കൈയില്‍ വി. കുര്‍ബാന സ്വീകരിക്കുന്നതിന് ഉഗാണ്ടയില്‍ വിലക്ക്

കംപാല: വി. കുര്‍ബാന കൈവെള്ളയില്‍ സ്വീകരിക്കുന്നത് നിരോധിച്ചു കൊണ്ട് ഉഗാണ്ടയിലെ കംപാല രൂപത ആര്‍ച്ചുബിഷപ്പ് സിപ്രിയന് ല്വാംഗ അനുശാസനം പുറത്തിറക്കി. വി. കുര്‍ബാനയുടെ യോഗ്യമായ പരികര്മത്തെ കുറിച്ച് പുറത്തിറക്കിയ ഡിക്രീയിലാണ് ബിഷപ്പ് ഇക്കാര്യത്തില്‍ നയം വ്യക്തമാക്കിയത്. നിയമവിരുദ്ധമായി സഹജീവിതം നയിക്കുന്നവര്‍ക്ക് വി. കുര്‍ബാന നല്‍കാനാകില്ല എന്നും അനുശാസനത്തില്‍ പറയുന്നു.
ഫെബ്രുവരി 1 ന് പുറത്തിറക്കിയ ഡിക്രീയില്‍ വി. കുര്‍ബാന യോഗ്യതയോടെ സ്വീകരിക്കാന്‍ ഉപകരിക്കുകയും ദുരുപയോഗം തടയുകയും ചെയ്യുന്ന 5 നിര്‍ദേശങ്ങളാണ് വച്ചിരിക്കുന്നത്.
ദിവ്യകാരുണ്യം ഏറ്റവും ആദരപൂര്‍വം പരികര്‍മം ചെയ്യപ്പെടേണ്ട കൂദാശയാണെന്ന് കാനോനിക നിയമം അനുശാസിക്കുന്നതിനാലാണ് കൈയില്‍ സ്വീകരിക്കുന്നത് നിരോധിക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് വ്യക്തമാക്കി.
വി. കുര്‍ബാന അവഹേളിക്കപ്പെടുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ കിട്ടിയ സാഹചര്യത്തിലാണ് ഇത്തരം ഒരു കല്പന പുറപ്പെടുവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാവില്‍ സ്വീകരിക്കുന്നതാണ് ഏറ്റവും കുലീനവും ഉത്തമവുമായ രീതി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.