധ കുർബാന അർപ്പണത്തോടുകൂടിയാണ് പ്രദക്ഷിണം ആരംഭിക്കുക. ലഫേയ്റ്റ് രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് ഡഗ്ലസ് ഡെസ്ഹോട്ടൽ ലിയോൺവില്ലയിലെ സെന്റ് ലിയോ ദേവാലയത്തിൽ ദിവ്യബലി അർപ്പണത്തിനു നേതൃത്വം നൽകും. ശേഷം ബോട്ടില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം ആരംഭിക്കും.
ദിവ്യകാരുണ്യം വഹിച്ചുള്ള യാത്രാമദ്ധ്യേ ബയൂ നദിക്കരയിലുളള വിവിധ ദേവാലയങ്ങളിൽ ആരാധനയ്ക്കും ജപമാല പ്രാർത്ഥനയ്ക്കുമായി ബോട്ടുകൾ നിർത്തിയിടും. ഈ സ്ഥലങ്ങളിലെല്ലാം കുമ്പസാരിപ്പിക്കാനായി വൈദികരും സന്നിഹിതരായിരിക്കും. വ്യാകുല മാതാവിന്റെ ചാപ്പലില്‍ സന്ധ്യാപ്രാർത്ഥനയോടും ദിവ്യകാരുണ്യ ആശീർവാദത്തോടും കൂടിയാണ് 64 കിലോമീറ്ററോളം നീളുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം സമാപിക്കുക. 2015 ലായിരുന്നു അകേഡിയൻസ് എന്ന പേരിലറിയപ്പെടുന്ന ഫ്രഞ്ച് കുടിയേറ്റക്കാർ അമേരിക്കയിലെത്തിയതിന്റെ 250ാം വാര്‍ഷികം. ഇവരുടെ ഏറ്റവും ആദ്യത്തെ ദേവാലയമായ വിശുദ്ധ മാർട്ടിൻ ഡി പോറസ് ദേവാലയം പണിതതിന്റെ 250ാം വാർഷികവും 2015 ലായിരുന്നു. തുടര്‍ന്നാണ് ഫെറ്റ് ഡിയു ആരംഭിക്കുന്നത്.
ലിംഗ നിറഭേദമന്യേ, പ്രായമായവർക്കും, കൊച്ചുകുട്ടികൾക്കും സുരക്ഷിതത്വത്തോടും, സമാധാനത്തോടും മതസ്വാതന്ത്ര്യം അനുഭവിച്ച് കര്‍ത്താവിനെ ആരാധിക്കാൻ സാധിക്കുമെന്ന് ലൂയിസിയാനയിലെ കത്തോലിക്കാ വിശ്വാസികൾ അമേരിക്കയ്ക്കും, ലോകത്തിന് മുഴുവനും കാണിച്ചു കൊടുക്കുകയാണെന്ന് രൂപതാ വൈദികനായ ഫാ. മൈക്കിൾ ചമ്പാഗ്നി പറഞ്ഞു. പകർച്ചവ്യാധികൾ ഉണ്ടായിട്ടുള്ളപ്പോൾ സഭ ദിവ്യകാരുണ്യ പ്രദക്ഷിണങ്ങൾ നടത്താറുണ്ടായിരുന്നുവെന്നും, കൊറോണാ വൈറസിനെ തുരത്താൻ തന്നെയാണ് ഇത്തവണ തങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികൃതർ നിർദ്ദേശിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് തന്നെയായിരിക്കും ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കുക.