പരിശുദ്ധ അമ്മയുടെ സങ്കീര്‍ത്തകന്‍

ക്രിസ്തീയ ഭക്തിഗാനങ്ങള്‍ കേള്‍ക്കുന്നവര്‍ക്കിടയില്‍ മാത്രമല്ല, അറിയാതെ കേട്ടു പോകുന്നവര്‍ക്കിടയിലും ബേബി ജോണ്‍ കലയന്താനിയെ അറിയാത്തവര്‍ അധികമുണ്ടാവുകയില്ല. ജീസസ് എന്ന പ്രശസ്തമായ കാസറ്റിലെ ഇസ്രായേലിന്‍ നാഥനായി വാഴും ഏകദൈവം അത്രയേറെ പ്രസിദ്ധമാണല്ലോ, ക്രൈസ്തവര്‍ക്കും അക്രൈസ്തവര്‍ക്കുമിടയില്‍! അനുഗ്രഹീത ഭക്തിഗാന രചയിതാവായ ബേബി ജോണ്‍ കലയന്താനി ദൈവാത്മാവ് തൊട്ടനുഗ്രഹിച്ച സങ്കീര്‍ത്തകനാണ്.

മൂവായിരത്തി അറുനൂറിലേറെ പാട്ടുകള്‍ എഴുതിയിട്ടുള്ള ബേബി ജോണ്‍ തന്റെ എല്ലാ പാട്ടുകളുടെയും മഹത്വം നല്‍കുന്നത് പരിശുദ്ധമാതാവിനാണ്. ‘പരിശുദ്ധ അമ്മയുടെ ആകെത്തുകയാണ് ബേബി ജോണ്‍ എന്ന ഈ ഞാന്‍. എന്റെ മുഴുവന്‍ പാട്ടുകളുടെയും ക്രെഡിറ്റ് ഞാന്‍ മാതാവിനാണ് കൊടുക്കുന്നത്. അമ്മയ്ക്ക് മഹത്വം നല്‍കാനാണു ഈശോ പോലും ആഗ്രഹിക്കുന്നത്’ ബേബി ജോണ്‍ പറയുന്നു.

2016 ക്രിസ്മസ് കാലത്ത് പുറത്തിറങ്ങുന്ന ഈശോയോട് ഒപ്പം, സമര്‍പ്പണം എന്നീ മ്യൂസിക് ആല്‍ബങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എറണാകുളം വാഴക്കാല മെട്രോ സ്റ്റുഡിയോവില്‍ വച്ചാണ് ഞാന്‍ ബേബി ജോണുമായി കാണുന്നത്. ഒരു ചെറിയ ബാഗും തോളിലിട്ട് നടന്നു വരുന്ന മനുഷ്യന്‍. തെല്ലും നാട്യങ്ങളില്ലാതെ, മനസ്സ് തുറന്ന് എല്ലാവരെയും അഭിസംബോധന ചെയ്യുന്നു. പുഞ്ചിരിച്ചുകൊണ്ട് സഹപ്രവര്‍ത്തകരുടെ അടുത്തേയ്ക്ക് നീങ്ങുന്നു. ഇരുപത് വര്‍ഷത്തോളമായി മലയാള ക്രിസ്തീയഭക്തിഗാനരംഗത്ത് നക്ഷത്രശോഭയോടെ വിരാജിക്കുന്ന എഴുത്തുകാരനും, സംഗീതജ്ഞനും ഗായകനുമായ ബേബി ജോണ്‍ കലയന്താനി മരിയന്‍ വോയ്‌സിനോട് ഹൃദയം തുറക്കുന്നു.

ജപമാലയും സംഗീതവും

ജപമാല ചൊല്ലി കാഴ്ച്ചവെച്ചതിന് ശേഷമാണ് പാട്ടുകള്‍ എഴുതാന്‍ ആരംഭിക്കുന്നതും സംഗീതം കൊടുക്കുന്നതും, എന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അമ്മയുടെ കരങ്ങളാണ് – അത് പറയുമ്പോള്‍ ബേബി ജോണിന്റെ കണ്ണുകളില്‍ വിശ്വാസത്തിന്റെ തിളക്കം.

‘മറിയം വഴി ക്രിസ്തുവിലേയ്ക്ക്’ എന്ന ആശയം സഭ പഠിപ്പിക്കുന്നതിന്റെ കാരണം അതാണ്, മറിയം വഴിയാണ് മനുഷ്യന് എല്ലാം ലഭ്യമാകുന്നത്. ദൈവത്തിന്റെ കൃപ മുഴുവന്‍ നിറച്ചിരിക്കുന്നത് മറിയത്തിലാണ്. അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നത് മറിയത്തിലൂടെയാണ്. അത് പരി. ത്രിത്വത്തിന്റെ ദിവ്യരഹസ്യം തന്നെയാണ്. അത് അങ്ങനെയായിരിക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നു. എന്റെ എഴുത്തിന്റെയും സംഗീതത്തിന്റെയും ശക്തിയും ബലവും ജപമാലയാണ് എന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അതിനാല്‍ നാളെ എന്ത് എഴുതുമെന്നോ, എന്ത് സംഗീതം നല്കണമെന്നതിനെക്കുറിച്ചോ എനിക്ക് ഭയമില്ല. ആകുലതകളില്ലാതെ ജീവിക്കാന്‍ ജപമാല എന്നെ പ്രേരിപ്പിക്കുന്നു.

ഇതാ നിന്റെ അമ്മ

വി.ആന്‍സലമിനോട് ഈശോ പറയുന്നു, ‘എന്റെ അമ്മയെ മനുഷ്യര്‍ സ്‌നേഹിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നതിന്റെ ഒരംശം പോലും ആരും സ്‌നേഹിക്കുന്നില്ല’. ‘അമ്മതന്‍ സ്വാന്തനം’ എന്ന ആല്‍ബത്തിന്റെ വര്‍ക്കുകള്‍ നടക്കുന്ന സമയം. ഉപ്പാണിയച്ചന്‍ (ചിറ്റൂര്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോസ്് ഉപ്പാണി) മാതാവിന്റെ പാട്ടുകള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഞങ്ങള്‍ എല്ലാവരും വല്ലാര്‍പാടം പള്ളിയില്‍ പോയിരുന്ന്, അന്ന് രാത്രി അവിടെ ദിവ്യകാരുണ്യം എഴുന്നള്ളി വെച്ച്, ജപമാല ചൊല്ലി പാട്ടെഴുതാന്‍വേണ്ടി തയ്യാറെടുത്തു. സാധാരണ ജപമാല ചൊല്ലി മാധ്യസ്ഥം പ്രാര്‍ത്ഥിച്ചാല്‍, പതിനഞ്ചു മിനിറ്റിനുള്ളില്‍ തന്നെ വരികള്‍ വരുന്നതായിരുന്നു. എന്നാല്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു വരി എഴുതാന്‍ പോലും സാധിക്കുന്നില്ല. എനിക്കാകെ ആശയകുഴപ്പമായി. ‘ഇതെന്താണ് ഇങ്ങനെ സംഭവിക്കുന്നത്?’ കുറച്ചുനേരം കഴിഞ്ഞു, എനിക്ക് തോന്നി മാതാവിന് ഇപ്പോഴും ഇഷ്ടം ഈശോയെക്കുറിച്ച് പറയാനാണ്. അങ്ങനെ ഞാന്‍ ഈശോയോട് ചോദിക്കാന്‍ തുടങ്ങി, ‘ഈശോയെ, നമ്മുടെ അമ്മയെ മഹത്വപ്പെടുത്തേണ്ടതല്ലേ..’

‘അമ്മയെ മഹത്വപ്പെടുത്തുന്നവന്‍ നിക്ഷേപം കൂട്ടിവെയ്ക്കുന്നു(പ്രഭാ:3.4) ഇങ്ങനെ പ്രാര്‍ത്ഥിച്ചു അവസാനിക്കുന്നതിനുമുമ്പേ, എന്റെ മനസ്സിലേയ്ക്ക് ഒരു വചനം കടന്നു വന്നു: ‘ഇതാ, നിന്റെ അമ്മ’ (യോഹ: 19.27), അതിനുശേഷമാണ് നിന്റെ തകര്‍ച്ചയില്‍ ആശ്വാസമേകാന്‍ എന്ന പാട്ട് ഉണ്ടാകുന്നത്.

