സ്വര്‍ഗ്ഗാരോപണ തിരുനാള്‍

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍

 

പരിശുദ്ധ അമ്മയോടുള്ള ഭക്തി പരിശുദ്ധമായി തന്നെ കാത്തു സൂക്ഷിക്കുന്നവരാണ് കത്തോലിക്കാ വിശ്വാസികളായ നമ്മള്‍ ഓരോരുത്തരും. വിശുദ്ധഗ്രന്ഥത്തില്‍ അധിഷ്ഠിതമായ പരിശുദ്ധ അമ്മയോടുള്ള ഭക്തിക്ക് ശക്തമായ പാരമ്പര്യവും ഉണ്ട്. കത്തോലിക്കാ സഭ അമ്മയുടെ നാല് വിശ്വാസ സത്യങ്ങളെ എന്നും മുറുകെ പിടിച്ചിരിക്കുന്നു. അതിലൊന്നാണ് അമ്മയുടെ സ്വര്‍ഗ്ഗാരോപണം. ലോകത്തിന്റെ ഉടയോന് ജന്മം നല്‍കാന്‍ തിരഞ്ഞെടുത്തവളെ സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി ആദരിച്ചു. അപ്പസ്‌തോലന്മാര്‍ പഠിപ്പിച്ചതും അന്ന് മുതലേ സാര്‍വ ത്രിക സഭ വിശ്വസിച്ചതുമായ ഒരു സത്യമാണ് മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം.

അമ്മയുടെ ശരീരവും ആത്മാവും സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു എന്നതായിരുന്നു ഈ വിശ്വാസ സത്യത്തിന്റെ കാതല്‍. പന്ത്രണ്ടാം പീയുസ് മാര്‍പാപ്പയാണ് 1950 നവംബര്‍ 1 നു മാതാവിന്റെ സ്വര്‍ഗ്ഗാരോപണം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. പരിശുദ്ധ അമ്മ ഭൂമിയിലെ തന്റെ ജീവിതത്തിന്റെ അവസാനത്തില്‍ ഉടലോടെ സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു എന്ന വിശ്വാസത്തെ അദ്ദേഹം പ്രഖ്യാപിച്ചുകൊണ്ട് വലിയൊരു സത്യത്തെ ആദരിക്കുകയാണ് സഭ ചെയ്തത്.

അമ്മയുടെ ഏറ്റവും പഴക്കമേറിയ തിരുനാള്‍ ആണിത്. എന്ന് മുതലാണ് സഭയില്‍ ഈ തിരുനാള്‍ ആഘോഷിച്ചു തുടങ്ങിയതെന്ന് അറിവില്ലയെങ്കിലും കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ജെറുസലേം നഗരം പുനര്‍സ്ഥാപിച്ച കാലങ്ങളില്‍ ആയിരിക്കും തിരുനാള്‍ ആഘോഷിച്ചു തുടങ്ങിയതെന്ന അഭിപ്രായവും സഭയില്‍ നിലവിലുണ്ട്. ജെറുസലേം നഗരം ഹട്രിയന്‍ ചക്രവര്‍ത്തി ഇടിച്ചു നിരപ്പാക്കുകയും പിന്നീട് ജൂപ്പീറ്ററിന്റെ ആദരവിന്റെ സൂചകമായി നഗരം പുതുക്കി പണിതു രണ്ടു നൂറ്റാണ്ടോളം വിജാതീയരുടെ നഗരം ആയി നിലകൊള്ളുകയായിരുന്നു. ആ കാലയളവില്‍ ക്രിസ്തുവുമായി ബന്ധപ്പെട്ട എല്ലാം അവിടെ നിന്നും നീക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ക്രിസ്തുവുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളും വിജാതീയരുടെ ക്ഷേത്ര ങ്ങളായി മാറ്റപ്പെടുകയും ചെയ്തിരുന്നു.

