വാഹനാപകടം; ഷില്ലോംഗ് ആർച്ച്ബിഷപ്പും മലയാളി വൈദികനും മരിച്ചു
കൊലുസ കൗണ്ടി (കലിഫോർണിയ): ഷില്ലോംഗ് ആർച്ച്ബിഷപ് ഡോ. ഡൊമിനിക് ജാലയും (68) മലയാളി വൈദികൻ ഫാ. മാത്യു വെള്ളാങ്കലും അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഫാ. ജോസഫ് പാറേക്കാട്ടിലിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലിഫോർണിയയിലെ ക്ലിയർ ലേക്കിലേക്കുള്ള യാത്രയ്ക്കിടെ, കൊലുസ കൗണ്ടിയിൽ വ്യാഴാഴ്ച ഇന്ത്യൻ സമയം രാവിലെ 10.30നായിരുന്നു അപകടം.
ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരേ വന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. പോസ്റ്റ്മോർട്ടത്തിനായി ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ന്യൂയോർക്കിൽ നടക്കുന്ന അന്താരാഷ്ട്ര ഇംഗ്ലീഷ് ലിറ്റർജി കമ്മീഷൻ മീറ്റിംഗിൽ സംബന്ധിക്കാൻ അമേരിക്കയിലെത്തിയതായിരുന്നു ഡോ. ജാല. 1951 ജൂലൈ 12നു ജനിച്ച ആർച്ച്ബിഷപ് ഡോ. ജാല, സലേഷ്യൻ സഭയിൽ ചേർന്ന് 1977 നവംബർ 19ന് പൗരോഹിത്യം സ്വീകരിച്ചു. 48-ാം വയസിൽ ഷില്ലോംഗ് ആർച്ച്ബിഷപ്പായി നിയമിതനായി. 2000 ഏപ്രിൽ നാലിനായിരുന്നു മെത്രാഭിഷേകം. 19 വർഷം മേൽപ്പട്ട ശുശ്രൂഷയിലായിരുന്ന അദ്ദേഹം 2015 മുതൽ സിബിസിഐ ലിറ്റർജി കമ്മീഷൻ ചെയർമാനായിരുന്നു.
മിജാർക്കിന്റെ അന്താരാഷ്ട്ര ചാപ്ലിനായിരുന്ന ഫാ. മാത്യു വെള്ളാങ്കൽ (61), ഓക്ലൻഡ് രൂപതയിലെ കോണ്‍കോർഡ് സെന്റ് ബൊനേവെഞ്ച്വർ പള്ളി വികാരിയാണ്. മൂവാറ്റുപുഴ രണ്ടാർ വെള്ളാങ്കൽ കുര്യാക്കോസ് -ഏല്യാക്കുട്ടി ദന്പതികളുടെ മൂന്നാമത്തെ മകനാണ്. മൃതദേഹം രണ്ടാർ സെന്റ് മൈക്കിൾസ് ഇടവകപള്ളിയിൽ സംസ്കരിക്കും.