നിന്റെ തകര്‍ച്ചയില്‍ ആശ്വാസമേകാന്‍
നിന്റെ തളര്‍ച്ചയില്‍ ഒന്ന് ചേരാന്‍
നിന്നെ താരാട്ടുപാടിയുറക്കാന്‍,
ഇതാ ഇതാ നിന്റെ അമ്മ…

അമ്മ സംസാരിക്കുന്നു

എന്റെ അമ്മയുടെ വാക്കുകള്‍ ലോകമിന്ന് കേള്‍ക്കുന്നില്ല. അമ്മയ്ക്കുണ്ട് ഒരുപാട് രോധനവാക്കുകള്‍.

ഗാനങ്ങള്‍ എല്ലാം ചിട്ടപ്പെടുത്തി പൊളിച്ചേട്ടന്‍ തന്റെ ഗിറ്റാര്‍ പായ്ക്ക് ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍ എനിക്ക് സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങാന്‍ പറ്റണില്ല. ഇനിയും എന്തോ എഴുതാനുണ്ടെന്ന് അനുഭവപ്പെട്ടു. ഞാനിക്കാര്യം പൊളിച്ചേട്ടനോട് പറഞ്ഞു. എന്നാല്‍ അന്നേദിവസം അദ്ദേഹത്തിന് തൃശൂരില്‍ എത്തുകയും വേണം. എന്ത് ചെയ്യും എന്ന ആശയക്കുഴപ്പത്തില്‍ ഞങ്ങള്‍ ഇരുവരും പെട്ടു. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം മെല്ലെ, ഈ വരികള്‍ കടന്ന് വന്നു:

മക്കളേ എന്റെ സുതനാം ഈശോ
ക്രൂശിലെ അന്ത്യനിമിഷങ്ങളില്‍
നിങ്ങളെ എനിക്ക് സുതരായി നല്‍കി
നിങ്ങളെ അമ്മതന്‍ മക്കളല്ലോ

പോളിച്ചേട്ടന്‍ ഉടന്‍ തന്നെ നൊട്ടേഷന്‍ കുറിച്ചെടുത്തു. ഏറെക്കുറെ ഒരു പ്രവചനം പോലെ, ബാക്കിയുള്ള വരികളും വന്നുചേര്‍ന്നു.

രാജ്യം രാജ്യത്തിനെതിരാകും
ഭീകര യുദ്ധങ്ങള്‍ ഉളവാകും
പീഡനങ്ങളും ദുഃഖദുരിതങ്ങളും
നാശത്തിന്‍ ദിനമണയുന്നു.
മക്കളേ ഉണര്‍ന്ന് നിന്നീടുവിന്‍
പരിശുദ്ധമാം കുര്‍ബാനയും
ജപമാല പ്രാര്‍ത്ഥനയും
ശ്കതിയായി നേടിടുവിന്‍.

പ്രതിരോധം

ഉല്പത്തി പുസ്തകം 3.15 ല്‍ സര്‍പ്പമായ പിശാചിനോട് ദൈവം പറയുന്നു ‘നീയും സ്ത്രീയും തമ്മില്‍ ഞാന്‍ ശത്രുതയുളവാക്കും’

യേശു എന്ന രക്ഷ ഭൂമിയില്‍ കൈവന്നത്തിന് ഹൃദയവും ഉദരവും ഒരുക്കിയവളാണ് പരിശുദ്ധ മറിയം. സാത്താന്‍ ആധ്യപത്യം വഹിച്ചിരുന്നപ്പോള്‍, മറിയത്തിന്റെ ഒരൊറ്റ ആമ്മേന്‍ കൊണ്ടാണ് അതിനെ തകര്‍ത്തു കളയുന്നത്. മറിയത്തിന്റെ ആമ്മേന് ഒരുപാട് മൂല്യമുണ്ട്, ശക്തിയുണ്ട്. അന്നുമുതല്‍ സാത്താന്‍ മറിയത്തിനെതിരെ ശത്രുതയിലാണ്. സത്യത്തില്‍ ഇന്നത്തെ പ്രശനങ്ങളും യുദ്ധങ്ങളും ഏറ്റെടുക്കുന്നത് മറിയമാണെന്നു നാം മനസ്സിലാക്കണം. സാത്താന്‍ അവന്റെ സകലവിധ കഴിവുകളും പ്രയോഗിക്കുകയാണ്, നമുക്കെതിരെ. എന്നാല്‍ എപ്പോഴും അന്തിമ വിജയം കര്‍ത്താവിനുള്ളതായിരിക്കും.