ഹോളി സെപ്പള്‍ച്ചര്‍ ദേവാലയം നിര്‍മിക്കപ്പെട്ടതിനു ശേഷമാണ് ക്രിസ്തുവുമായി ബന്ധമുള്ള വിശുദ്ധ സ്ഥലങ്ങള്‍ എല്ലാം പുനര്‍നിര്‍മ്മിക്കപ്പെടുകയും ജെറുസലേമിലെ ക്രിസ്തു വിശ്വാസികള്‍ യേശുവിന്റെ ഓര്‍മപുതുക്കലുകള്‍ കൊണ്ടാടി തുടങ്ങുകയും ചെയ്തത്. പരിശുദ്ധ അമ്മയെ കുറിച്ചുള്ള ഓര്‍മ അമ്മയുടെ കബറിടത്തെപറ്റിയുള്ളതാണ്. അമ്മ നിത്യവിശ്രമം പ്രാപിച്ച സ്ഥലമാണ് ആ മല. അവിടെ വച്ചാണ് മറിയം മരിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. പരിശുദ്ധ അമ്മയുടെ ഓര്‍മപുതുക്കല്‍ ആഘോഷിക്കപ്പെട്ടിരുന്നു. പില്‍ക്കാലത്താണ് അത് സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആയി ആചരിക്കാന്‍ തുടങ്ങി. പലസ്തീനില്‍ മാത്രമേ മറിയത്തിന്റെ ഓര്‍മപുതുക്കല്‍ രേഖപ്പെടുത്തി യിട്ടുള്ളൂ. പിന്നീട് ചക്രവര്‍ത്തി ഈ തിരുനാളിനെ കിഴക്കന്‍ രാജ്യങ്ങളിലെ സഭകളിലെല്ലാം പ്രചാരത്തില്‍ വരുത്തി. ഏഴാം നൂറ്റാണ്ടില്‍ ദൈവ മാതാവിന്റെ നിദ്ര (falling asleep of mary) എന്ന പേരില്‍ ഈ തിരുനാള്‍ റോമില്‍ ആഘോഷിക്കപ്പെട്ടു തുടങ്ങി. മാതാവിന്റെ മരണത്തെക്കാള്‍ ഉപരി ദൈവികമായ പലതും ഇതില്‍ അടങ്ങിയിരിക്കുന്നത് കൊണ്ട് പരിശുദ്ധ മറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍’ എന്ന് ഈ ആഘോഷം വിളിക്കപ്പെടാന്‍ തുടങ്ങി. ജെറുസലേമില്‍ പരിശുദ്ധ അമ്മയുടെ ഒരു കല്ലറ മാത്രമാണ് സ്ഥിതി ചെയ്യുന്നത്. ആ സ്ഥലം ഇന്ന് തീര്‍ഥാടന കേന്ദ്രമാണ്. 451 ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ചാല്‌സിഡോണ്‍ സൂനഹദോസ് കൂടിയപ്പോള്‍ തങ്ങളുടെ തലസ്ഥാനത്ത് സൂക്ഷിക്കുവാനായി പരിശുദ്ധ അമ്മയുടെ തിരുശേഷിപ്പുകള്‍ കൊണ്ട് വരുവാന്‍ മാര്‍സിയന്‍ ചക്രവര്‍ത്തി ജെറുസലേമിലെ പാത്രീയാര്‍ക്കീസിനോട് ആവശ്യപ്പെടുകയും അതിനുവേണ്ടി അമ്മയുടെ കല്ലറ തുറന്നു നോക്കിയപ്പോള്‍ അത് ശൂന്യമായി കിടന്നിരുന്നുവെന്നും അതിനാല്‍ അമ്മ ഉടലോടെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടുവെന്നു അപ്പസ്‌തോലന്മാര്‍ വിശ്വസിച്ചുവെന്നും പാത്രീയാര്‍ക്കീസ് ചക്രവര്‍ത്തിയെ അറിയിച്ചു. അമ്മയുടെ ജീവിത രഹസ്യവും രക്ഷാകര ദൗത്യത്തിലുള്ള പങ്കും അടയാളപ്പെടുത്തു ന്നതാണ് ഓരോ തിരുനാളുകളും. സ്വര്‍ഗ്ഗാരോപണ തിരുനാളിലൂടെ പരിശുദ്ധ അമ്മയ്ക്ക് അര്‍ഹമായ സ്ഥാനം നല്‍കി അമ്മയോട് കൂടുതല്‍ ചേര്‍ന്നിരിക്കാന്‍ ഉള്ള അവസരമാണു വന്നു ചേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles