ആ സെമിനാരിക്കാര്‍ ഇനി വാഴ്ത്തപ്പെട്ടവര്‍
ബ്ര. ചെറിയാന് സാമുവല്‍
(എക്സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)
ഒവിയേഡോ – സ്പെയിന്: ദൈവസ്നേഹത്തെ പ്രതി രക്തസാക്ഷിത്വം വഹിച്ചു ലോകത്തിന് മാതൃകയായവരാണ് ആ ഒന്‍പത് സെമിനാരി വിദ്യാര്‍ത്ഥികള്‍. ലോകത്തുള്ള സകല വൈദികരും വൈദിക വിദ്യാര്‍ത്ഥികളും ഈ ഒന്‍പതു പേരുടെ മാതൃക നോക്കി പഠിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞിരുന്നു. ഇനി ഈ ഒന്‍പതു പേരും സഭയുടെ വാഴ്ത്തപ്പെട്ടവര്‍. ആഞ്ചലോ, മരിയാനോ, ജീസസ്, സീസര്‍ ഗൊണ്‍സാലോ, ജോസ് മരിയ, ജുവാന്‍ ജോസ്, മാനുവല്‍, സിക്സ്റ്റോ, ലൂയിസ് എന്നവരാണ് സ്വര്‍ഗം അനുഗ്രഹിച്ച ആ ഭാഗ്യവാന്മാര്. 1934നും 1937നുമിടയില്‍ സ്പെയിനില്‍ രക്തസാക്ഷിത്വം വരിച്ചവരാണ് ഇവര്‍.
എല്ലാ തെരഞ്ഞെടുപ്പുകളെയും അതിലംഘിക്കുന്ന ക്രിസ്തുവിനോടുള്ള സ്നേഹത്തിന്റെ തിരഞ്ഞെടുപ്പാണ് അവരുടെ ധന്യജീവിതങ്ങളില് പ്രകാശിക്കുന്നതെന്ന് വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘം പ്രീഫെക്ട് കര്‍ദിനാള്‍ ആഞ്ചലോ ബെക്യു പറഞ്ഞു. മഹത്തരമാണെ് അവരുടെ സാക്ഷ്യം, പ്രതിസന്ധിഘട്ടങ്ങളില്‍ അവര്‍ ഒളിച്ചോടിയില്ല. കര്‍ദിനാള്‍ പറഞ്ഞു. രക്തസാക്ഷികളായ ഈ സെമിനാരി വിദ്യാര്‍ത്ഥികളുടെ സന്ദേശം സഭയോടും യൂറോപ്പിനോടും സംസാരിച്ചു കൊണ്ടിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്രിസ്ത്ുവിനെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മരണം തെരഞ്ഞെടുക്കുന്നുവെന്നും മനുഷ്യന്റെ അധികാരത്തിന് ദൈവത്തിന്റെ ആധിപത്യത്തെ എതിര്ക്കാനാവില്ലെന്നതിന് ഉത്തമ സാക്ഷ്യമാണ് ഈ ധന്യജീവിതങ്ങള്‍ എന്നും കര്‍ദിനാള്‍ പറഞ്ഞു. ഇവരുടെ മാതൃക അനുകരിച്ച് ക്രിസ്തുവിനെ ശുശ്രൂക്കാന് തയ്യാറാകുന്ന അനേകം വിശുദ്ധരായ സെമിനാരി വിദ്യാര്‍ത്ഥികളെയും വൈദികരെയും സന്യസ്തരെയും സഭക്കിന്ന് ആവശ്യമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഏഴായിരത്തോളം വൈദികരും സന്ന്യസ്തരും സ്പാനിഷ് ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു.