അത്ഭുതം സ്ഥിരീകരിച്ചു: ഫാ.സ്പിനെല്ലി വിശുദ്ധപദത്തിലേക്ക്
വത്തിക്കാന്‍: മിലാനിലെ ഇടവക വൈദികനായ ഫാ. ഫ്രാന്‍സിസ്കോ സ്പിനെല്ലി ഒക്ടോബര്‍ 14 ന് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടും. പോള്‍ ആറാമന്‍ മാര്‍പാപ്പയ്ക്കും ബിഷപ്പ് ഓസ്കര് റൊമാനോയ്ക്കും ഒപ്പമാണ് ഫാ. സ്പിനെല്ലി വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്. മരണത്തില്‍ നിന്നും നവജാതശിശു വിശുദ്ധന്റെ മധ്യസ്ഥതയാല്‍ രക്ഷപ്പെട്ട അത്ഭുതം വത്തിക്കാന്‍ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്.
2017 ഏപ്രില്‍ 25 ന് കോംഗോയിലെ കിന്‍ഷാസയിലെ ഒരു ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനാണ് ഫാ. സ്പിനെല്ലിയുടെ മധ്യസ്ഥത്താല്‍ സൗഖ്യം ലഭിച്ചത്. കുഞ്ഞ് ജനിച്ചതിന്റെ മൂന്നാം ദിവസം കുഞ്ഞിനെയും അമ്മയെയും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്കു വിട്ടു. പോകും വഴി തെന്നി വീഴാന്‍ പോയ അമ്മ കുട്ടിയെ അള്ളിപ്പിടിച്ചു. അമ്മയ്ക്ക് വലിയ രക്തസ്രാവമുണ്ടായി. ആ പിടുത്തം കുഞ്ഞിനെ സാരമായി ബാധിച്ചു.
തിരികെ ആശുപത്രിയിലെത്തിയപ്പോള്‍ കുഞ്ഞിന് അടിയന്തരമായി രക്തം നല്‍കേണ്ടത് ആവശ്യമായി വന്നു. എന്നാല്‍ ഞരമ്പുകള്‍ വളരെ നേര്‍ത്തു പോയതിനാല്‍ അതിന് സാധ്യമായിരുന്നില്ല. മാത്രമല്ല, ഗ്രാമത്തിലെ ആ ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നുമില്ല. മറ്റൊരു മികച്ച ആശുപത്രിയിലേക്ക് ഉടനെ മാറ്റുക സാധ്യമല്ലാതിരുന്നതിനാല്‍ കുഞ്ഞ് മരിക്കും എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.
ആ നേരം അഡോറേഷന്‍ കന്യാസ്ത്രീയായ സി. ആഡെലിന്‍ എല്ലാ കന്യസ്ത്രീകളെയും വിളിച്ചു കൂട്ടി കുഞ്ഞിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. സന്ന്യാസ സഭയുടെ സുപ്പീരിയറായ സി. ആന്ോണീറ്റ മുസോണി ഫാ. സ്പിനെല്ലിയുടെ നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ എല്ലാവരോടും ആവശ്യപ്പെട്ടു.
സി. ആഡെലിന്‍ ഫാ. സ്പിനെല്ലിയുടെ ബഹുമാര്ത്ഥമുള്ള ഒരു കാര്‍ഡ് കുഞ്ഞിനെ ഷീറ്റിനടിയില്‍ വച്ചു. ആ നേരം ഒരു അവസാനശ്രമം നടത്തിക്കൊണ്ടിരുന്ന ഡോക്ടര്‍മാര്‍ക്ക് കുഞ്ഞിന്റെ ഞരമ്പു കിട്ടി (അത് ഒരു മുതിര്‍ന്ന ആളുടെ പോലെ വലുതായിരുന്നു എന്ന് സാക്ഷ്യം). അപ്രകാരം രക്തം കുഞ്ഞിലേക്ക് കയറ്റുകയും ചെയ്തു. വൈകാതെ കുഞ്ഞ് ജീവിതത്തിലേക്ക് മടങ്ങി വന്നു. കുഞ്ഞ് ഇപ്പോള്‍ ആരോഗ്യവാനായിരിക്കുന്നു.
1992 ജൂണ്‍ 21 ന് വി. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയാണ് ഫാ. സ്പിനെല്ലിയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്.