“ധന്യൻ ഫാ. വർഗീസ് പയ്യപ്പിള്ളി സാധാരണക്കാരുടെ ആവശ്യങ്ങളറിഞ്ഞു പ്രവർത്തിച്ച അജപാലകന്”
കൊച്ചി: സാധാരണക്കാരുടെ ആവശ്യങ്ങളറിഞ്ഞു പ്രവർത്തിച്ച അജപാലകനായിരുന്നു ധന്യൻ ഫാ. വർഗീസ് പയ്യപ്പിള്ളിയെന്നു ബിഷപ് മാർ മാത്യു വാണിയക്കിഴക്കേൽ പറഞ്ഞു. അഗതികളുടെ സഹോദരിമാർ (സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിറ്റിയൂട്ട് എസ്ഡി) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകൻ ധന്യൻ ഫാ. വർഗീസ് പയ്യപ്പിള്ളിയുടെ 90-ാം ചരമവാർഷിക അനുസ്മരണത്തിൽ (സ്വർഗപ്രവേശനത്തിന്റെ നവതിയാഘോഷം) സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ധന്യന്റെ കബറിടം സ്ഥിതി ചെയ്യുന്ന കോന്തുരുത്തി സെന്റ് ജോണ് നെപുംസ്യാൻ പള്ളിയിൽ നടന്ന സമൂഹബലിയിൽ മാർ വാണിയക്കിഴക്കേൽ മുഖ്യകാർമികനായി. കോതമംഗലം രൂപത സിഞ്ചെല്ലൂസ് ഫാ. ഫ്രാൻസിസ് കീരന്പാറ വചനസന്ദേശം നൽകി. ഫാ. അഗസ്റ്റിൻ തോട്ടക്കര, റവ. ഡോ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി, ഫാ. തോമസ് നങ്ങേലിമാലിൽ, ഫാ. ആന്റണി പരവര തുടങ്ങിയവർ സഹകാർമികരായിരുന്നു.
“”ധന്യൻ വർഗീസ് പയ്യപ്പിള്ളി അച്ചൻ: ദൈവകരുണയുടെ അപ്പസ്തോലൻ” എന്ന പുസ്തകത്തിന്റെയും ധന്യന്റെ മധ്യസ്ഥതയിൽ നടന്ന പ്രധാന അത്ഭുതസാക്ഷ്യങ്ങൾ ഉൾപ്പെടുത്തിയ ഗ്രന്ഥത്തിന്റെയും പ്രകാശനം നടന്നു. എസ്ഡി മദർ ജനറൽ സിസ്റ്റർ റെയ്സി തളിയൻ, കോന്തുരുത്തി പള്ളി വികാരി ഫാ. മാത്യു ഇടശേരി, ടിസൻ ജെ. തച്ചങ്കരി തുടങ്ങിയവർ പ്രസംഗിച്ചു. നേർച്ചസദ്യയും ഉണ്ടായിരുന്നു.