ലക്ഷങ്ങള്‍ തിരുനാള്‍ കൂടാനെത്തുന്ന ഗ്വാദലൂപ്പെ ദേവാലയം

അരുണോദയരശ്മികള്‍ ഉതിര്‍ന്നുവീണുകൊണ്ടിരുന്ന മെക്‌സിക്കോയിലെ ടെപിയാക് കുന്നിന്‍ ചെരുവിലൂടെ വി. കുര്‍ബാന അര്‍പ്പിക്കുവാനായി നടന്നുനീങ്ങുകയായിരുന്നു ജുവാന്‍ ഡിയാഗോ. തന്റെ ഓരോ കാല്‍വയ്പ്പും ചരിത്രത്തിലെ നാഴികകല്ലുകളായി മാറും എന്ന് 57കാരനായ ഈ സാധുകര്‍ഷകന്‍ അറിഞ്ഞിരുന്നില്ല. വഴിമദ്ധ്യേ ശ്രവിച്ച മനോഹരമായ ശബ്ദം എന്തെന്നറിയാനായി പിന്‍തിരിഞ്ഞ ഡിയാഗോയുടെ മുന്നില്‍ സുവര്‍ണ്ണ ശോഭയോടെ പരി. കന്യക പ്രത്യക്ഷപ്പെട്ടു. ടെപിയാക് കുന്നിന്‍ മുകളില്‍ ഒരു ദേവാലയം സ്ഥാപിക്കണമെന്ന് ബിഷപ്പിനെ അറിയിക്കുവാന്‍ പരി. കന്യക ഡിയാഗോയെ നിയോഗിച്ചു.
എന്നാല്‍ ബിഷപ്പ് ഡിയാഗോയുടെ സാക്ഷ്യം വിശ്വസിക്കാന്‍ മടിച്ചു. ജുവാന്‍ ഡിയാഗോയുടെ മേലങ്കിയില്‍ അത്ഭുതകരവും പവിത്രവുമായ തന്റെ ഛായാപടംപതിപ്പിച്ചുകൊണ്ട് പരി. കന്യക അടയാളം നല്‍കി. ഒപ്പം, ജനങ്ങളോടുകൂടെയായിരിക്കുവാനുളള ആഗ്രഹം വെളിപ്പെടുത്തി.

തത്ഫലമായി മെക്‌സിക്കന്‍ നഗരത്തിലെ ടെപിയാക് കുന്നിന്‍ മുകളില്‍ ഗ്വാദലൂപ്പെയിലെ മാതാവിന്റെ തിരുനാമത്തില്‍ 1709ല്‍ ദേവാലയം സ്ഥാപിതമായി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെ ആകര്‍ഷിച്ച ഗ്വാദലൂപ്പെയിലെ മാതാവിന്റെ ദേവാലയമായി ഇത് അറിയപ്പെടുന്നു. ഡിസംബര്‍ 12ന് ക്രൈസ്തവ സഭ ഗ്വാദലൂപ്പെയിലെ മാതാവിന്റെ തിരുന്നാള്‍ദിനം ആഘോഷിക്കുന്നു. പ്രതിവര്‍ഷം ദശലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ ഈ ദേവാലയം സന്ദര്‍ശിക്കാനെത്തുന്നു എന്നാണ് കണക്ക്.
1995ല്‍ റ്റീപിയാക് കുന്നിന്‍മുകളില്‍ സ്ഥാപിതമായ ദേവാലയത്തിനു സദൃശമായി ഒന്ന് ചിക്കാഗോയിലെ പ്രാന്തപ്രദേശമായ ദസ് പ്ലെയിന്‍സില്‍ പണികഴിപ്പിക്കുകയുണ്ടായി. ഇതിന് കാരണഭൂതരായത് ചിക്കാഗോയിലെ ഒരു കൂട്ടം ക്രൈസ്തവവിശ്വാസികളാണ്. പരി. കന്യകയോടുളള ഭക്തി പ്രചരിപ്പിക്കുന്നതിനായി ചിക്കാഗോയിലെ ക്രൈസ്തവവിശ്വാസികള്‍ 1987ല്‍ ഒരു മിഷന്‍ രൂപപ്പെടുത്തുകയും ഗ്വാദലൂപ്പെയിലെ മാതാവിന്റെ രൂപം പ്രതിഷ്ഠിക്കുകയും ചെയ്തു. ദേവാലയനിര്‍മ്മാണത്തിനുളള ഒരുക്കങ്ങള്‍ ആരംഭിക്കുന്നത് ഇവിടെനിന്നാണ്. ചിക്കാഗോയിലെ ക്രൈസ്തവവിശ്വാസികളുടെ പരി. കന്യകയിലുള്ള ആശ്രയബോധത്തിന്റെയും, ഭക്തിതീവ്രതയുടെയും ഉത്തമ ദൃഷ്ടാന്തമാണ് 1995ല്‍ നിര്‍മ്മിതമായ ഈ മരിയന്‍ ദേവാലയം. ഏറ്റവുമധികം തീര്‍ത്ഥാടകര്‍ സന്ദര്‍ശനത്തിനെത്തുന്ന ലോകത്തെ രണ്ടാമത്തേതും, അമേരിക്കയിലെ ഒന്നാമത്തെയും ദേവാലയമായി ഇത് മാറി. 2016ല്‍ സിരകളെ അലിയിക്കുന്ന തണുപ്പിനേയും മഞ്ഞിനേയും അവഗണിച്ച് 2,50,000 ജനങ്ങളാണ് തിരുന്നാള്‍ദിനത്തില്‍ ദേവാലയം സന്ദര്‍ശിക്കാനെത്തിയത്.