തള്ളകോഴി കുഞ്ഞുങ്ങളെ തന്റെ ചിറകിന്‍ കീഴില്‍ ചേര്‍ത്ത് നിര്‍ത്തുന്നത് പോലെയാണ് മറിയം നമ്മളെ കരുതുന്നത്. അമ്മയും സാത്താനും തമ്മിലാണ് ഏറ്റുമുട്ടുന്നത്. സകല ചിന്തയിലും ബുദ്ധിയിലും അറിവിലും സാത്താന്‍ കടന്നുകൂടി, നമ്മുടെ ദൈവീകജ്ഞാനം മാറ്റാന്‍ ശ്രമിക്കുന്നു. എന്നിട്ട് അതിനുമേല്‍ ലോകവിജ്ഞാനം അവന്‍ കുത്തിനിറയ്ക്കുന്നു. പരിശുദ്ധ വിമലഹൃദയം അതിനെതിരെ പ്രതിരോധിക്കുന്നു. സാത്താന്‍ അഹങ്കാരം കൊണ്ടു വരുമ്പോള്‍, അമ്മ എളിമ കൊണ്ട് അതിനെ തകര്‍ക്കുന്നു, വിഷാദം വരുമ്പോള്‍ പ്രത്യാശ കൊണ്ട് അമ്മ നിറയ്ക്കുന്നു, അശുദ്ധിയുമായി അവന്‍ വരുമ്പോള്‍ അമ്മ വിശുദ്ധികൊണ്ട് അതിനെ ചെറുക്കുന്നു. അമ്മയുടെ സുകൃതങ്ങള്‍ വഴിയായിട്ട്, പിശാചിന്റെ നെഗറ്റിവ് ചിന്തകള്‍ തകരുന്നു. അത് കൊണ്ടാണ് ‘അവന്റെ തലയെ തകര്‍ക്കുന്ന’ എന്ന് നാം പറയുന്നത്.

മുറുകെ പിടിക്കാം, ജപമാലയെന്ന ആയുധം

പണ്ട് സന്ധ്യാസമയങ്ങളില്‍ നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന വീടുകളില്‍ മുടക്കമില്ലാതെ കേള്‍ക്കാമായിരുന്നു. ഇന്ന് അതേസമയത്ത്, ടി.വി, സീരിയല്‍, ഫേസ്ബുക്ക്, വാട്ട്‌സാപ്പ് എന്നിവ ആ സ്ഥാനം പിടിച്ചടക്കുകയും അവയിലൂടെ കൂടുതല്‍ നെഗറ്റീവ് ആശയങ്ങള്‍ നമ്മിലേക്ക് കടന്ന് വരുകയും ചെയ്യുന്നു.പ്രായഭേദമന്യേ, എല്ലാവരും പ്രാര്‍ത്ഥനയെ മറക്കുന്നു. കുടുംബാംഗങ്ങള്‍ തമ്മില്‍ പോലും സ്‌നേഹം പങ്കുവെയ്ക്കാന്‍ മടിക്കുന്നു. വളരെയേറെ ഞെരുക്കത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. സാത്താന്റെ തന്ത്രങ്ങള്‍ക്കെതിരെ പ്രയോഗിക്കാന്‍ നമ്മുടെ കയ്യില്‍ ഒരായുധമേയുള്ളു. അത് ജപമാലയാണ്. ജപമാലയാണ് നമ്മുടെ ഉത്തരം, ആശ്രയം, സങ്കേതം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles