അസിയാ ബീബിയുടെ വിധി കാത്ത് ക്രൈസ്തവ ലോകം
അസിയാ ബീബിയുടെ വധശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കുമോ എന്നാണ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എന്നാല്‍ ഒക്ടോബര്‍ 8ന് തിങ്കളാഴ്ച പ്രഖ്യാപിക്കേണ്ടിയിരുന്ന വിധി സുപ്രീം കോടതി നീട്ടിവച്ചു. ദൈവദൂഷണക്കുറ്റം ആരോപിച്ച് കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി പാക്ക് തടവിലാണ് കത്തോലിക്കാ വിശ്വാസിയായ അസിയാ ബീബി. 2010 ലാണ് അസിയാ ബീബിയെ അറസ്റ്റ് ചെയ്തത്.
ഇന്നലെ തിങ്കളാഴ്ച പാക്ക് സുപ്രീം കോടതി അസിയാ ബീബിയുടെ വാദം കേട്ടിരുന്നു. അസിയാ ബീബിക്കു വേണ്ടി സൈഫുള്‍ മലൂക്ക് ആണ് കോടതിയില്‍ ഹാജരായത്. അസിയാ ബീബിയുടെ കേസിന് അനുകൂല വിധിയുണ്ടാകും എന്ന് മലൂക്ക് പ്രത്യാശ പ്രകടിപ്പിച്ചു.
മുഹമ്മദ് നബിയെ നിന്ദിച്ചു എന്ന കുറ്റം ചുമത്തിയാണ് അസിയാ ബീബിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ അസീയ ബീബി ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.
2009 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അത് ഒരു കൊടും ചൂടുള്ള ദിവസമായിരുന്നു. ഷെയ്ക്കുപുര എന്ന സ്ഥലത്ത് സഹപ്രവര്‍ത്തകരോടൊപ്പം വെള്ളം കുടിക്കാനെത്തിയതായിരുന്നു ബീബി. എന്നാല്‍ ഒരേ പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചു എന്നാരോപിച്ച് മുസ്ലീം സ്ത്രീകള്‍ അസിയാ ബീബിയോട് കയര്‍ത്തു. അസിയ മുസ്ലീം മതം സ്വീകരിക്കണം എന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അസിയ അതിന് തയ്യാറാകാതിരുന്നത് അവരെ പ്രകോപിപ്പിച്ചു. അഞ്ചു ദിവസത്തിന് ശേഷം അസിയാ ബീബിയെ ദൈവദൂഷണക്കുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തു.