മെക്‌സിക്കരും, മെക്‌സിക്കന്‍ അമേരിക്കന്‍ കത്തോലിക്കരും ഗ്വാദലൂപ്പെയിലെ മാതാവിനോട് വളരെ തീവ്രമായ ഭക്തി പുലര്‍ത്തുന്നവരാണ്. രോഗബാധിതയായ മകളുടെ സൗഖ്യത്തിനായി രണ്ടരമൈലോളം മുട്ടില്‍ നിരങ്ങി ദേവാലയത്തിലെത്തി ഒരു തീര്‍ത്ഥാടകന്‍. കൊടുംതണുപ്പ് വകവയ്ക്കാതെ മഞ്ഞിലൂടെ കാല്‍നടയായി ദേവാലയം സന്ദര്‍ശിക്കാനെത്തുന്നവരുടെ സംഖ്യ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഒരിക്കല്‍ ദേവാലയം സന്ദര്‍ശിക്കാനായി ഒരു സംഘം ഭക്തര്‍ ഗാനങ്ങള്‍ ആലപിച്ചും, ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചും വടക്കന്‍ ഇല്ലിനോയ്‌സ് നഗരമായ റോക്ക്‌ഫോര്‍ഡില്‍ നിന്നും യാത്ര പുറപ്പെട്ടു. വഴിമദ്ധ്യേ അവര്‍ ആക്രമണത്തിനിരയായി. എങ്കിലും പതറാതെ അവര്‍ യാത്ര തുടര്‍ന്നു. വിശ്വാസികളുടെ ഭക്തിയുടെ തീവ്രതയും, ആഴവും, വ്യാപ്തിയും അവര്‍ സഹിക്കുന്ന പീഢകളില്‍ നിന്നും വ്യക്തമാണ്.

സമീപകാലത്ത് അമേരിക്കന്‍ കത്തോലിക്കരുടെ ഇടയില്‍ പരി. കന്യകയോടുള്ള ഭക്തി വര്‍ദ്ധിച്ചു വരുന്നതായി ദേവാലയ റെക്ടറായ ഫാ. എെസക്കിയേല്‍ സാന്‍ഷെസ് സാക്ഷ്യപ്പെടുത്തുന്നു. നിരാശയിലും, ഏകാന്തതയിലും, വേര്‍പാടുകളിലും വിശ്വാസമര്‍പ്പിക്കാന്‍ കഴിയുന്നതായി പ്രാര്‍ത്ഥനമാത്രമേയുള്ളു എന്ന തിരിച്ചറിവ് പരി. കന്യകയുടെ തിരുമാറിലേക്കാണ് നമ്മെ ചേര്‍ത്തുവയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles