സമൂഹത്തിന്റെയും സഭയുടെയും ശക്തിസ്രോതസ്സാണ് സന്ന്യാസ സമൂഹങ്ങള്‍: ബിഷപ് തെക്കത്തച്ചേരിൽ
കോട്ടയം: സമൂഹത്തിന്റെയും സഭയുടെയും പുരോഗതിക്ക് അനിഷേധ്യമായ സംഭാവനകൾ നൽകുന്ന ശക്തിസ്രോതസാണ് സന്യസ്തസമൂഹങ്ങളെന്ന് വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ. രൂപതയുടെ സന്യസ്ത സംഗമം - മഞ്ഞിഫിക്കാത്ത് 2020’ കോട്ടയം വിമലഗിരി പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. വികാരി ജനറാൾ മോണ്‍. ജസ്റ്റിൻ മഠത്തിപ്പറന്പിൽ അധ്യക്ഷത വഹിച്ചു. സംഗമത്തിൽ ആർപ്പൂക്കര നവജീവൻ ട്രസ്റ്റി പി.യു. തോമസ് മുഖ്യാതിഥിയായിരുന്നു.
സന്യസ്തർക്കു വേണ്ടിയുള്ള രൂപത എപ്പിസ്ക്കോപ്പൽ വികാരി മോണ്‍. സെബാസ്റ്റ്യൻ പൂവത്തുങ്കൽ ആമുഖ സന്ദേശം നൽകി. ഈ വർഷത്തെ പെസഹാദിനം നവജീവൻ അന്തേവാസികൾക്ക് ഭക്ഷണം നൽകി അവരോടൊപ്പമായിരിക്കാനും സന്യസ്തസംഗമം തീരുമാനിച്ചു. ഫാ. ബേസിൽ പാദുവ ഒസിഡി, ഫാ. ജോസ് പറപ്പള്ളിൽ, സിഎഫ്ഐസി പ്രൊവിൻഷ്യാൾ ഫാ. ജോസ് മാത്യു, സിടിസി പ്രൊവിൻഷ്യാൾ മദർ സിയെന്ന, ഡിഐഎച്ച് മദർ ജനറാൾ സിസ്റ്റർ മേരി ഇസിദോർ എന്നിവർ പ്രസംഗിച്ചു.
പുതിയ കോ - ഓർഡിനേറ്റർമാരായി ഫാ. സജി കുന്നപ്പള്ളി ഒഎസ്ജെ, സിസ്റ്റർ നിഖില സിഎസ്എസ്ടി, സിസ്റ്റർ ജയിൻ സിടിസി, സിസ്റ്റർ ഹെലൻ ഡിഐഎച്ച് എന്നിവരെ യോഗം തെരഞ്ഞെടുത്തു. സിസ്റ്റർ ജെനിൻ സിഎസ്എസ്ടി, സിസ്റ്റർ ബെർളി എസ്സിസി, സിസ്റ്റർ വൽസമ്മ എസ്എബിജെ, ഫാ. ജോണ്വിയാനി, പിആർഒ, ഹെൻറി ജോണ്‍ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.