മാർപാപ്പയുടെ ജപ്പാൻ സന്ദർശനത്തിനു ചുക്കാൻ പിടിച്ചതു മലയാളി നുൺഷ്യോ
ടോക്കിയോ: ഫ്രാൻസിസ് മാർപാപ്പയുടെ ചതുർദിന ജപ്പാൻ സന്ദർശനത്തിനു ചുക്കാൻ പിടിച്ചതു മലയാളിയായ നുൺഷ്യോ ആർച്ച്ബിഷപ് മാർ ജോസഫ് ചേന്നോത്ത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ കോക്കമംഗലം ഇടവകാംഗമായ മാർ ചേന്നോത്ത് നാലു പതിറ്റാണ്ടായി വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നു.
ടാൻസാനിയ, തയ്വാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ വത്തിക്കാന്റെ നയതന്ത്ര പ്രതിനിധിയായിരുന്നു. മാർപാപ്പയുടെ നാലു ദിവസത്തെ ജപ്പാൻ സന്ദർശന പിരിപാടികൾ തയാറാക്കുന്നതിൽ നുൺഷ്യോ എന്ന നിലയിൽ ആർച്ച്ബിഷപ് മാർ ചേന്നോത്തിനു നിർണായക പങ്കുണ്ടായിരുന്നു.
നുൺഷ്യോയുടെ ആസ്ഥാനത്ത് മാർപാപ്പ ജപ്പാനിലെ കത്തോലിക്കാ ബിഷപ്പുമാരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. ജപ്പാനിൽ കത്തോലിക്കർ ന്യൂനപക്ഷമാണെങ്കിലും സുവിശേഷ പ്രവർത്തനങ്ങളിൽ കൂടുതൽ ശുഷ്കാന്തി കാണിക്കണമെന്നു മാർപാപ്പ ആഹ്വാനം ചെയ്തു. 12.6 കോടി ജനങ്ങളുള്ള ജപ്പാനിൽ 4,40,000 കത്തോലിക്കരാണുള്ളത്.
രണ്ടാം ലോകമഹായുദ്ധകാലത്തു അണുബോംബ് വർഷിക്കപ്പെട്ട ഹിരോഷിമയും നാഗസാക്കിയും മാർപാപ്പ സന്ദർശിച്ചു. ഹിരോഷിമയിലെ പീസ് മെമ്മോറിയിലിൽ ആണവാക്രമണത്തെ അതിജീവിച്ചവരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തി. മൂന്നു ദിവസത്തെ തായ്ലൻഡ് സന്ദർശനത്തിനുശേഷമാണു മാർപാപ്പ ജപ്പാനിലെത്തിയത്.