വി. കുര്‍ബാന നിത്യഭക്ഷണമാക്കിയവള്‍
വാഴ്ത്തപ്പെട്ട അലക്‌സാന്‍ഡ്രിയ ഡി കോസ്റ്റ എന്നൊരു പുണ്യവതിയുണ്ടായിരുന്നു. 1904 ല്‍ ജനിച്ച അലക്‌സാന്‍ഡ്രിയയുടെ ചെറുപ്പകാലത്ത് ഒരു സംഭവമുണ്ടായി. സഹോദരിയുടെ കൂടെ തയ്യല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ അവരെ മൂന്നു പേര്‍ ആക്രമിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ശുദ്ധത സംരക്ഷിക്കാന്‍ വേണ്ടി അലക്‌സാന്‍ഡ്രിയ മുകളിലത്തെ നിലയില്‍ നിന്ന് താഴേക്കു ചാടി.
ആ വീഴ്ചയില്‍ മാരകമായി മുറിവേറ്റ അവരുടെ ശരീരം ഭാഗികമായി തളര്‍ന്നു പോയി. പത്തൊന്‍പതാം വയസ്സു വരെ ഇഴഞ്ഞു വലിഞ്ഞ് പള്ളിയില്‍ പോകുന്നത് അവര്‍ മുടക്കിയില്ല. എന്നാല്‍ രോഗം പിന്നെയും വഷളാകുകയും അവര്‍ കിടക്കയില്‍ തന്നെ ജീവിതം ചെലവഴിക്കേണ്ട അവസ്ഥയിലാകുകയും ചെയ്തു. ആ കിടപ്പില്‍ ദൈവികമായ അനുഭവങ്ങളും കൃപകളും പുണ്യവതിക്ക് ലഭിച്ചു. 1942 മാര്‍ച്ച് 27ന് ദൈവസ്‌നേഹത്താല്‍ എരിഞ്ഞ അവള്‍ ഉള്ളില്‍ നിന്നൊരു സ്വരം കേട്ടു: ഇനി നീ ഭൂമിയില്‍ മറ്റൊരു ഭക്ഷണവും കഴിക്കേണ്ടതില്ല. നിന്റെ ഭക്ഷണം എന്റെ ശരീരമായിരിക്കും. എന്റെ രക്തം നിന്റെ പാനീയവും.’
അന്നു മുതല്‍ സമ്പൂര്‍ണമായ ഒരു ഉപവാസം അലക്‌സാന്‍ഡ്രിയ ആരംഭിച്ചു. പിന്നീടുള്ള പതിമൂന്ന് വര്‍ഷക്കാലം വി. കുര്‍ബാന മാത്രമാണ് അലക്‌സാന്‍ഡ്രിയ ഭക്ഷിച്ചത്.
നിങ്ങള്‍ എന്തു കൊണ്ടാണ് ഭക്ഷണം കഴിക്കാത്തത്?’ എന്നു ചോദിച്ച ഡോക്ടര്‍മാരോട് അലക്‌സാന്‍ഡ്രിയ പറഞ്ഞത് ‘എനിക്ക് ഭക്ഷണം കഴിക്കാനാവില്ലാത്തതു കൊണ്ടു തന്നെ. എന്റെ ഉദരം നിറഞ്ഞിരിക്കുന്നു. എനിക്ക് ഭക്ഷണം ഇനി ആവശ്യമില്ല.’
അലക്‌സാന്‍ഡ്രിയയെ പരിശോധിച്ച ഡോക്ടര്‍ ഗോമസ് ഡി അരൗജോ ഈ അവസ്ഥ ശാസ്ത്രീയ വിശദീകരണങ്ങള്‍ക്ക് അപ്പുറമാണ് എന്ന് വിധിയെഴുതി. 1955 ല്‍ അലക്‌സാന്‍ഡ്രിയ മരണമടഞ്ഞു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.