കുരിശിലെ യേശുവിന്റെ 7 അന്ത്യമൊഴികള്‍ നമുക്ക് ധ്യാനിക്കാം

യേശുക്രിസ്തു കുരിശിൽ മരിച്ചത് മനുഷ്യകുലത്തെ പാപത്തിൽ നിന്ന് വീണ്ടെടുക്കാൻ ആണ്. സുവിശേഷകൻമാരായ മത്തായി, മർക്കോസ്, ലൂക്കാ, യോഹന്നാൻ എന്നിവർ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം യേശു പരിഹസിക്കപ്പെടുകയും ചമ്മട്ടിയടിക്കപ്പെടുകയും മുൾമുടിയണിയിക്കപ്പെടുകയും ചെയ്തു. തുടർന്ന് ജെറുസലേമിലെ പ്രത്തോറിയം മുതൽ കാൽവരി വരെ കുരിശു ചുമന്ന് നടത്തപ്പെടുകയും കാൽവരിയിൽ വച്ച് മൂന്നാണികളാൽ കുരിശിൽ തറയ്ക്കപ്പെടുകയും 2 കള്ളന്മാരുടെ കുരിശുകളുടെ നടുവിൽ യേശുവിന്റെ കുരിശ് നാട്ടപ്പെടുകയും ചെയ്തു. തുടർന്ന് കഠിനവേദന സഹിച്ച് മൂന്നു മണിക്കൂർ നേരം കുരിശിൽ കിടന്നപ്പോൾ യേശു പറഞ്ഞ7 വചനങ്ങൾ ചിന്തനീയമാണ്.

1.”പിതാവേ, അവരോട് ക്ഷമിക്കേണമേ. എന്തെന്നാൽ അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല.”(ലൂക്ക 23:34)

കുരിശിന്റെ താഴെ നിന്നിരുന്ന പട്ടാളക്കാരും പ്രമാണികളും യേശുവിനെ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു. “ഇവനിൽ ഞാൻ ഒരു കുറ്റവും കാണുന്നില്ല: എന്ന് പറഞ്ഞ പീലാത്തോസ്തന്നെ യേശുവിനെ കുരിശുമരണത്തിന് വിധിച്ചു. സെൻഹെദ്രീൻ സംഘാംഗങ്ങൾ യേശുവിനെതിരെ ഗൂഢാലോചന നടത്തി. അവിടെ കൂടിയ ജനക്കൂട്ടം ആകട്ടെ അവനെ ക്രൂശിക്കുക എന്ന് ആർത്തുവിളിച്ചു. ഇത്രയും പീഡനങ്ങൾക്ക് നടുവിലും യേശു എല്ലാവരോടും ക്ഷമിക്കുന്നു. മാത്രമല്ല, പിതാവായ ദൈവത്തിനു മുൻപിൽ ക്ഷമയ്ക്കായി വാദിക്കുകയും ചെയ്യുന്നു. “നിങ്ങൾ ശത്രുക്കളെ സ്നേഹിക്കുവിൻ നിങ്ങളെ പീഡിപ്പിക്കുന്നവർക്ക് ആയി പ്രാർത്ഥിക്കുവിൻ” എന്ന തന്റെതന്നെ വാക്കുകൾ യേശു പ്രവർത്തിച്ചു കാണിച്ചു തരുകയാണ് നമുക്കിവിടെ.

2.”സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും.” (ലൂക്ക 23: 43)

കുരിശിൽ തറക്കപ്പെട്ട കള്ളന്മാരിൽ ഒരുവൻ യേശുവിനെ പരിഹസിച്ചു; “നീ ക്രിസ്തുവല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്ക”.എന്നാൽ ഉടനെ തന്നെ യേശുവിനു വേണ്ടി മറ്റേ കള്ളൻ ഇപ്രകാരം പറഞ്ഞു:” നീ ദൈവത്തെ ഭയപ്പെടുന്നില്ലേ? നീയും അതെ ശിക്ഷാവിധിയിൽ തന്നെയാണല്ലോ. നമ്മുടെ ശിക്ഷാവിധി ന്യായമാണ്. ഇവൻ ഒരു തെറ്റും ചെയ്തിട്ടില്ല.” തുടർന്ന് അവൻ യേശുവിനോട് പറഞ്ഞു:
“യേശുവേ, നീ നിന്റെ രാജ്യത്ത് പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കേണമേ!” അപ്പോഴാണ് യേശു ഈ മറുപടിവചനം നൽകുന്നത്. പശ്ചാത്തപിക്കുന്ന ഒരു പാപിയെ യേശു അവനിൽ കണ്ടെത്തുകയായിരുന്നു.

3.”സ്ത്രീയെ ഇതാ നിന്റെ മകൻ” (യോഹന്നാൻ: 19: 26)”ഇതാ നിന്റെ അമ്മ” (യോഹന്നാൻ. 19: 27)

കാനായിൽ വച്ച് പരസ്യജീവിതം ആരംഭിച്ചപ്പോൾ മറിയം അവിടെ ഉണ്ടായിരുന്നു. കാൽവരിയിൽ പരസ്യജീവിതം അവസാനിക്കുമ്പോഴും മറിയം സന്നിഹിതയാണ്. യേശു കാനായിൽ വച്ച് താൻ പറഞ്ഞ അതേ സ്ത്രീ തന്നെയാണ് കാൽവരിയിൽ നിൽക്കുന്ന സ്ത്രീയും എന്ന് സൂചിപ്പിക്കാനാണ് അമ്മയെ സ്ത്രീയെ എന്ന് വിളിക്കുന്നത്. ഉല്പത്തി പുസ്തകത്തിലെ സ്ത്രീയും വെളിപാടിലെ സ്ത്രീയും എല്ലാം തന്റെ അമ്മയായ മറിയം തന്നെയാണ് എന്ന് യേശു ഇവിടെ വെളിപ്പെടുത്തുകയാണ്. യേശു തന്റെ അമ്മയെ യോഹന്നാന് അമ്മയായും, യോഹന്നാനെ മറിയത്തിന് മകനായും പരസ്പരം നൽകുമ്പോൾ മറിയം യേശുവിന്റെ ശിഷ്യരായവർക്ക് മുഴുവൻ അമ്മയായി മാറുകയാണിവിടെ. യോഹന്നാന് അമ്മയായി മറിയത്തെ യേശു നൽകിയത് മുതൽ ആ ശിഷ്യൻ മറിയത്തെ തന്റെ ഭവനത്തിൽ സ്വീകരിച്ചു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഒരു പുത്രൻ എന്നുള്ള നിലയിൽ താൻ പോകുമ്പോൾ ഒറ്റയ്ക്കായി പോകുന്ന തന്റെ അമ്മയെ അരുമ ശിഷ്യന് ഏല്പിച്ചുകൊണ്ട് ഒരു നല്ല മകന്റെ കടമ യേശു നിർവഹിക്കുന്നു. യേശുവിന് മറ്റു സഹോദരന്മാരും ഉണ്ടായിരുന്നു എന്ന് വാദിക്കുന്നവർക്ക് യേശുവിന്റെ മറുപടി കൂടിയാണ് ഈ വചനം. താൻ തന്റെ അമ്മയുടെ ഏകമകൻ ആയതുകൊണ്ടാണ് മരണവേളയിൽ ഇങ്ങനെ പ്രവർത്തിക്കുന്നത് എന്നത് സുവ്യക്തം.

4.”എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു? “(മത്തായി. 27:46)

മൂന്നു മണിക്കൂർ നേരത്തെ അന്ധകാരത്തിന് ശേഷം ഒമ്പതാം മണിക്കൂർ ആയപ്പോൾ കഠിന വേദനയാൽ യേശു പറഞ്ഞ വചനമാണിത്. പിതാവും തന്നെ പരിത്യജിച്ചു എന്ന് യേശുവിനു തോന്നി. കഠിനമായ ഹൃദയവേദനയോടെ ആണ് ഈശോ ഇങ്ങനെ നിലവിളിച്ചത്. യേശു തന്റെ പീഡാസഹനവേളയിൽ ദൈവസ്വഭാവം പൂർണമായും ഉപേക്ഷിച്ചു.പരിപൂർണ്ണ മനുഷ്യസ്വഭാവത്തിലേക്ക് മാറി. പക്ഷെ, പിതാവുമായുള്ള ഐക്യം നഷ്ടപ്പെട്ടത് യേശുവിന് വലിയ സഹനം ആയിരുന്നു. എന്നാൽ, മനുഷ്യകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടിയുള്ള പീഡാസഹനത്തിൽ പൂർണ മനുഷ്യൻ ആകേണ്ടത് ആവശ്യമായിരുന്നു താനും. ഓരോ മനുഷ്യന്റേയും മരണനേരത്ത് അവൻ കടന്നു പോകേണ്ടിവരുന്ന പരിത്യക്ത അവസ്ഥ യേശു ഏറ്റെടുക്കുകയായിരുന്നില്ലേ ഈ സഹനത്തിലൂടെ? 1 പത്രോസ് 2 :24l പറയുന്നു :”നമ്മുടെ പാപങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചുകൊണ്ട് അവൻ കുരിശിലേറി. അത്, നാം പാപത്തിനു മരിച്ച് നീതിക്കായി ജീവിക്കേണ്ടതിനാണ്. അവന്റെ മുറിവിനാൽ നിങ്ങൾ സൗഖ്യം ഉള്ളവരാക്കപ്പെട്ടിരിക്കുന്നു.

