മിഷണറി ചൈതന്യം സഭയുടെ മുഖമുദ്രയാകണം: ആർച്ച്ബിഷപ് സൂസപാക്യം
കൊച്ചി: ശരിയായ അറിവിന്റെ വെളിച്ചത്തിലുള്ള പ്രേഷിത ചൈതന്യമാണു സഭയ്ക്കുണ്ടാകേണ്ടതെന്നു കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ.എം. സൂസപാക്യം. സീറോ മലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ മെത്രാന്മാരുടെയും ദൈവശാസ്ത്രജ്ഞരുടെയും ദൈവശാസ്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രേഷിതർ മാതൃകയിലൂടെ സാക്ഷ്യം നല്കാനും പ്രേഷിതസഹനവും രക്തസാക്ഷിത്വവും ഏറ്റെടുക്കാനും സന്നദ്ധരാകണം. മതത്തിന്റെ ആത്മാവ് ചോർത്തിക്കളയുകയും മതം രാഷ്ട്രീയാധികാരത്തിനുള്ള ഉപാധിയായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സമീപകാല സാഹചര്യങ്ങളിൽ സത്യത്തിനു സാക്ഷികളാകുകയെന്നതു വെല്ലുവിളി നിറഞ്ഞതാണ്. സത്യത്തിന്റെ വെളിച്ചമാണു സമൂഹത്തെ പ്രകാശിപ്പിക്കേണ്ടതും നയിക്കേണ്ടതും. മനുഷ്യനെയും ലോകത്തെയും ദൈവത്തെയും സംബന്ധിക്കുന്ന സത്യത്തിന്റെ വെളിച്ചമാണു മതങ്ങൾ പങ്കുവയ്ക്കുന്നത്.
ദൈവികമായ വെളിച്ചമില്ലെങ്കിൽ ജീവിതം ഇരുളടഞ്ഞതാകും. മിഷണറിമാർ ആത്മീയവെളിച്ചം പകരുന്നവരാകണമെന്നും അദ്ദേഹം പറഞ്ഞു. ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, റവ. ഡോ. മാത്യു ഇല്ലത്തുപറന്പിൽ, റവ. ഡോ. ക്ലമന്റ് വള്ളുവശേരി, റവ. ഡോ. ജോയി പുത്തൻവീട്ടിൽ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ഫാ. വിൽസണ് തറയിൽ, സിസ്റ്റർ റൂബി, വർഗീസ് ഏബ്രഹാം എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു. ബിഷപ് തോമസ് മാർ യൗസേബിയോസ്, ബിഷപ് ഡോ. ജയിംസ് ആനാപറന്പിൽ എന്നിവർ മോഡറേറ്റർമാരായിരുന്നു.
കെസിബിസി തിയോളജി കമ്മീഷൻ അധ്യക്ഷൻ ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, റവ. ഡോ. ജേക്കബ് പ്രസാദ്, റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി എന്നിവർ പ്രസംഗിച്ചു. 2019 ഒക്ടോബർ മാസം ഫ്രാൻസിസ് പാപ്പാ അസാധാരണ പ്രേഷിതമാസമായി പ്രഖ്യാപിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് സഭയുടെ പ്രേഷിതദൗത്യം എന്ന വിഷയം ദൈവശാസ്ത്ര സമ്മേളനം തെരഞ്ഞെടുത്തത്.