പോര്‍ച്ചുഗലിലെ പ്രഥമ അന്ധവൈദികന്‍ ഫാത്തിമയില്‍ ബലിയര്‍പ്പിച്ചു
16 ാം വയസ്സില്‍ ഗ്ലോക്കോമ എന്ന രോഗം ബാധിച്ച് അന്ധനായതാണ് പോര്‍ച്ചുഗീസുകാരനായ തിയാഗൊ വരാന്ഡ. വലിയ മരിയ ഭക്തനായ തിയാഗോ 2019 ജൂലൈ 15 ന് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഔര്‍ ലേഡി ഓഫ് സമേയ്റോയില് വച്ച് പുരോഹിതനായി അഭിഷിക്തനായി.
35 കാരനായ ഫാ. തിയാഗോ പോര്‍ച്ചുഗലില്‍ വൈദികനായി അഭിഷേകം ചെയ്യപ്പെടുന്ന ആദ്യത്തെ അന്ധനാണ്. വൈദികനായ ശേഷം കാഴ്ച നഷ്ടപ്പെട്ടവര്‍ പലരുമുണ്ടെങ്കിലും ഇദ്ദേഹം അന്ധനായതിന് ശേഷം വൈദികനാവുകായിരുന്നു.
പൗരോഹിത്യ സ്വീകരണത്തിന് ശേഷം ഫാ. തിയാഗോ ഫാത്തിമായിലെ കോവ ദ ഇരിയയില്‍ എത്തി വി. ബലി അര്‍പ്പിച്ച് പരിശുദ്ധ അമ്മയ്ക്ക് നന്ദി പറഞ്ഞു.
‘ ചെറുപ്പകാലം മുതല്ക്കേ ഫാത്തിമ എന്നും എനിക്ക് വളരെ സവിശേഷതയുള്ള ഒരു സ്ഥലമായിരുന്നു. ഈ നിമിഷം എനിക്ക് വളരെ പ്രധാനപ്പെട്ട നിമിഷമാണ്. എന്റെ പൗരോഹിത്യ ശുശ്രൂഷ ഞാന്‍ പരിശുദ്ധ അമ്മയ്ക്ക് സമര്‍പ്പിക്കുന്നു’ ഫാ. തിയാഗോ പറഞ്ഞു.