വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു
റോം : ഹോളി ഫാമിലി സന്യാസിനി സമൂഹ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപന ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ റോമിൽ പുരോഗമിക്കുന്നു. 2019 ഒക്ടോബർ പതിമൂന്നാം തീയതി വത്തിക്കാനിലാണ് വിശുദ്ധപദവി പ്രഖ്യാപനം.
നാമകരണ ചടങ്ങുകളുടെ രക്ഷാധികാരി യൂറോപ്പിലെ സീറോ മലബാർ സഭ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ .സ്റ്റീഫൻ ചിറപ്പണത്തിന്റെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ റോമിലെ സാന്തോം ഇടവക വികാരി ഫാ. ചെറിയാൻ വാരികാട്ട്, ഹോളിഫാമിലി സന്യാസിനി സമൂഹം സുപ്പീരിയർ ജനറൽ സി. ഉദയ CHF, നാമകരണ പ്രക്രിയയുടെ പോസ്റ്റുലേറ്റർ ഫാ.ബനഡിക്ട് വടക്കേക്കര OfmCap., സി.എം.ഐ .സന്യാസസമൂഹത്തിന്റെ പ്രൊകുറേറ്റർ ജനറൽ ഫാ. ചെറിയാൻ തുണ്ടുപറമ്പിൽ CMI എന്നിവരെ ജനറൽ കൺവീനർമാരായി തിരഞ്ഞെടുത്തു. തുടർന്ന് ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപികരിക്കുകയും ഉത്തരവാദിത്തങ്ങൾ കൈമാറുകയും ചെയ്തു.
വിശുദ്ധപദവി പ്രഖ്യാപന ചടങ്ങുകൾക്കു മുന്നോടിയായി ഒക്ടോബർ പന്ത്രണ്ടാം തീയതി ശനിയാഴ്ച്ച റോമിലെ ‘മരിയ മജോരേ’ മേജർ ബസലിക്കയിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾക്കു വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള വത്തിക്കാൻ കോൺഗ്രിഗേഷന്റെ പ്രീഫെക്ട് കർദ്ദിനാൾ ആഞ്ചലോ ബേച്ചു നേതൃത്വം നല്കും. പിറ്റേ ദിവസം പതിമൂന്നാം തിയ്യതി ഞായറാഴ്ച രാവിലെ 10 .00ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന വിശുദ്ധ ബലിയിൽ വാ.ജോൺ ഹെൻട്രി ന്യൂമാൻ, വാ. ജുസപ്പീന വനീനി, വാ.ഡൽച്ചേ ലോപ്പസ് പോന്റസ്, വാ. മർഗരീത്ത ബേയ്സ് എന്നീ നാലു പേർക്കുമൊപ്പം വാ.മറിയം ത്രേസ്യയെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കും. ഒക്ടോബർ14 തിങ്കളാഴ്ച്ച റോമിലെ സെന്റ്. അനസ്താസ്യ ബസിലിക്കയിൽ നടക്കുന്ന കൃതജ്ഞതാ ബലിക്ക് സീറോ മലബാർ മേജർ ആർച്ചു ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിക്കും.
വി.അൽഫോൻസാമ്മ ,വി. കുര്യാക്കോസ് ചാവറ ഏലിയാസ് അച്ചൻ, വി.എവുപ്രാ സ്യാമ്മ, വി.മദർ തെരേസ എന്നിവർക്കു ശേഷം ഭാരതത്തിൽ നിന്നു വിശുദ്ധയാകുന്ന വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ നാമകരണ പരിപാടികളിൽ പങ്കെടുക്കുവാനായി ആയിരകണക്കിന് ആളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും റോമിൽ എത്തിച്ചേരുമെന്ന് സംഘാടകർ അറിയിച്ചു.
ഫാ. ആന്റണി തലച്ചെല്ലൂർ
സെക്രട്ടറി, സീറോ മലബാർ മീഡിയ കമ്മിഷൻ