മഹാദര്‍ശനങ്ങള്‍ ലഭിച്ച വാഴ്ത്തപ്പെട്ട ആന്‍ കാതറൈന്‍ എമിറിച്ചിന്റെ ജീവിതം അറിയാമോ?
ജർമ്മനിയിലെ ഒരു ദരിദ്ര കർഷക കുടുംബത്തിൽ ഭക്തരായ മാതാപിതാക്കൾക്ക് 1774 സെപ്റ്റംബർ എട്ടിന് ആൻ കാതറിൻ പിറന്നു. കുഞ്ഞുനാൾ മുതലേ ദൈവഭക്തിയിൽ അവൾ അഗ്രഗണ്യയായിരുന്നു. പല ദൈവിക ദർശനങ്ങളും പ്രവചന ദർശനങ്ങളും അവൾക്കുണ്ടായി.ഉണ്ണിയേശുവും ശുദ്ധീകരണാത്മാക്കളും അവളെ സന്ദർശിച്ചിരുന്നു. എന്നാൽ അവൾ ധരിച്ചിരുന്നത് തന്റെ കൂട്ടുകാർക്കും ഈ അനുഭവങ്ങൾ ലഭിക്കുന്നുണ്ടെന്നായിരുന്നു. മറ്റുള്ളവരുടെ രോഗങ്ങൾ തിരിച്ചറിയാനും അവരുടെ ആത്മാവിന്റെ പാപങ്ങൾ തിരിച്ചറിയാനുള്ള സിദ്ധിയും നല്ല ദൈവം അവൾക്ക് നൽകി.
വളർന്നപ്പോൾ മാതാപിതാക്കളെ സഹായിക്കാൻ കർഷക ജോലിയും തുന്നൽ ജോലിയും അവൾ ചെയ്തു. ഓർഗൺ വായിക്കുന്ന ആളുടെ വീട്ടിൽ വേലക്കാരിയായി ചെന്നപ്പോൾ ഓർഗൺ വായിക്കാനും അവൾ പഠിച്ചു. 1802ൽ ഡൽമണിലുള്ള അഗസ്റ്റീനിയൻ സന്യാസ സഭയിൽ ചേർന്നു. ഭക്ത കൃത്യങ്ങളിൽ ഉത്സാഹ ഭരിതയായിരുന്ന ആൻ മറ്റുള്ളവരെ അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ കാലഘട്ടത്തിലും ദർശനങ്ങൾക്ക് കുറവുണ്ടായിരുന്നില്ല.സഭയിലെ നടക്കാൻ പോകുന്ന പല സംഭവങ്ങളും അവൾക്ക് വെളിപ്പെടുത്തപ്പെട്ടു.
1812ൽ ഒരു ഗവൺമെന്റ് ഉത്തരവ് പ്രകാരം അവരുടെ കോൺവെന്റ് കണ്ടു കെട്ടിയപ്പോൾ ആൻ ഒരു ദരിദ്ര വിധവയോടൊപ്പം താമസം തുടങ്ങി. സഹായത്തിന് ഒരു തുണ സഹോദരിയായാണ് താമസം തുടങ്ങിയതെങ്കിലും 1813ൽ ആരോഗ്യനില വഷളാവുകയും ആൻ ഒരു രോഗി ആവുകയും ചെയ്തു. കൂടുതൽ ദർശനങ്ങളും പ്രവചനങ്ങളും ഈ കാലയളവിൽ അവൾക്കുണ്ടായി. ശരീരത്തിൽ പഞ്ചക്ഷത അടയാളങ്ങളും ശിരസ്സിൽ മുൾമുടിയുടെ അടയാളങ്ങളും ദൃശ്യമായി. പരിശുദ്ധ കുർബാന മാത്രമായിരുന്നു തുടർന്ന് ഭക്ഷണം.
ഇവയെക്കുറിച്ചെല്ലാം രൂപതയിലെ വികാരി ജനറൽ അന്വേഷണ പഠനങ്ങൾ നടത്തി യഥാർത്ഥമാണെന്ന് കണ്ടെത്തി. 1818ൽ പഞ്ചക്ഷതങ്ങൾ അപ്രത്യക്ഷമായി. 1819ൽ ഗവൺമെന്റ് നിയോഗിച്ച ഒരു സംഘം അവളുടെ ശരീരത്തിൽ പഠനങ്ങൾ നടത്തി. ഇതിനായി അവളെ ജയിലിലടയ്ക്കുകയും 24 മണിക്കൂർ തുടർച്ചയായ നിരീക്ഷണം നടത്തുകയും ചെയ്തു. നിരവധി ഭീഷണികളും രഹസ്യം ചോർത്തലിന്റെ വശീകരണങ്ങളും കാതറിന് നേരിടേണ്ടിവന്നു. കൂടുതലൊന്നും കണ്ടെത്താത്ത അതിനെ തുടർന്ന് അന്വേഷണ കമ്മീഷൻ തങ്ങളുടെ ഉദ്യമങ്ങൾ അവസാനിപ്പിച്ചു. എന്നാൽ റിപ്പോർട്ട് സമർപ്പിക്കുവാനുള്ള പ്രേരണ ശക്തമായപ്പോൾ അവളുടെ ശരീരത്തിൽ സംഭവിച്ചതെല്ലാം കെട്ടുകഥകളാണ് എന്നാണ് അവർ പറഞ്ഞത്.
ക്ലമെൻസ് ബ്രന്റാനോ എന്ന ഒരു കവി ആൻ കാതറിനെ സന്ദർശിച്ച് അവൾക്ക് ലഭിച്ച ദർശനങ്ങൾ എഴുതാൻ തുടങ്ങി. പരിശുദ്ധ കന്യകയുടെ ജീവിതം, യേശുവിന്റെ പീഡാസഹനങ്ങൾ, യേശുവിന്റെ ജീവിത സംഭവങ്ങൾ തുടങ്ങിയവയെല്ലാം വളരെ വ്യക്തമായി വിവരിക്കപ്പെട്ടു. ഈ വിശുദ്ധ നൽകിയ വിവരണത്തിൽ നിന്നാണ് പരിശുദ്ധ മറിയത്തിന്റെ എഫേസൂസിലെ ഭവനം കണ്ടെത്തിയത്. പാഷൻ ഓഫ് ദ ക്രൈസ്റ്റ് സിനിമയും അവൾ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മിച്ചതാണ്.
1823 ആയപ്പോഴേക്കും ആൻകാതറിന്റെ ആരോഗ്യം കൂടുതൽ ക്ഷയിക്കാൻ തുടങ്ങി.1824 ഫെബ്രുവരി ഒമ്പതിന് ആ ധന്യ ജീവിതം അവസാനിച്ചു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.