വൈദികന്റെ മുന്നില്‍ ചിറകുമായൊരു മാലാഖ പ്രത്യക്ഷപ്പെട്ടപ്പോള്‍
ആകാശത്ത് ഭാരമില്ലാതെ തെന്നിനീങ്ങുന്ന വെണ്‍മേഘങ്ങള്‍ എവിടെനിന്നുവരുന്നു, അവ എവിടേക്കു പോകുന്നു എന്നു നിരന്തരം ചോദിച്ചിരുന്ന എട്ടുംപൊട്ടും തിരിയാത്ത ഒരു കുട്ടിയുണ്ടായിരുന്നു. അതു ഞാനായിരുന്നു.
അന്ന് എനിക്കേറ്റം സ്വീകാര്യമായ ഉത്തരം തന്നത് എെന്നക്കാള്‍ ഒന്നോ രണ്ടോ വയസ്സിനു മൂപ്പുണ്ടായിരുന്ന എന്റെ പെങ്ങളായിരുന്നു. ഷീബചേച്ചി പറഞ്ഞു തന്നു: ആകാശത്തെ വെണ്‍മേഘങ്ങള്‍ മാലാഖമാരാണ്; ദൈവത്തില്‍ നിന്നു വന്ന് ദൈവത്തിലേക്കു പറക്കുന്ന മാലാഖമാര്‍. മരിക്കുന്നവരൊക്കെ വെണ്‍മേഘങ്ങളായി മാറി സ്‌നേഹിക്കുന്നവരുടെ കൂടെ സഞ്ചരിച്ചുകൊണ്ടിരിക്കും. നാം എവിടെ പോയാലും നമ്മെ സംരക്ഷിക്കാന്‍ അവര്‍ കൂടെ വരും… പിന്നീട് ആകാശത്തേക്ക് നോക്കി നടക്കുന്നതു തന്നെ പറഞ്ഞറിയിക്കാനാവാത്ത ആനന്ദം തരുന്ന അനുഭവമായി മാറി.
ഓര്‍മവയ്ക്കും മുമ്പേ മരിച്ച അപ്പൂപ്പനും അമ്മയും എല്ലാവരെയും കരിയിപ്പിച്ച് കടന്നുപോയ സരോജിനി ടീച്ചറും ഞങ്ങളുടെ കണ്ണീര്‍ മഴയൊന്നും കാണാതെ പാതിയടച്ച കണ്ണുകളോടെ ചെറുചിരിയുമായി ഉറങ്ങിക്കിടന്ന കണ്ണനും മുഷിഞ്ഞ മുണ്ടിന്റെ കോന്തലയില്‍ ഞങ്ങള്‍ക്കായി പരിപ്പുവട കാത്തുവച്ച് വഴിയോരത്ത് കാത്തുനില്ക്കുമായിരുന്ന രാമന്‍ മൂപ്പരുമൊക്കെ ഇനിയിങ്ങനെ ആകാശത്തു നിറഞ്ഞു നില്ക്കും. നടവഴികളിലൊക്കെ സ്‌നേഹം വന്നു പൊതിയുന്ന പോലെ. ഒരിടത്തും പേടിതോന്നിയിരുന്നില്ല. വെണ്‍മേഘങ്ങള്‍ എവിടെയും നിറഞ്ഞുനില്ക്കുകയല്ലേ. രാത്രിയിലെ പേടിമാറ്റാന്‍ രണ്ടുമൂന്നു കാര്യങ്ങളും ഷീബചേച്ചി പഠിപ്പിച്ചുതന്നു. രാത്രിയില്‍ ഒറ്റയ്ക്കു കടയില്‍ പോയി വരുമ്പോള്‍ കപ്പേളയ്ക്കു മുന്നില്‍ ആരെങ്കിലും തിരി തെളിയിച്ചിട്ടുണ്ടാവും എല്ലാ സന്ധ്യക്കും. വീടിനു പുറകു വശത്തായുളള അമ്പലത്തിലെ ദേവിക്ക് സമയാസമയങ്ങളില്‍ നടക്കാനിറങ്ങുന്ന പതിവുണ്ട്. വഴികളില്‍ തീനാവുകള്‍ എറിഞ്ഞും ചിലപ്പോള്‍ വഴിയില്‍ കാണുന്ന കുസൃതിപിളേളരുടെ ചോരകുടിച്ചും… നല്ല പിളേളരെയൊക്കെ ദേവി ഒഴിവാക്കും. നല്ല പിളേളരെ! നല്ലതേയല്ലാത്ത ഞാന്‍ പിന്നെ പേടിക്കാതെ തരമില്ലല്ലോ. അപ്പോഴാണ് ചേച്ചിയുടെ ഉപദേശം: കപ്പേളയിലെ വെട്ടം നോക്കി നടന്നാല്‍ മതി. കപ്പേളയും വെട്ടവുമില്ലാത്ത സ്ഥലങ്ങളില്‍ എന്തു ചെയ്യും? കാവല്‍മാലാഖയുടെ പടം ഓര്‍ത്താല്‍ മതി. കാവല്‍മാലാഖയുടെ ചിത്രം ആദ്യമായി ഞാന്‍ കണ്ടത് തൊട്ടയല്‍പക്കത്തുളള മേരിടീച്ചറുടെ വീട്ടില്‍. അവരുടെ വീട്ടിലെ സ്ഥിരസന്ദര്‍ശകര്‍ ഞങ്ങള്‍. അവിടെ സ്‌നേഹവും കാരക്കയുമെല്ലാം ഞങ്ങള്‍ക്കായി താഴേക്ക് ഊര്‍ന്ന് വീണുകൊണ്ടിരിക്കും. അവരുടെ വീട്ടിന്റെ ഭിത്തിയിലാണ് മാലാഖയുടെ ചിത്രം. വെളളച്ചാട്ടത്തിനു കുറുകെയുളള മരപ്പാലത്തിലൂടെ നടക്കുന്ന രണ്ടു കുഞ്ഞുങ്ങള്‍. വിളളലുളള പാലത്തിലൂടെ ഇരമ്പിപ്പായുന്ന വെളളച്ചാട്ടത്തിനു മീതേ നടന്നിട്ടും പേടിയേയില്ലാത്ത കുഞ്ഞുങ്ങള്‍. കൂട്ടായി പിന്നില്‍ ചിറകുവിരിച്ചു നില്കുന്ന കാവല്‍മാലാഖ. ഞാന്‍ ഇതുപോലെ ഇഷ്ടപ്പെടുന്ന വേറൊരു ചിത്രം ഉണ്ടാകാനിടയില്ല. ഇന്നും ‘മാലാഖ’ എന്ന പദം തന്നെ എന്റെ ഉളളുനിറയ്ക്കും.
എന്റെ ചേച്ചി മാലാഖ തന്നെയായിരുന്നു. ബുദ്ധിയിലും കഴിവുകളിലും ഗുണങ്ങളിലും മുന്നേ പറക്കുന്നൊരു പക്ഷി. ചുറുചുറുക്കിന്റെ ആള്‍രൂപം. കളിമണ്ണില്‍ പളളികള്‍ പണിതും, ചായയും ചപ്പാത്തിയും കൊണ്ട് കുര്‍ബാന ചൊല്ലിയും, വീടിനു ചുറ്റും പ്രദക്ഷിണം നടത്തിയും ആറ്റുനോറ്റു സൂക്ഷിച്ച കോഴികുഞ്ഞുങ്ങള്‍ ചത്തുപോകുമ്പോള്‍ അവയ്ക്ക് സാഘോഷമായ ശവസംസ്‌ക്കാരം നടത്തിയും തണുപ്പുകാലത്ത് പട്ടിക്കു തണുക്കുമെന്നു കരുതി ഷര്‍ട്ടിടീപ്പിച്ച് കൂടെകിടത്തിയതും, ജീവിതത്തിന്റെ എല്ലാ പച്ചപ്പുകളോടും കൂടി ‘ഒണക്കമാസാചരണം’ നടത്തിയും, ചിരിച്ചാര്‍ത്തു കളിച്ചും കളിക്കിടയില്‍ പിണങ്ങിയും പിണങ്ങിയ കൂട്ടുകാര്‍ക്കുളള ക്ഷമാപണകത്തുകളുമായി അവര്‍ വരുന്ന വഴിയില്‍ കാത്തു നിന്നും… ഞങ്ങള്‍ ജീവിതം ആഘോഷിച്ചു.
ഭയമില്ലാതെ ഞങ്ങള്‍ ചെന്നുചേര്‍ന്നിരുന്ന ഇടമായിരുന്നു പളളിമുറ്റം. ‘കുഞ്ഞുങ്ങളുടെ കളിചിരികള്‍ കണ്ടുനിന്ന ദൈവം പൂജാരിയെ മറന്നുപോയി’ എന്ന് ടാഗോര്‍ എഴുതിയിട്ടുണ്ട്. കര്‍ത്താവ് ഞങ്ങള്‍ കുഞ്ഞുങ്ങളുടെ കൂടെ ഓടിക്കളിച്ചു നടന്നു. ക്രിസ്മസിനു ഉണ്ണീശോക്ക് സമ്മാനമായി ആരും കാണാതെ ഞങ്ങള്‍ ശര്‍ക്കരമിഠായിയും ഉപ്പിലിട്ട കാരക്കയും സമര്‍പ്പിച്ചു. ദു:ഖവെളളിയാഴ്ച യേശുവിന്റെ പ്രാണന്‍ വെടിഞ്ഞ ദേഹം കണ്ട് ഞങ്ങള്‍ ആര്‍ത്തു കരഞ്ഞു.
വേനലൊഴിവുകളും ഈശോയെ സ്വീകരിക്കാനുളള ഒരുക്കക്കാലമായിരുന്നു. വാവാ യേശുനാഥാ എന്നു പാടുമ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. ആദ്യകുര്‍ബാന സ്വീകരണം കഴിഞ്ഞ് കാറ്റില്‍പറക്കുന്ന വെളളവസ്ത്രങ്ങളണിഞ്ഞ് അടിവച്ചടിവെച്ച് നടന്നുവന്ന പെങ്ങളെ ഞാനോര്‍ക്കുന്നു. പിന്നെ അങ്ങനെ പെങ്ങള്‍ നടന്നിട്ടില്ല. പോളിയോ ആദ്യം വിരുന്നുകാരനായെത്തി. പിന്നെ ആ പാവം ശരീരത്തിലെ സ്ഥിരതാമസക്കാരനായി. കഴുത്തിനു താഴെ പൂര്‍ണ്ണമായും തളര്‍ന്ന എന്റെ ചേച്ചി കട്ടിലില്‍ ഉടഞ്ഞ കപ്പേളപോലെ കിടന്നു.
കപ്പേളയ്ക്കു മുന്നില്‍ അപ്പോഴും വെട്ടമുണ്ടായിരുന്നു. വെട്ടം നോക്കിയിരുന്ന് ഞാന്‍ പേടിയകറ്റി. ഡോക്ടര്‍മാര്‍ മാറിമാറി വന്നു. മരുന്നുകള്‍ മാറിമാറി പരീക്ഷിച്ചു. അവസാനം അനവധി വൈദ്യന്മാരുടെ സഹായത്തോടെ തീര്‍ത്തും വികലാംഗയായി മാറി അവര്‍. പക്ഷേ, ചേച്ചിയുടെ ജീവിതം തുടങ്ങുന്നേയുണ്ടായിരുന്നുളളൂ. വികലമായ ശരീരം അക്ഷരാര്‍ത്ഥത്തില്‍ വിമലാലയമാക്കി മാറ്റി ചേച്ചി. പരാതികളില്ലാതെ, പരിഭവമുയര്‍ത്താതെ സദാ ദീപ്തമായ മൂകസാന്നിധ്യം പോലെ…
റിഡേഴ്‌സ് ഡൈജസ്റ്റില്‍ കാണാനിടവന്ന ഒരു ചെറുപ്പക്കാരന്റെ ലാവണ്യമുളള ജീവിതചിത്രമുണ്ട്. കോളെജിലെ all in all ആയിരുന്നു അയാള്‍. ബോണ്‍ ക്യാന്‍സര്‍ വന്ന് വലതുകാല്‍ നീക്കം ചെയ്യേണ്ടി വന്നു. ആളുകള്‍ വിധിയെഴുതി. പഴയ ഓള്‍റൗഡര്‍ ഇനിയില്ല. പാവം!
പക്ഷേ അവന്റെ ഡയറിയില്‍ അവന്‍ കുറിച്ചു I will not allow my handicap to handicap me… ‘എന്റെ വികലാംഗത്വം എന്നെ വികലനാക്കാന്‍ ഞാന്‍ അനുവദിക്കില്ല’.
I am greater than my handicaps…
ഷീബചേച്ചിക്കും ഇതേ മനോഭാവമായിരുന്നെന്നു തോന്നുന്നു. വളഞ്ഞുപോയ വിരലുകള്‍ക്കിടയില്‍ പേന ചേര്‍ത്ത് വെച്ച് എത്രയെത്ര പേര്‍ക്ക് ആശ്വാസവചനങ്ങള്‍ എഴുതി അയച്ചു. എത്രയെത്ര ആശംസാകാര്‍ഡുകള്‍, എത്രയെത്ര ഓര്‍മപ്പെടുത്തലുകള്‍! ദൈവത്തിന്റെ സന്തോഷം പോലെ ഒരാള്‍ നമുക്കു മുന്നില്‍ ചിരിതൂകി കിടക്കുകയാണ്.
ആ ചിരി അപൂര്‍വ്വമായേ മാഞ്ഞിരുന്നുളളൂ എന്ന് അത്ഭുതത്തോടെ ഞാനിന്നോര്‍ക്കുന്നു. ഒരു വേനല്‍ ഒഴിവുകാലം. സെമിനാരിയില്‍ നിന്നും അവധിക്കു വന്നതാണ് ഞാന്‍. വീട്ടില്‍ അമ്മയും ആരും ഇല്ലെന്നും മനസ്സിലായി. പെങ്ങളുടെ മുറിയില്‍ നിന്ന് ഉയരുന്ന കരച്ചില്‍. അവിടെ കണ്ട ചെറുകാഴ്ച എത്രവലിയ വേദന തന്നു എന്നു പറയാനാവില്ല. ഒരു കോഴി എങ്ങനെയോ മുറിയില്‍ കയറി. പെങ്ങള്‍ കിടക്കുന്ന കട്ടിലിലേക്ക് അതു ചാടിക്കയറിക്കാണണം. പെങ്ങളും കോഴിയും ഒരുപോലെ പേടിച്ചു കാണണം. അങ്ങോട്ടുമിങ്ങോട്ടു ഓടുന്ന കോഴി. തീര്‍ത്തും നിസ്സഹായതയില്‍ ഒരു കോഴിയെപോലും ഓടിച്ചു കളയാനാവാതെ കിടക്കുന്ന പാവം എന്റെ ചേച്ചി. ചിറകൊടിഞ്ഞ മാലാഖ. ചെറിയ മുറിപ്പാടുകളില്‍ ചോര പൊടിഞ്ഞുതുടങ്ങുന്നു. ക്ഷോഭം എന്നെ കീഴടക്കിയതുകൊണ്ടാണ് ഞാനന്ന് കരയാതിരുന്നത്. ഞാന്‍ ദൈവത്തോടു കലഹിച്ചു. ഞാന്‍ ദൈവത്തോടു കയര്‍ത്തു. പക്ഷേ, പെങ്ങളാകട്ടെ ഒരു ദു:ഖത്തിന്റെ വെയിലാറുന്ന മനസ്സില്‍ പേരിടാനാവാത്ത ഏതോ പൂവിരിയിച്ച് കിടക്കുകയാണ്. ദൈവമേ ഇങ്ങനെയും മനുഷ്യരോ!
പഴയൊരു സിനിമയിലെ ഏറെ പ്രചാരത്തിലുളെളാരു ഗാനം ഏറെ ഇഷ്ടത്തോടെ പാടുമായിരുന്നു ഷീബചേച്ചി.
പൊട്ടാത്ത പെന്നിന്‍കിനാവുകൊണ്ടൊരു
പട്ടുനൂലൂഞ്ഞാലുകെട്ടി ഞാന്‍…
ഒരാളെ സ്വര്‍ഗ്ഗത്തോളമുയര്‍ത്തുന്ന ആ പട്ടുനൂലൂഞ്ഞാല്‍ ഞാന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നതാണ് സത്യം; സ്വര്‍ഗ്ഗത്തോളം ഉയര്‍ന്നിട്ടുമില്ല.
2004 ജനുവരി 4
പഠനാര്‍ത്ഥം മറുനാട്ടില്‍ താമസിക്കുന്ന എന്നെ തേടി അതിരാവിലെ ഒരു ഫോണ്‍കോള്‍ ‘ഷീബചേച്ചി മരിച്ചു’. 27 വര്‍ഷക്കാലം ഒരു കട്ടിലില്‍ കിടന്നു രാജ്യം വാണ രാജകുമാരി പുറപ്പെടുകയാണ്. പോളിയോ തളര്‍ത്തിയ ആ ശരീരത്തിലും കടന്നുകൂടി ക്യാന്‍സര്‍. മരിച്ചതാകട്ടെ മെനഞ്ചൈറ്റിസ് വന്നും.
തണുപ്പിഴയുന്ന ഒരു ഞായറാഴ്ചയായിരുന്നു അത്. രാവിലെ മുതല്‍ പല പരിപാടികള്‍. ക്ലാസുകള്‍, കല്യാണം, യുവജനസെമിനാര്‍, ഫിലിപ്പിനോകള്‍ക്ക് ക്ലാസുകള്‍ക്കിടയില്‍ ഒരുപാട് തമാശകള്‍ വേണം, ചിരിവേണം, പാട്ടുവേണം, ആട്ടംവേണം… എന്റെ പെങ്ങള്‍ അകലെയെങ്ങോ വിറങ്ങലിച്ചു കിടക്കുന്നു എന്നു അവരോടു പറയാന്‍ വയ്യ. ഞാന്‍ തമാശകള്‍ പറയുന്നു, ചിരിപ്പിക്കുന്നു, പാടുന്നു, ആടുന്നു, ഇടയ്ക്കിടെ വീട്ടില്‍ നിന്നു മൊബൈല്‍ സന്ദേശങ്ങള്‍ ‘ഇപ്പോള്‍ വെളളവസ്ത്രമണിയിച്ച് കിടത്തിയിരിക്കുന്നു… ഇപ്പോള്‍ വിലാപ യാത്ര ആരംഭിച്ചു… ഇതാ കുര്‍ബാന തുടങ്ങുകയായി…ഞാന്‍ വീണ്ടും തമാശ പറയുന്നു. ചിരിക്കുന്നു (കരച്ചില്‍ മുട്ടി നില്‍ക്കുന്നൊരു ചിരി)
കെട്ടിയാട്ടങ്ങള്‍ എല്ലാം കഴിഞ്ഞ് മുറിയില്‍ തിരിച്ചെത്തുമ്പോള്‍ വൈകുന്നേരം 5.30. നാട്ടില്‍ ഇപ്പോള്‍ സിമിത്തേരിയില്‍ നിന്ന് അവസാനയാളും മടങ്ങിക്കാണണം. വിടവാക്കുപോലും ചൊല്ലാതെ മടങ്ങിപ്പോയ പ്രിയപ്പെട്ടൊരാളുടെ ഓര്‍മയില്‍ വിറങ്ങലിച്ച് ഒറ്റയ്ക്ക്, തീര്‍ത്തും ഒറ്റയ്ക്ക് ഞാന്‍.
തുറന്നിട്ട ജനാലയിലൂടെ പുറത്തേക്ക് നോക്കി. അപ്പോഴും ആകാശത്ത് തെന്നി നീങ്ങുന്ന ഒരു വെണ്‍മേഘം. ഞാന്‍ പുഞ്ചിരിച്ചു, കണ്ണീരണിഞ്ഞൊരു പുഞ്ചിരി. പിന്നെ വിചിത്രമായൊരു കാഴ്ച എന്നെ തേടിയെത്തി. മുറിയില്‍ ഒരുതരം വെട്ടം വന്നു നിറഞ്ഞു. തിളങ്ങുന്നൊരു വെട്ടം. നിമിഷങ്ങള്‍ക്കുളളില്‍ ആകാശത്തേക്കെങ്ങോ വെട്ടം പോയ് മറഞ്ഞു.
ഞാന്‍ മയങ്ങുകയായിരുന്നില്ല. കിനാവുകണ്ടതുമല്ല. ഞാന്‍ കണ്ടു, കണ്ടവ വിശ്വസിച്ചു… കണ്ടതെല്ലാം ശരിയാണെന്ന് മറ്റുളളവര്‍ അംഗീകരിക്കണമെന്ന ശാഠ്യമേതുമില്ല എനിക്ക്. ഒരു കാര്യം ഞാന്‍ മനസ്സിലാക്കി. യാത്രികന്റെ സഞ്ചാരപഥം മാത്രമാണീലോകം. വീടുതേടിയുളള യാത്രയ്ക്കിടയിലെ ഇടവേള ചെലവഴിക്കാനുളള ഇടത്താവളം. ഷീബചേച്ചി വീടണഞ്ഞു… വെട്ടം ഒരു സന്ദേശമായിരുന്നു. ഇടനാഴികളില്‍ മുഴുവന്‍ ചെരാതുകള്‍ കത്തിച്ചുവെച്ച്, ഇടവേളകളെ മുഴുവന്‍ സംഗീതസാന്ദ്രമാക്കി ഒരാള്‍ നടന്നുപോയി… മെല്ലേ വീടണഞ്ഞു. ഞാന്‍ ചിരിച്ചു. പിന്നെ ഞാനൊരു പാട്ട് എഴുതാനാരംഭിച്ചു:
‘ചിറകൊടിഞ്ഞൊരു നേരം
ചിറകുമായൊരു മാലാഖ
അരികില്‍വന്നു ചിറകുതന്നു
ഹൃദയവായ്പ്പാല്‍ ബലമേകീ…’
പാട്ട് പിന്നീട് സിഡിയില്‍ കേട്ടവര്‍ പറഞ്ഞു. പാട്ടവരെ സൗമ്യമായി തൊടുന്നുവെന്ന്. അങ്ങനെയാവാതെ തരമില്ല. കാരണം ആ പാട്ടിന്റെ വരികള്‍ എന്റേതായിരുന്നില്ല, ഈണവും എന്റേതായിരുന്നില്ല.
കാലത്തിനതീതമായ ലോകത്തിരുന്നൊരാള്‍ പാടുകയായിരുന്നു;
ഞാന്‍ കേട്ടെഴുതുകയും, കേട്ടുപാടുകയും. കവിയാകാന്‍ തുടങ്ങിയ ഞാന്‍ ഗാനമാകാന്‍ പഠിച്ചു. ഇനി ഇരുളിലെ പാട്ടും നൃത്തവും ആരും എടുത്തുകളയാന്‍ ഞാന്‍ അനുവദിക്കില്ല. കാരണം ചിറകുമായൊരു മാലാഖ അരികില്‍ വന്നു പറഞ്ഞുതരുന്നു. എന്തും ഏതും നന്മയായ് മാറ്റിടുന്നു നിന്‍ ദൈവം…
~ ഫാ. വിന്‍സെന്റ് വാര്യത്ത് ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.