5.”എനിക്ക് ദാഹിക്കുന്നു.”(യോഹന്നാൻ. 19:28)

വിശുദ്ധ യോഹന്നാൻ എഴുതിയിരിക്കുന്നത് പ്രകാരം തിരുവെഴുത്ത് പൂർത്തിയാകാൻ വേണ്ടിയാണ്(സങ്കീർത്തനം 69:21) യേശു എനിക്ക് ദാഹിക്കുന്നു എന്നു പറഞ്ഞത്. അപ്പോൾ അവിടെ നിന്നിരുന്ന ചിലർ വിനാഗിരിയിൽ കുതിർത്ത ഒരു നീർപ്പഞ്ഞി ഒരു ഹിസോപ്പു ചെടിയുടെ തണ്ടിൽ വച്ച് യേശുവിന് നൽകി. യേശുവിന് ഉണ്ടായത് ആത്മീയമായ ദാഹം ആയിരുന്നു എന്ന് ബൈബിൾ പണ്ഡിതന്മാർ പഠിപ്പിക്കുന്നു. സ്നേഹത്തിനു വേണ്ടി മനുഷ്യ രക്ഷയ്ക്ക് വേണ്ടി ആത്മാക്കൾക്ക് ആയി യേശു ദാഹിച്ചു.

6.” എല്ലാം പൂർത്തിയായിരിക്കുന്നു”(യോഹന്നാൻ 19:30)

ഹിസോപ്പ് ചെടിയിൽ മുക്കിയ പഞ്ഞിയിലെ വിനാഗിരി സ്വീകരിച്ച ഉടനെ യേശു പറഞ്ഞ വചനമാണിത്. തുടർന്ന് തലചായ്ച്ച് യേശു ജീവൻവെടിഞ്ഞു.ഹിസോപ്പ് ചെടി പെസഹ ആചരണവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. കൊലചെയ്യപ്പെടുന്ന പെസഹകുഞ്ഞാടിന്റെ രക്തം കട്ടിളപ്പടിയിൽ തളിക്കുന്നത് ഹിസോപ്പ് ചെടിയിൽ മുക്കി കൊണ്ടാണ്.പെസഹായുടെ ഒരുക്കദിനങ്ങളിലാണ് യേശു കൊല്ലപ്പെടുന്നത് എന്ന് നാം സുവിശേഷങ്ങളിൽ കാണുന്നു. യേശുവിന്റെ മരണസമയം ഒമ്പതാം മണിക്കൂർ, അതായത് ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ്. ഈ സമയം തന്നെയാണ് പെസഹാകുഞ്ഞാട് ജെറുസലേം ദേവാലയത്തിൽ കൊലചെയ്യപ്പെടുന്ന സമയവും. യേശു എല്ലാം പൂർത്തിയായി എന്നു പറയുമ്പോൾ പുതിയനിയമപെസഹകുഞ്ഞാട് ഇതാ കൊല ചെയ്യപ്പെട്ടിരിക്കുന്നു എന്ന പ്രഖ്യാപനം കൂടിയാണ് നടക്കുന്നത്.

7.” പിതാവേ അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.” (ലൂക്കാ. 23: 46)

വിശുദ്ധ ലൂക്കാ യേശുവിന്റെ മരണം രേഖപ്പെടുത്തിയിരിക്കുന്നത് പ്രകാരം യേശു സങ്കീർത്തനം 31 :5 ലെ ഈ വചനം ഉച്ചരിച്ചു കൊണ്ടാണ് മരിച്ചത്. ഇതുകണ്ട് ശതാധിപൻ ഈ മനുഷ്യൻ സത്യമായും നീതിമാനായിരുന്നു എന്ന് പറയുന്നു. യേശു മരണംവരെ പിതാവിനോട് അനുസരണം ഉള്ളവനായി തന്നെത്തന്നെ താഴ്ത്തി. യോഹന്നാൻ 16 :28ൽ യേശു പറയുന്നു ഞാൻ പിതാവിൽ നിന്ന് പുറപ്പെട്ടു ലോകത്തിലേക്ക് വന്നു. ഇപ്പോൾ വീണ്ടും ലോകം വിട്ട് പിതാവിന്റെ അടുത്തേക്ക് പോകുന്നു. പിതാവായ ദൈവം മനുഷ്യരോടുള്ള സ്നേഹത്തെ പ്രതിയാണ് ഏകജാതനായ യേശുവിനെ ഈ ലോകത്തിലേക്ക് അയച്ചത്. യോഹന്നാൻ 3: 16ൽ പറയുന്നു അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിന് വേണ്ടി ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles